നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പിഎസ്‌സി വഴി ഭാര്യമാരെ തിരുകിക്കയറ്റിയ സിപിഎം ഇപ്പോള്‍ ഭാര്യമാര്‍ക്ക് സീറ്റു നല്‍കി ഭാര്യാവിലാസം പാര്‍ട്ടിയായി': കെ.സുരേന്ദ്രൻ

  'പിഎസ്‌സി വഴി ഭാര്യമാരെ തിരുകിക്കയറ്റിയ സിപിഎം ഇപ്പോള്‍ ഭാര്യമാര്‍ക്ക് സീറ്റു നല്‍കി ഭാര്യാവിലാസം പാര്‍ട്ടിയായി': കെ.സുരേന്ദ്രൻ

  തിരുവനന്തപുരത്ത് കെ.യു.ഡബ്ല്യു.ജെ. സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

  കെ. സുരേന്ദ്രൻ

  കെ. സുരേന്ദ്രൻ

  • Share this:
   തിരുവനന്തപുരം: സ്വര്‍ണ-ഡോളര്‍ കടത്ത് കേസിന്റെ അന്വേഷണം ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിണറായിയുടെ ധാര്‍ഷ്ഠ്യം ഇനി നടക്കില്ല. കേരളം പഴയ കേരളമല്ല. ഈ ധാര്‍ഷ്ഠ്യത്തെ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ കഴിയുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് കെ.യു.ഡബ്ല്യു.ജെ. സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

   പാര്‍ട്ടിക്കാരെ തെരുവിലിറക്കി കേന്ദ്ര ഏജന്‍സികളിലെ അന്വേഷണ ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നത്. മുഖ്യമന്ത്രി നേരിട്ടിടപെട്ട് മുഴുവന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ദുരുപയോഗപ്പെടുത്തി കേന്ദ്ര അന്വേഷണ ഏജന്‍സികളുമായി ഏറ്റുമുട്ടുകയാണ്.

   ഭരണഘടന മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി നിയമം നടപ്പാക്കുന്നതില്‍ മറ്റാരെക്കാളും ഉത്തരവാദിത്വം പ്രകടിപ്പിക്കേണ്ടതാണ്. കേന്ദ്ര ഏജന്‍സികള്‍ നിയമവിരുദ്ധമായല്ല നീങ്ങുന്നത്. അവരെ എതിര്‍ക്കാനാണെങ്കില്‍ ഭരണഘടനാപരമായ മാര്‍ഗങ്ങളാണ് സ്വീകരിക്കേണ്ടത്. അല്ലാതെ അവരുടെ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി ഭയപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയല്ല വേണ്ടതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

   അന്വേഷണം മുഖ്യമന്ത്രിയിലേക്കും മറ്റ് മന്ത്രിമാരിലേക്കും തിരിഞ്ഞപ്പോഴാണ് ഭീഷണിയുടെ സ്വരം ഉയര്‍ത്തുന്നത്. 164-ാം വകുപ്പു പ്രകാരം സ്വര്‍ണ കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയത് ആരും ഭീഷണിപ്പെടുത്തി പറയിപ്പിച്ചതല്ല. അന്വേഷണ ഏജന്‍സികള്‍ വ്യക്തമായ തെളിവുകള്‍ ശേഖരിച്ചിട്ടാണ് തുടര്‍നടപടിയുമായി മുന്നോട്ടു പോകുന്നത്. സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടെന്ന് ജയില്‍ ഡി.ജി.പി. പറഞ്ഞതിനെ തുടര്‍ന്നാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.   ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കരാര്‍ ഏറ്റെടുത്ത സന്തോഷ് ഈപ്പനില്‍ നിന്ന് വിലകൂടിയ ഐ ഫോണ്‍ പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയുടെ കൈയിലെത്തിയത് സംബന്ധിച്ച മുല്യച്യുതിയെക്കുറിച്ചാണ് സി.പി.എം. വിശദീകരിക്കേണ്ടത്. വിമാനത്താവളങ്ങളില്‍ സ്വപ്‌ന അടക്കമുള്ളവര്‍ക്ക് വി.ഐ.പി. പരിഗണന ലഭിക്കാന്‍ മന്ത്രിമാരും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസ് മുഴുവനായും അതിനായി ഉപയോഗിച്ചു.

   ഡോളര്‍ കടത്തിലെ പങ്കാളിത്തം സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തകളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കുന്നതിനു പകരം മുഖ്യമന്ത്രിയും കൂട്ടരും കുറ്റവാളികളെ രക്ഷിക്കാനും സ്വയം രക്ഷപ്പെടാനുമാണ് ശ്രമിക്കുന്നത്. തൊട്ടപ്പുറത്ത് സിപിഎമ്മുമായി ഒരുമിച്ചു റാലി നടത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പഴയ ഓര്‍മകള്‍ അയവിറക്കുകയാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

   സ്ഥാനാര്‍ഥി പട്ടിക ഉടന്‍

   എന്‍ഡിഎയില്‍ സീറ്റു ചര്‍ച്ച പുരോഗമിക്കുകയാണ്. ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും മൂന്നു പേരുകള്‍ വീതം ലഭിച്ചിട്ടുണ്ട്. അത് പരിശോധിച്ച് അന്തിമപട്ടിക തയ്യാറാക്കി ഉടന്‍ കേന്ദ്രത്തിനയയ്ക്കും. എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസുമായി പ്രാഥമികഘട്ട ചര്‍ച്ച പൂര്‍ത്തിയായി. പി.സി. ജോര്‍ജുമായി ആശയവിനിമയം തുടരുന്നു. ചില മണ്ഡലങ്ങളില്‍ മറ്റു പാര്‍ട്ടികളില്‍പ്പെട്ട ചിലര്‍ സമീപിച്ചിട്ടുണ്ട്. അവരുമായും ചര്‍ച്ച പുരോഗമിക്കുന്നു.

   'കിഫ്ബി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്'

   കിഫ്ബി ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. എന്നാല്‍ അതെല്ലാം അലങ്കാരമായാണ് സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും കാണുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. നേരത്തെ പി.എസ്.‌സി. വഴി ഭാര്യമാരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തിരുകിക്കയറ്റിയ സി.പി.എം. നേതാക്കള്‍ ഇപ്പോള്‍ ഭാര്യമാര്‍ക്ക് മത്സരിക്കാന്‍ സീറ്റു നല്‍കിയതിലൂടെ ഭാര്യാവിലാസം പാര്‍ട്ടിയായിരിക്കുകയാണ്.

   35 സീറ്റില്‍ വിജയിച്ചാല്‍ കേരളം ഉറപ്പായും എന്‍.ഡി.എ. ഭരിക്കുമെന്നും കെ. സുരേന്ദ്രന്‍ ആവര്‍ത്തിച്ചു. കെ.യു.ഡബ്ല്യു.ജെ. ജില്ലാ ജോയിന്റ് സെക്രട്ടറി പ്രിന്‍സ് പാങ്ങാടന്‍ സ്വാഗതവും ട്രഷറര്‍ അനുപമ ജി.നായര്‍ നന്ദിയും പറഞ്ഞു. കെ.യു.ഡബ്ല്യു.ജെ. ജില്ലാ കമ്മറ്റിയുടെ ഉപഹാരം കെ. സുരേന്ദ്രന് അനുപമ സമ്മാനിച്ചു.
   Published by:user_57
   First published:
   )}