സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുമെന്ന വാർത്ത നിഷേധിച്ച് സിപിഎം നേതാവ് കെ സുരേഷ് കുറുപ്പ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് കുറുപ്പ് നിലപാട് വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകനോട് താൻ പറഞ്ഞത് ‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല’ എന്ന് മാത്രമാണ്. എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോട്ടയം ജില്ലയിൽ സിപിഎമ്മിന്റെ ജനകീയ മുഖങ്ങളിൽ ഒന്നാണ് സുരേഷ് കുറുപ്പ്. തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കേണ്ട എന്നും സി പി എമ്മിന്റെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറി നില്‍ക്കാനും ആണ് തീരുമാനം എന്നുമായിരുന്നു വാർത്ത വന്നത്. ഇതുസംബന്ധിച്ച് ഒന്നരയാഴ്ചയ്ക്കു ശേഷം എല്ലാം പറയാം എന്നും മലയാള മനോരമയിൽ വാർത്ത വന്നിരുന്നു.
Also Read- ഇനി ബിജെപി മുഷ്ടി ചുരുട്ടില്ല; കമ്മ്യൂണിസ്റ്റ് പ്രയോഗങ്ങൾ ഉപയോഗിക്കരുതെന്ന് പാര്‍ട്ടി നിര്‍ദേശം
1984, 1998, 1999, 2004 വർഷങ്ങളിൽ കോട്ടയത്ത് നിന്ന് ലോക്സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2011, 2016 വർഷങ്ങളിൽ ഏറ്റുമാനൂർ നിന്നുള്ള നിയമസഭാംഗമായി. ഇന്ദിരാ ഗാന്ധിയുടെ വധത്തിനുശേഷം 1984 ൽ ലോക്സഭയിലേക്ക് കേരളത്തിൽ നിന്ന് ജയിച്ച മൂന്ന് ഇടതു സ്ഥാനാർഥികളിൽ ഏക സിപിഎം പ്രതിനിധിയായിരുന്നു എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റും കേരളാ സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന സുരേഷ് കുറുപ്പ്. 1989 ൽ കോട്ടയത്തും 1991ൽ മാവേലിക്കരയിലും ലോക്സഭയിലേക്ക് പരാജയപ്പെട്ടു.
തുടരെ രണ്ടു തവണ മത്സരിച്ചവർക്ക് ഇത്തവണ സീറ്റ് നൽകേണ്ടെന്നായിരുന്നു സിപിഎം തീരുമാനം. സുരേഷ് കുറുപ്പിന് പകരം ഏറ്റുമാനൂരിൽ മത്സരിച്ച വി.എൻ.വാസവൻ ജയിച്ച് മന്ത്രിയായി. ജില്ലയിലെ മറ്റൊരു പ്രമുഖനും പാർട്ടിയിൽ സുരേഷ് കുറുപ്പിന്റെ ജൂനിയറുമായ കെ അനിൽകുമാർ 2021 ൽ സംസ്ഥാന സമിതിയിലെത്തി.1984 മുതൽ പാർലമെന്ററി രംഗത്തുള്ള സുരേഷ് കുറുപ്പ് നിലവിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സുഹൃത്തുക്കളേ ,
ഇന്നത്തെ (18 ഡിസംബർ 2022 ) മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന ഒരു വാർത്തയുമായി ബന്ധപ്പെട്ട ഒരു വിശദീകരണമാണിത്.
ഞാൻ രാഷ്ട്രീയപ്രവർത്തനമവസാനിപ്പിക്കുന്നു എന്ന സൂചനകളോടെ വന്നിട്ടുള്ള വാർത്തയിൽ പത്രലേഖകനോട് ഞാനായി പറഞ്ഞ ഒരു വാചകമേയുളളൂ , ‘ ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല ‘ എന്നതാണത് . വേണമെങ്കിൽ ഒരാഴ്ച കഴിഞ്ഞ് സംസാരിക്കാം എന്നും പറഞ്ഞിരുന്നു. മറ്റുള്ളതൊന്നും ഞാൻ പറഞ്ഞതല്ല.
എന്നെയും ഞാൻ നിലകൊള്ളുന്ന രാഷ്ട്രീയ നിലപാടുകളേയും സ്നേഹിച്ച ജനങ്ങൾക്കിടയിൽ നിന്നും മാറി നിൽക്കുന്നതിനെക്കുറിച്ച് ഒരു നിമിഷം പോലും എനിക്ക് ചിന്തിക്കാനാവില്ല. അങ്ങനെ സംഭവിച്ചാൽ അത് ഞാൻ എന്നെത്തന്നെ മറക്കുന്നതിന് തുല്യമായിരിക്കും .
എല്ലാവരുടേയും സ്നേഹത്തിനും കരുതലിനും നന്ദിയും അഭിവാദ്യങ്ങളും .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.