പന്തളം: ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റ് ചെയ്ത് ജയിലിടക്കപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വീണ്ടും ശബരിമലയ്ക്ക്. പന്തളം കൊട്ടാരത്തില്‍ നിന്നാണ് സുരേന്ദ്രന് യാത്ര ആരംഭിക്കുന്നത്. നവംബര്‍ 17 ന് നിലയ്ക്കലില്‍ വെച്ച് ശബരില പ്രക്ഷോഭത്തിന്റെ ഭാഗമായി അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ മാറ്റിവെച്ച അതേ ഇരുമുടിക്കെട്ടുമായാണ് സുരേന്ദ്രന് മല കയറുക. ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് മലകയറ്റം.
ശബരിമലയില്‍ സത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ നടന്ന പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് ശബരിമലയിലേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നായിരുന്നു സുരേന്ദ്രനും ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡണ്ട് എ നാഗേഷും ഉള്‍പ്പെടെയുള്ള സംഘത്തെ നിലയ്ക്കലില്‍ പൊലീസ് തടഞ്ഞത്. ഏറെ നേരത്തെ വാക്കുതര്‍ക്കത്തിനുശേഷം സുരേന്ദ്രനും സംഘവും പൊലീസ് എതിര്‍പ്പ് മറികടന്ന് മുന്നോട്ടുനീങ്ങാന്‍ ശ്രമിച്ചെങ്കിലും അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.
Also Read: വിലക്ക് നീങ്ങി; കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ കടക്കാം
നിലയ്ക്കലില്‍ നിന്ന് അറസ്റ്റ് ചെയ്ത സുരേന്ദ്രനെ ചിറ്റാര്‍ പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് വൈദ്യപരിശോധനയ്ക്ക് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. മജിസ്ട്രേട്ടിന്റെ വീട്ടില്‍ ഹാജരാക്കിയ സുരേന്ദ്രനെ ചിത്തിര ആട്ടവിശേഷദിവസം സന്നിധാനത്ത് 53 കാരിയെ ആക്രമിച്ച കേസിലെ ഗൂഡാലോചനക്കുറ്റത്തിന് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. സംഘം ചേരുക, പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീകുറ്റങ്ങളും സുരേന്ദ്രനുമേല്‍ ചുമത്തിയിരുന്നു.
നേരത്തെ പ്രതിചേര്‍ക്കപ്പെട്ട വിവിധ കേസുകളുമായി ബന്ധപ്പെ് പല കോടതികളിലും ഹാജരാക്കപ്പെട്ട സുരേന്ദ്രന് 21 ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു പുറത്തിറങ്ങുന്നത്. പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നുള്‍പ്പെടെയുള്ള കര്‍ശന ഉപാധികളോടെ ഡിസംബര്‍ എട്ടിനായിരുന്നു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇദ്ദേഹം മോചിതനാകുന്നത്.
Dont Miss: സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന്; വാറണ്ടുള്ളതിനാല്‍ ജയില്‍ മോചനം വൈകും
പീന്നീട് ജനുവരി 11 ന് മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുതേടി ഹൈക്കോടതിയ സമീപിച്ചെങ്കിലും സ്ഥിതിഗതികള്‍ ശാന്തമായ ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്ക്കുമോയെന്നായിരുന്നു കോടതിയുടെ ചോദ്യം.
ഈ മാസം അഞ്ചാം തീയതിയോടെയായിരുന്നു പത്തനംതിട്ടജില്ലയില്‍ പ്രവേശിക്കാന്‍ സുരേന്ദ്രന് ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങുന്നത്. തുടര്‍ന്ന് പത്തനംതിട്ടയില്‍ നടന്ന ബിജെപിയുടെ ദക്ഷിണമേഖലാ പരിവര്‍ത്തന്‍ യാത്രയില്‍ സുരേന്ദ്രന് പങ്കെടുത്തിരുന്നു. ശബരിമലയില്‍ ഉത്സവം നടക്കവേയാണ് നാല് മാസങ്ങള്‍ക്ക് മുമ്പേ മുടങ്ങിയ യാത്ര സുരേന്ദ്രന് വീണ്ടും തുടങ്ങുന്നത്. ബുധനാഴ്ച പള്ളിവേട്ടയ്ക്ക് ശേഷം അടയ്ക്കുന്ന നട വ്യാഴാഴ്ച വൈകീട്ട് മാത്രമേ ഇനി തുറക്കുകയുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി