കോഴിക്കോട് മുൻ കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. വീട്ടിൽ നേരിട്ടെത്തിയാണ് ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തത്. ദീർഘകാലം കോഴിക്കോട് കോർപറേഷൻ മേയറും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന സിപിഎം നേതാവുമായ തോട്ടത്തിൽ രവീന്ദ്രനെ പാർട്ടിയിൽ എത്തിക്കാനാണ് ബിജെപി നീക്കം നടത്തിയത്.
എതാനും ദിവസങ്ങൾ മുൻപ് അദ്ദേഹത്തിൻ്റെ വസതിയിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ നേരിട്ട് എത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രന് തന്നെ കാണാൻ ആഗ്രഹമുണ്ടെന്ന് അറിയിച്ചത് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായ പി.രഘുനാഥായിരുന്നു. ഇതു പ്രകാരം ഒരു ദിവസം വൈകുന്നേരം ഏഴ് മണിക്കാണ് ഇരുവരും തൻ്റെ വീട്ടിൽ എത്തിയത്. കൂടിക്കാഴ്ച്ച ഒരു മണിക്കൂറോളം ഉണ്ടായിരുന്നു. സൗഹാർദ്ദപരമായിരുന്നു സംസാരം. ഇതിനിടയിലാണ് രവിയേട്ടനെ പോലെ ഉള്ളവർ നമ്മുടെ പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണ്ടവരാണെന്ന അഭിപ്രായം സുരേന്ദ്രൻ പങ്കുവെച്ചതെന്ന് തോട്ടത്തിൽ രവീന്ദ്രൻ ന്യൂസ് 18 നോട് പറഞ്ഞു.
Also Read- 'മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം; പിന്നിൽ പോപ്പുലർ ഫ്രണ്ട്': കെ സുരേന്ദ്രൻഎന്നാൽ 1968 സി.പി.എം അംഗത്വം എടുത്ത തനിക്ക് പാർട്ടി അർഹമായ പരിഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത് വർഷക്കാലം കോഴിക്കോട് കോപറേഷൻ കൗൺസിൽ ഉണ്ടായിരുന്ന താൻ രണ്ട് പ്രാവശ്യം മേയറായി പ്രവർത്തിച്ചിട്ടുണ്ട്. ഒരു പ്രാവശ്യം ഡെപ്യൂട്ടി മേയറായിരുന്നു. ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനവും പാർട്ടി എനിക്ക് നൽകിയിട്ടുണ്ട്. നിലവിൽ പാർട്ടി വിടേണ്ട സാഹചര്യമില്ലെന്നും ഈ കാര്യങ്ങൾ സുരേന്ദ്രനെ ബോധിപ്പിച്ചിട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു.
ഒരുവർഷം മുൻപ് ഇതേ ആവശ്യവുമായി
പി.കെ.കൃഷ്ണദാസും മേയറുടെ ചേംബറിൽ എത്തി ചർച്ച നടത്തിയതായി രവീന്ദ്രൻ പറഞ്ഞു. മറ്റ് ബി.ജെ.പി പ്രവർത്തകർക്കൊപ്പം കോപറേഷനിൽ എത്തിയ കൃഷ്ണദാസ് തന്നെ ഒറ്റയ്ക്ക് കാണുവാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അതിനാൽ എല്ലാവരെയും ഒഴിവാക്കി ഒരു മണിക്കൂറോളമായിരുന്നു ക്യഷ്ണദാസുമായുള്ള കൂടിക്കാഴ്ചയെന്നും രവീന്ദ്രൻ പറഞ്ഞു.
താൻ സി.പി.എം അംഗമാണെങ്കിലും ഒരു തികഞ്ഞ ഈശ്വര വിശ്വാസിയാണ്. അതുകൊണ്ടാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം പാർട്ടി എനിക്ക് നൽകിയത്. ആ കാലഘട്ടത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത്. കഴിഞ്ഞ 48 വർഷമായി തുടർച്ചയായി ശബരിമലയ്ക്ക് പോവുന്ന വ്യക്തിയാണ് ഞാൻ. ഈ വർഷം കോവിഡ് പ്രോട്ടോകോൾ മൂലം പോകുവാൻ കഴിഞ്ഞില്ല. പല ക്ഷേത്രങ്ങളുടെയും ചുമതല വഹിച്ചിട്ടുണ്ട്. പ്രഭാക്ഷണങ്ങൾക്കും പോവാറുണ്ട്.
Also Read-
'വരുമാനം തുലയട്ടെ; ജനം ചാകട്ടെ; മദ്യം നിരോധിച്ചേ പറ്റൂ': ഉമാ ഭാരതിഒരു ദിവസം തുടങ്ങുന്നത് തന്നെ പ്രാർത്ഥനയോടെയാണ്. വിശ്വാസിയാണെങ്കിലും പാർട്ടിയിൽ നിന്നും യാതൊരുവിധ നിയന്ത്രണവും ഉണ്ടായിട്ടില്ല. താൻ നല്ലൊരു വിശ്വാസി ആയതുകൊണ്ടായിരിക്കും ബിജെപിയിലേക്ക് തന്നെ സ്വാഗതം ചെയ്യുവാൻ നേതാക്കൾ എത്തുവാൻ കാരണമെന്നും രവീന്ദ്രൻ വ്യക്തമാക്കി. വിശ്വാസിയായ തനിക്ക് സി.പി.എമ്മിലും അതുപോലെ വിശ്വാസമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തോട്ടത്തിൽ രവീന്ദ്രനുമായി കൂടിക്കാഴ്ച്ച നടത്തിയ കാര്യം കെ.സുരേന്ദ്രനും സ്ഥിരീകരിച്ചു. സൗഹൃദ കൂടികാഴ്ച നടത്തിയിട്ടുണ്ടെന്നും, രവീന്ദ്രനെ ബി ജെ പിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതര പാർട്ടി നേതാക്കളെ കൂടെ കൂട്ടാൻ ചർച്ചകൾ തുടരുകയാണ് ബിജെപി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.