തിരുവനന്തപുരം: സംസ്ഥാന വനിതാകമ്മീഷന് മുസ്ലിം ലീഗിന്റെ വനിതാ വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയെ പിരിച്ചുവിട്ട വിഷയത്തില്‍ ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. മുസ്ലിംലീഗിന്റെ പ്രത്യക്ഷ സ്ത്രീവിരുദ്ധ-ഫാസിസ്റ്റ് സമീപനത്തിനെതിരെ വനിതാകമ്മീഷന് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സ്വമേധയാ കേസെടുക്കേണ്ട വിഷയത്തില്‍ കമ്മീഷന് നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടലാണ്. പുതിയ അദ്ധ്യക്ഷ വന്നിട്ടും കമ്മീഷന് ഒരു മാറ്റവുമില്ല. സ്ത്രീവിമോചനവാദികളും ആക്ടിവിസ്റ്റുകളും ഇത്രയും വലിയ സ്ത്രീവിരുദ്ധത കണ്ടിട്ടും മൗനം അവലംബിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ താലിബാന് ചെയ്യുന്നതാണ് ഇവിടെ മുസ്ലിംലീഗും ചെയ്യുന്നത്. താലിബാനെ പോലെ സ്ത്രീകളെ അടിമകളാക്കി മാറ്റുന്ന നിലപാടാണ് ലീഗിനുള്ളത്.
താലിബന്റെ അതേ മാതൃകയിലാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്. സഖ്യകക്ഷിയുടെ ഇത്തരം സമീപനത്തിനെതിരെ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് സംശയകരമാണെന്ന് സുരേന്ദ്രന് പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മൗനം തികഞ്ഞ അവസരവാദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.
സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ നാവ് ഇറങ്ങി പോയെന്നും ഹരിത വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും വ്യത്യസ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. 50 കോടിയുടെ വനിതാമതില്‍ കെട്ടിയവര്‍ക്ക് ഇപ്പോള്‍ നവോത്ഥാനമൊന്നും വേണ്ടെന്നും സുരേന്ദ്രന് പറഞ്ഞു.
'പാലാ ബിഷപ്പിന്റെ ആരോപണം വിശദമായി പരിശോധിക്കണം; അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കാം പ്രതികരണം'; കെ സുരേന്ദ്രന്
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടലിന്റെ ആരോപണം വിശദമായി പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. നര്‍കോട്ടിക് ജിഹാദ് പരമാര്‍ശത്തില്‍ വിശദമായ ചര്‍ച്ച വേണമെന്നും അനുഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കാം ബിഷപ്പിന്റെ പ്രതികരണമെന്നും സുരേന്ദ്രന് പറഞ്ഞു. ഭീകരവാദികള്‍ക്ക് മയക്കുമരുന്ന് മാഫിയാ ബന്ധമുണ്ടെന്നും സുരേന്ദ്രന് പറയുന്നു.
നാര്‍ക്കോട്ടിക് ജിഹാദ് എന്ന പേരില്‍ ഒരു ബിഷപ്പ് തന്നെ ആരോപണമുന്നയിക്കുന്നത് ആദ്യമാണ്. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് ബിഷപ്പ് ആരോപിക്കുന്നത്. ഐസ്ക്രീം പാര്‍ലറുകള്‍ ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നും പാലാ ബിഷപ്പ് ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകള്‍ ലഘൂകരിക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യമുണ്ടെന്ന് ജോസഫ് കല്ലറങ്ങാട്ട് ആരോപിക്കുന്നു. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നാണ് ബിഷപ്പിന്റെ മുന്നറിയിപ്പ്. ഏറെക്കാലമായി സഭ രഹസ്യമായും വാര്‍ത്താക്കുറിപ്പായും പുറത്തിറക്കിയ ആരോപണങ്ങളാണു ഒരു ബിഷപ്പ് തന്നെ തുറന്നടിക്കുന്നത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.