ന്യൂഡൽഹി: പത്തനംതിട്ടയിൽ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയാകാൻ സാധ്യതയേറി. അൽഫോൺസ് കണ്ണന്താനത്തെ എറണാകുളത്തും എ.എൻ രാധാകൃഷ്ണനെ ചാലക്കുടിയിലും മത്സരിപ്പിച്ചേക്കും. കേരളം നൽകിയ സ്ഥാനാർഥി പട്ടികയിൽ അഭിപ്രായ ഭിന്നത നില നിൽക്കുന്നതിനാൽ കേന്ദ്രനേതൃത്വം അന്തിമ തീരുമാനം എടുത്തില്ല.
സംസ്ഥാന നേതൃത്വം നൽകിയ പട്ടികയിൽ പത്തനംതിട്ടയിൽ കെ. സുരേന്ദ്രനെ ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ പേരാണ് പത്തനംതിട്ടയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇതിനെതിരെ ആർ.എസ്.എസ് ശക്തമായി എതിർപ്പുമായി രംഗത്തെത്തിയതോടെ കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ പുനരാലോചന നടത്തുന്നത്. ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിൽ ഉൾപ്പടെ കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനുവേണ്ടി പ്രവർത്തകരുടെ മുറവിളി ഉണ്ടായിരുന്നു. പത്തനംതിട്ടയെച്ചൊല്ലിയുള്ള ഭിന്നതയാണ് ബിജെപിയിലെ സ്ഥാനാർത്ഥി നിർണയം വൈകിപ്പിക്കുന്നത്.
വടക്കുകിഴക്കന്‍ മേഖലയിൽ BJPക്ക് തിരിച്ചടി: സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പാർട്ടി വിട്ടത് ഇരുപത്തിയഞ്ചോളം നേതാക്കള്‍
അതിനിടെ കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൺസ് കണ്ണന്താനത്തെ എറണാകുളത്ത് മത്സരിപ്പിക്കാനുള്ള സാധ്യതയും വർദ്ധിച്ചു. കണ്ണന്താനത്തെ കൊല്ലത്തേക്ക് പരിഗണിച്ചിരുന്നു. ഇതിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തി അദ്ദേഹം രംഗത്തെത്തി. കൊല്ലത്തേക്കാൾ ഭേദം മലപ്പുറം ആണെന്നായിരുന്നു കണ്ണന്താനം പറഞ്ഞത്. കണ്ണന്താനം എറണാകുളത്ത് മത്സരിക്കുകയാണെങ്കിൽ അവിടെ പരിഗണിച്ചിരുന്ന എ.എൻ രാധാകൃഷ്ണനെ ചാലക്കുടിയിൽ മത്സരിപ്പിക്കുമെന്നാണ് സൂചന.
കേരളത്തിലെ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് ഇന്നലെ രാത്രി വൈകി നടന്ന ചർച്ചയിൽ ഏകദേശം ധാരണയായി. ഇന്ന് അമിത് ഷായുടെ കൂടി പരിശോധനയ്ക്ക് ശേഷം അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് അറിയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.