പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ 75000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് ജനപക്ഷം നേതാവും പൂഞ്ഞാർ എംഎൽഎയുമായ പി സി ജോർജ്. പത്തനംതിട്ടയിൽ ജനപക്ഷത്തിന്റെ എൻഡിഎ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ ആചാര സംരക്ഷണത്തിന് നേതൃത്വം നൽകിയത് ആരാണെന്ന് കേരളത്തിന് നന്നായി അറിയാമെന്നും പി സി ജോർജ് പറഞ്ഞു. അതുകൊണ്ടുതന്നെ കെ സുരേന്ദ്രന്റെ വിജയം ഉറപ്പാക്കാൻ ജനപക്ഷം പ്രവൃത്തിക്കുമെന്നും ജോർജ് പറഞ്ഞു.
ന്യൂനപക്ഷ ജനവിഭാഗത്തിന്റെ സംരക്ഷണം ബിജെപി ഉറപ്പുനൽകിയിട്ടുണ്ടെന്ന് ജോർജ് പറഞ്ഞു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നത് ബി ജെ പിയാണ്. ഹജ്ജ് ക്വാട്ട പുനഃസ്ഥാപിക്കാമെന്ന് എൻഡിഎ നേതൃത്വം തനിക്ക് ഉറപ്പുനല്‍കിയതായും പി സി ജോർജ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥി കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് എന്‍ഡിഎയുടെ ഭാഗമാകാന്‍ ജോര്‍ജ് തീരുമാനിച്ചിരിക്കുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ നിന്നും മത്സരിക്കുമെന്ന് ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതിനാല്‍ മത്സരത്തില്‍ നിന്നും പിന്മാറുകയാണെന്നും പറഞ്ഞിരുന്നു. യുഡിഎഫ് പ്രവേശനത്തിനായി കത്ത് നല്‍കിയിരുന്നെങ്കിലും കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പില്‍ അതു സാധ്യമായില്ല. ഇതിനു ശേഷമാണ് കെ. സുരേന്ദ്രന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പി സി ജോര്‍ജ് രംഗത്തെത്തിയത്. ശബരിമല വിഷയത്തിലും ബി ജെ പിയുടെ പ്രക്ഷോഭങ്ങള്‍ക്ക് ജോര്‍ജ് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ ബി ജെ പി എം എല്‍ എയായ ഒ രാജഗോപാലിനൊപ്പം നിയമസഭയില്‍ ഒറ്റ ബ്ലോക്കായി ഇരിക്കാനും തീരുമാനിച്ചിരുന്നു.
പി.സി ജോര്‍ജിന് ഏറെ സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയമസഭാ മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലാണ്. ഇതു തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ഈ സ്വാധീനമാണ് ജോര്‍ജിനെ ബിജെപിക്ക് സ്വീകാര്യനാക്കുന്നതും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.