കോഴിക്കോട്: ലൈഫ് മിഷൻ അഴിമതി സി.ബി.ഐ. അന്വേഷിക്കരുതെന്ന സംസ്ഥാന സർക്കാറിന്റെ ഹർജി ഹൈക്കോടതി തള്ളിയതോടെ പിണറായി സർക്കാരിന്റെ അവസാനത്തെ പ്രതിരോധവും പൊളിഞ്ഞെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രാഥമികമായി വിദേശ പണകൈമാറ്റ നിയമ ലംഘനമുണ്ടായെന്ന സി.ബി.ഐയുടെ വാദം കോടതി അംഗീകരിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയാണ്.
ദേശീയ അന്വേഷണ ഏജൻസികൾക്കെതിരായ മുഖ്യമന്ത്രിയുടെ ആരോപണത്തിന്റെ മുന ഒടിഞ്ഞു കഴിഞ്ഞു. ദേശീയ ഏജൻസികൾക്കെതിരായി സമരം ചെയ്തത് പോലെ ഇനി ഹൈക്കോടതിക്കെതിരെയും സി.പി.എം. സമരം ചെയ്യുമോയെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ ചോദിച്ചു.
സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായ സി.ബി.ഐ അന്വേഷണംതുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെ മൂടിവെച്ച സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും. കേസിൽ കക്ഷി ചേരാനുള്ള സർക്കാരിന്റെ നീക്കവും കോടതി നിഷേധിച്ചിരിക്കുകയാണ്. ലൈഫ് മിഷൻ സി.ഇ.ഒക്കെതിരായ അന്വേഷണത്തിന് സർക്കാർ തടയിടാൻ ശ്രമിച്ചത് അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമെന്ന ഭയം കാരണമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഓഡിറ്റ് ഒഴിവാക്കാനാണ് ധാരണാപത്രം ഒപ്പിട്ടതെന്ന ബി.ജെ.പിയുടെ ആരോപണം കോടതി അംഗീകരിച്ചു. ഈ വിധി അഴിമതിക്കെതിരായ പോരാട്ടത്തിന് കരുത്തുപകരും. സർക്കാർ തലത്തിൽ പ്രധാന ഫയലുകൾ സി.ബി.ഐയെ ഏൽപ്പിക്കാതിരുന്നതാണ് കേസിന്റെ വേഗതകുറയാനുണ്ടായ കാരണം. കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിജിലൻസ് കൈവശം വെച്ചിരിക്കുന്ന എല്ലാ പ്രധാന ഫയലുകളും സി.ബി.ഐയ്ക്ക് ഏറ്റെടുക്കാം. ഇത് അന്വേഷണത്തിൽ നിർണായകമാവുമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.