തൃശൂർ (Thrissur) കുന്നംകുളത്ത് (Kunnamkulam) കാൽനട യാത്രികൻ വാഹനമിടിച്ച് മരിച്ച കേസിൽ കെ സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തമിഴ്നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനും അറസ്റ്റിലായി. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
കേസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി കെ സ്വിഫ്റ്റ് ബസ് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡിൽ വീണുകിടന്നയാളെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അപകടം ഉണ്ടായത് അറിഞ്ഞിരുന്നില്ലെന്നുമാണ് ഡ്രൈവർ പോലീസിന് നൽകിയ മൊഴി. ബസ് നിർത്താതെ പോയത് അതിനാലാണെന്നും ഡ്രൈവർ വാദിക്കുന്നു.
തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസാണ് തമിഴ്നാട് സ്വദേശി പരസ്വാമിയെ ഇടിച്ചിട്ടത്. കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30 തിനാണ് അപകടമുണ്ടായത്. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരസ്വാമിയെ, അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചത്.
Also Read-
കുന്നംകുളത്ത് കാൽനട യാത്രികനെ ആദ്യം ഇടിച്ചത് KSRTC സ്വിഫ്റ്റ് ബസ്സല്ല, പിക്കപ്പ് വാൻ പിന്നീട് പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാൻ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തിൽ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിൻറെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. അവിടെയുണ്ടായിരുന്നവർ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവർ വിശദീകരിക്കുന്നു.
പരസ്വാമിയെ ആദ്യം ഇടിച്ച പിക്കപ്പ് വാൻ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ നൽകിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
പോലീസെത്തിയാണ് പരസ്വാമിയെ ആശുപത്രിയിൽ എത്തിച്ചത്. അപകടവിവരമറിഞ്ഞ് അൽപസമയത്തിനകം പൊലീസ് എത്തി പരസ്വാമിയെ ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളിൽ സംഘടിതവാർത്ത വരുന്നതിന് പിന്നിലെ കാരണമറിയാമോ?
തിരുവനന്തപുരം: കെഎസ്ആര്‍ടിസി സിഫ്റ്റ് (KSRTC Swift) ബസ് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ ഉണ്ടായ തുടര്‍ച്ചയായ അപകടങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ സിഫ്റ്റ് ബസ് സര്‍വീസിനെ ആരാണ് ഭയക്കുന്നത് എന്ന ചോദ്യത്തിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.
ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് വിഷയത്തില്‍ വിശദീകരണം നല്‍കുന്നത്.മാധ്യമങ്ങൾക്കെതിതിരെ പോസ്റ്റിൽ രൂക്ഷമായ വിമർശനമാണ് കെഎസ്ആര്‍ടിസി പങ്കുവെക്കുന്നത്.
'കെഎസ്ആര്‍ടിസി സിഫ്റ്റ് സര്‍വ്വീസ്ആരംഭിച്ചതുമുതല്‍ മുന്‍വിധിയോടുകൂടി ചില മാധ്യമങ്ങളിലും,നവമാധ്യമങ്ങളിലും ഈ പ്രസ്താനത്തെതകര്‍ക്കുവാനുള്ള മനപൂര്‍വ്വമായ ശ്രമം നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ? കേരളത്തിന് അകത്തും പുറത്തുമുള്ള യാത്രക്കാര്‍ അനുഭവിക്കുന്ന യാത്രാ ചൂഷണങ്ങള്‍ പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. ഉദാഹരണം. ഇന്ന് സ്വകാര്യ ബസ് കമ്പനികള്‍ ഈടാക്കുന്ന ബാഗ്ലൂര്‍ -എറണാകുളം റേറ്റുകള്‍ പരിശോധിച്ചാല്‍ നിങ്ങളെ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കും.ഇതിനൊരു പരിഹാരമെന്ന രീതിയിലാണ് കെ എസ് ആര്‍ ടി സി സിഫ്റ്റ് എന്ന ആശയത്തില്‍ കേരള സര്‍ക്കാര്‍ എത്തിയത്. കെഎസ്ആര്‍ടിസി- സിഫ്റ്റ് ബസ്സിനെതിരെ ചില മാദ്ധ്യമങ്ങളില്‍ സംഘടിത വാര്‍ത്ത വരുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടെയുണ്ട് . എന്താണെന്നോ. സ്വിഫ്റ്റിന്റെ റൂട്ടുകള്‍ പ്രധാനമായും സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ കുത്തക റൂട്ടുകളാണ്'.- കുറിപ്പില്‍ കെഎസ്ആര്‍ടിസി പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.