പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന കോടതിയുടെ വിലക്ക് അവസാനിച്ചു. അദ്ദേഹത്തിന് ഇനി ജില്ലയിൽ പ്രവേശിക്കാം. കെ സുരേന്ദ്രൻ നയിക്കുന്ന ബിജെപിയുടെ ദക്ഷിണമേഖലാ പരിവർത്തൻ യാത്ര കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ ഇന്ന് വൈകുന്നേരം ആരംഭിക്കും. ബുധനാഴ്ച പത്തനംതിട്ട ജില്ലയിൽ ജാഥ പ്രവേശിക്കും. ജാമ്യവ്യവസ്ഥാ കാലാവധി പൂർത്തിയായതിനാൽ സുരേന്ദ്രന് യാത്രക്ക് നേതൃത്വം നൽകി ജില്ലയിൽ പ്രവേശിക്കാം.
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോഴാണ് പത്തനംതിട്ടയില്‍ പ്രവേശിക്കുന്നതിന് മൂന്ന് മാസത്തെ വിലക്ക് സുരേന്ദ്രന് ഏര്‍പ്പെടുത്തിയിരുന്നത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പത്തനംതിട്ട ജില്ലയില്‍ സുരേന്ദ്രന്‍ പ്രവേശിക്കാന്‍ പാടില്ല എന്നതായിരുന്നു ഒരു ഉപാധി. അതാണിപ്പോള്‍ അവസാനിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ നിലനില്‍ക്കെ ശബരിമല ദര്‍ശനത്തിനായി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി റാന്നി മജിസ്‌ട്രേറ്റ് കോടതി നേരത്തെ തള്ളിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Court, K surendran, Pathanamthitta, കെ സുരേന്ദ്രൻ, പത്തനംതിട്ട, സുരേന്ദ്രൻ ജാമ്യം