കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്തിൽ സിപിഎമ്മിൻ്റെ പങ്ക് വ്യക്തമായതായി ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. സഹകരണ ബാങ്ക് വഴിയാണ് സ്വർണ്ണക്കടത്ത് പണമിടപാട് നടന്നത്. കള്ളക്കടത്തിന് ഉപയോഗിച്ച കാർ സി പി എം നേതാവിൻ്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിൻ്റെ ജീവനക്കാരനാണ് ഇയാൾ. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിൻ്റെ നടത്തിപ്പുകാരൻ. ഇയാൾക്കും അർജുൻ ആയങ്കിയുമായി നല്ല ബന്ധമാണുള്ളത്.
രാമനാട്ടുകര സംഭവത്തിന് പിന്നിൽ സി പി എമ്മിൻ്റെ നേതൃത്വത്തിലുള്ളവരുടെ കള്ളക്കടത്ത് സംഘമാണെന്ന് ബി ജെ പി നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം എവിടെയും എത്താത്തതിന് കാരണം ഇതിന് പിന്നിൽ സി പി എമ്മിൻ്റെ ഗുണ്ടകളും സൈബർ സഖാക്കളുമായതുകൊണ്ടാണ്. കേസ് സി പി എമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂർ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സി പി എമ്മിൻ്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്യമുള്ളവരാണ് പ്രതികൾ. തിരുവനന്തപുരം അന്താരാഷ്ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാർ മേഖലയിലെ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം കൊട്ടേഷൻ സംഘത്തിനെ പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പാർട്ടി.
കള്ളക്കടത്ത് നടത്തുന്നതും സമരം ചെയ്യുന്നതും സിപിഎമ്മാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
കേരളത്തിൽ അഞ്ചു കൊല്ലം കൊണ്ട് എത്ര സ്ത്രീ പീഡനമാണ് നടക്കുന്നത്. വനിതാ കമ്മീഷൻ അദ്ധ്യക്ഷ തന്നെ പരസ്യമായി പൊലീസിനെ തള്ളിപറയുന്നു. വനിതാ കമ്മീഷൻ സ്ഥാനത്തിരുന്ന് കുറ്റവാളികൾക്ക് അനുകൂലമായി സംസാരിച്ച ജോസഫൈനെ എന്തുകൊണ്ടാണ് കേന്ദ്ര കമ്മിറ്റിയിൽ നിന്നും മാറ്റാത്തത്?
Also Read-
കള്ളക്കടത്തുകാര്‍ക്ക് ലൈക്ക് ചെയ്യുന്നവരും, സ്നേഹ ആശംസ അര്‍പ്പിക്കുന്നവരും തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു': DYFI
മരം മുറിക്ക് പിന്നിലും സി പി എം തന്നെയാണ്. കള്ളക്കടത്തും മരംമുറിയും സ്ത്രീപീഡനവും എല്ലാം സർക്കാരിൻ്റെ തണലിലാണ് നടക്കുന്നത്. ഈ കേസുകളെല്ലാം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം. സ്വർണ്ണക്കടത്ത് കേസുകളിൽ പൊലീസ് കസ്റ്റംസിനോട് നിസഹകരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴൽപ്പണ വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. ഹവാല പണമിടപാടുമായി ബന്ധപ്പെട്ട് പ്രസീത അഴീക്കലുമായി ഫോണിൽ സംസാരിച്ച കാര്യത്തെക്കുറിച്ച് വ്യക്തമായ മറുപടി നൽകാൻ സുരേന്ദ്രൻ തയ്യാറായില്ല. പുറത്തു വന്ന ശബ്ദ സന്ദേശം തൻ്റെതല്ലെന്ന് പറഞ്ഞ് നിഷേധിക്കാനും സുരേന്ദ്രൻ തയ്യാറായില്ല. അന്വേഷണം നടക്കുന്ന കാര്യത്തിൽ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് സുരേന്ദ്രൻ ഒഴിഞ്ഞുമാറി. തന്നെ ചിലർ കൊടും ഭീകരനാക്കാൻ ശ്രമിക്കുകയാണ്. അത് നടക്കില്ല സത്യം പുറത്തു വരട്ടെ.
സി കെ ജാനുവിന് പണം നൽകിയ വിവാദത്തിലും സുരേന്ദ്രൻ കൃത്യമായ മറുപടി നൽകിയില്ല. വയനാട്ടിൽ ബിജെപിയിൽ പ്രശ്നങ്ങളൊന്നുമില്ല. യുവമോർച്ചാ പ്രവർത്തകരെ സംഘടനയിൽ നിന്ന് പുറത്താക്കിയെങ്കിൽ അതിന് കാരണവുമുണ്ടാകും. യുവമോർച്ചയിലെ കാര്യങ്ങളെല്ലാം തന്നോട് ചർച്ച ചെയ്തല്ല നടപ്പാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ഇതിനിടെ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബത്തേരി നിയോജക മണ്ഡലത്തിലെ യുവമോർച്ചാ പ്രവർത്തകർ ഔദ്യോഗിക ഭാരവാഹിത്വം രാജിവച്ചു. യുവമോർച്ചാ ബത്തേരി നിയോജക മണ്ഡലത്തിൻ്റെ ഫെയ്സ് ബുക്ക് പേജിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.