• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളം ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം, ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു: കെ. സുരേന്ദ്രന്‍

കേരളം ഭീകരവാദത്തിന്റെ ബുദ്ധികേന്ദ്രം, ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്നു: കെ. സുരേന്ദ്രന്‍

ഇന്ത്യയില്‍ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയിരിക്കയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
കോഴിക്കോട്: ഇന്ത്യയില്‍ നടക്കുന്ന ഏത് ഭീകരപ്രവര്‍ത്തനങ്ങളുടെയും ബുദ്ധികേന്ദ്രം കേരളമായി മാറിയിരിക്കയാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡണ്ട് (BJP state president) കെ. സുരേന്ദ്രന്‍ (K. Surendran). കേന്ദ്ര സര്‍വ്വകലാശാലകളിലേക്ക് കേരളത്തില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തീവ്രവാദ സംഘങ്ങള്‍ റിക്രൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് വാരിക്കോരി നല്‍കുകയാണെന്നും കെ. സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീനെതിരെ പ്രചരണം നടത്തിയത് മതതീവ്രവാദികളാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ അത് ഏറ്റെടുത്തു. കേരളത്തിലായിരുന്നു ഇതിന്റെ തുടക്കം. രാജ്യവിരുദ്ധ ശക്തികളുടെ പ്രഭവകേന്ദ്രം കേരളമാണ്.

ജെഎന്‍യുവിലെ ഇടത്-ജിഹാദി അജണ്ട പൊളിച്ചപ്പോള്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളായി ഇവരുടെ താവളം. ഇപ്പോള്‍ ഡൽഹി യൂണിവേഴ്‌സിറ്റിയിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്യുകയാണ്. കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ബിജെപി നടത്തിയ ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമാന്തര ടെലിഫോണ്‍ എക്‌സേഞ്ചിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. എന്നാല്‍ ഇപ്പോള്‍ അത് പൊലീസ് കോടതിയില്‍ സമ്മതിച്ചു. അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്. പാലാ ബിഷപ്പ് ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ വേട്ടയാടിയതും ഇതേ മതഭീകരരാണ്.

ബിഷപ്പിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരും ഹാലിളകി വന്നു. ഹാഗിയ സോഫിയ വിഷയത്തില്‍ ക്രിസ്ത്യാനികളെ വേദനിപ്പിക്കുന്ന ലേഖനമെഴുതിയ പാണക്കാട്ടെ തങ്ങള്‍ക്കെതിരെ ആരും പ്രതികരിച്ചില്ല. ജോസഫ് മാഷിന്റെ കൈവെട്ടിയ മതതീവ്രവാദത്തിനെതിരെ സംഘപരിവാറല്ലാതെ ആരെങ്കിലും പ്രതികരിച്ചോ? കമ്മ്യൂണിസ്റ്റുകാര്‍ ആദ്യം ചെയ്തത് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടുകാരെ കൊണ്ട് ചെയ്യിപ്പിക്കുകയാണ് അവരെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നാളെ പാല് കൊടുത്ത കൈക്ക് തന്നെ പോപ്പുലര്‍ ഫ്രണ്ട് കൊത്തും. സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കിയതിനെ ആദ്യം എതിര്‍ത്തത് സിപിഎമ്മാണ്. കോവിഡ് അള്ളാഹുവിന്റെ ശിക്ഷയാണെന്നാണ് സി.പി.എം. നേതാവ് ടി.കെ. ഹംസ പറയുന്നത്. ഇത് എന്തൊരു പാര്‍ട്ടിയാണെന്ന് മനസിലാകുന്നില്ല. മുസ്ലിംങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കി ജീവല്‍ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കുകയാണ് കേരളത്തിലെ പ്രധാന രാഷ്ട്രീയ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരതയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍ പ്രതികരിക്കാത്തത് ആശങ്കാജനകമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രി കേരളത്തിലെ ജനതയെ കോവിഡിന് വിട്ടുകൊടുത്ത് അമേരിക്കയില്‍ പോയിരിക്കയാണെന്ന് കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. 20 ദിവസം കേരളം ഇനി നാഥനില്ലാ കളരിയായിരിക്കും. അമേരിക്ക കേരള സര്‍ക്കാറിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രചരിപ്പിക്കുകയും, സി.പി.എം. നേതാക്കള്‍ അമേരിക്കയിലേക്ക് ചികിത്സക്ക് പോവുകയാണെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ. രഞ്ജിത്ത്, അഡ്വ കെ.പി. പ്രകാശ് ബാബു, ഒ.ബി.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്‍, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന്‍, മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍, ജില്ല സഹപ്രഭാരി കെ. നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.
Published by:user_57
First published: