നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മന്ത്രി കെ. രാധാക്യഷ്ണനെ കൊലപ്പെടുത്തുമെന്ന് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയ കാച്ചാണി അജിത്ത് വീണ്ടും ഐ.എൻ.എൽ വേദിയിൽ

    മന്ത്രി കെ. രാധാക്യഷ്ണനെ കൊലപ്പെടുത്തുമെന്ന് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയ കാച്ചാണി അജിത്ത് വീണ്ടും ഐ.എൻ.എൽ വേദിയിൽ

    അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു അന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ വ്യക്തമാക്കിയത്.

    News18

    News18

    • Share this:
    മന്ത്രി കെ. രാധക്യഷ്ണന്റെ ഓഫീസിലെ ലാന്റ് ഫോണില്‍ വിളച്ചാണ് മന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഐ. എന്‍.എല്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കാച്ചാണി അജിത്ത് ഭീഷണി മുഴക്കിയത്. അജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നായിരുന്നു അന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ വ്യക്തമാക്കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന ഐ. എന്‍. എല്‍ തിരുവനന്തപുരം ജില്ലാ തല മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ നേതാക്കള്‍ക്കൊപ്പം മുന്‍നിരയിലായിരുന്നു അജിത്തിന്റെ സ്ഥാനം.

    താന്‍ ഇപ്പോഴും ഐ.എന്‍.എല്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റാണെന്ന് കാച്ചാണി അജിത്ത് വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് എല്‍.ഡി.എഫിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലയാണ് ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണനൊപ്പം തിരഞ്ഞെടുപ്പ് വേദി പങ്കിട്ടിട്ടുണ്ട്. മന്ത്രി കെ. രാധകൃഷ്ണന് എതിരെ ഭീഷണി മുഴക്കിയിട്ടില്ല. മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നടപടിയെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ഭീഷണി മുഴക്കിയെന്ന് പറയുന്ന ഓഡിയോ സംഭാഷണം പുറത്ത് വിടുവാന്‍ ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയാണെന്നും കാച്ചാണി അജിത്ത് പറഞ്ഞു.

    എസ്സി എസ്ടി വിഭാഗങ്ങള്‍ക്കുള്ള ധനസഹായം വേണ്ട ഗുണഭോക്താക്കളെ നേരിട്ട് കണ്ട് ഫണ്ട് ലഭ്യമാക്കുകയും അതിന് കമ്മീഷന്‍ വാങ്ങുകയും ചെയ്യുന്ന ഇടനിലക്കാരനായ തിരുവനന്തപുരം കാച്ചാണി സ്വദേശി കാച്ചാണി അജിത്തിനെ കഴിഞ്ഞ എതാനും ദിവസം മുന്‍പാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി കെ. രാധാക്യഷ്ണന്റെ ഓഫീസ് ഫോണില്‍ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇടനിലക്കാരെ ഒഴിവാക്കിയതിലുള്ള അമര്‍ഷമാണ് ഇയാള്‍ മന്ത്രി ഓഫീസില്‍ വിളിച്ച് ഭീഷണിപ്പെടുത്തുവാന്‍ കാരണം.

    ഐ എന്‍ എല്‍ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അജിത്തിന്റെ ഭീഷണിക്ക് പിന്നാലെ നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പുറത്ത് വന്നിരുന്നു. സംസ്ഥാനത്തെ പ്രമുഖ ഐ എന്‍ എല്‍ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി പരിപാടികളില്‍ അജിത്ത് മുന്‍നിരയിലുള്ളത് ചിത്രങ്ങളില്‍ കാണാം. ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അജിത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് ഐ എന്‍ എല്‍ നേതാവ് എം. എം.മാഹിന്‍ അന്ന് ന്യൂസ് 18 നോട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് അജിത്തിന് പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് നേതാക്കള്‍ പറഞ്ഞത്.

    മുന്‍പ് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന അജിത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് NCP യില്‍ ചേര്‍ന്നിരുന്നു. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് എന്‍.സി.പി യില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഐ.എന്‍.എല്ലില്‍ ചേരുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടിയുടെ പരിപാടികളില്‍ നേതാക്കള്‍ക്കൊപ്പം മുന്‍ നിരയിലായിരുന്നു അജിത്തിന്റെ സ്ഥാനം. ഐ. എന്‍ എല്‍ നടത്തിയ പൗരത്വ സമരത്തിലും മുന്‍നിരയില്‍ ഉണ്ടായിരുന്നു ഇദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും അജിത്ത് മുന്‍നിരയിലുണ്ടായിരുന്നു.

    എസ്.സി-എസ്.ടി ഫണ്ടുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ക്ക് അജിത്ത് നേതൃത്വം നല്‍കുന്ന ദളിത് സംഘടനയുടെ പേരില്‍ മന്ത്രിയുടെ ഓഫീസില്‍ ശുപാര്‍ശ കത്ത് നല്‍കിയിരുന്നു. ഈ കത്ത് അവഗണിച്ചതാണ് ഭീഷണി മുഴക്കുവാന്‍ കാരണം. രാഷ്ട്രീയ ബന്ധം പുറത്ത് വന്നതോടെ സംഭവം ഐ.എന്‍.എല്ലിന് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭീഷണിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനടക്കം പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജിത്ത് പിടിയിലായത്.

    അതേസമയം പാവപ്പെട്ടവര്‍ക്കുള്ള ധനസഹായത്തില്‍ കൈയ്യിട്ടുവാരുന്നവരോട് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. തട്ടിപ്പിന് താന്‍ കൂട്ടുനില്‍ക്കില്ലെന്ന് മനസിലായപ്പോള്‍ അവര്‍ക്ക് നല്ല വിഷമമുണ്ട്. അപ്പോഴാണ് തട്ടിപ്പുകാരില്‍ ഒരാള്‍ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇത്തരം ഭീഷണികള്‍ക്കൊന്നും വഴങ്ങില്ല. അതിനൊന്നും നമ്മളാരും വശംവദരാകാന്‍ പാടില്ലെന്നായിരുന്നു നേരത്തെ മന്ത്രി കെ.രാധാകൃഷ്ണന്റെ പ്രതികരണം.

    തട്ടിപ്പിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നേരത്തെ ആരോപിച്ചിരുന്നു. ഇതോടെ പ്രശ്‌നത്തിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉണ്ടായത്. ഈ ഘട്ടത്തിലാണ് തട്ടിപ്പിന് എതിര് നിന്നതിന്റെ പേരില്‍ തനിക്കും ഭീഷണി ഉണ്ടായതായി മന്ത്രി വെളിപ്പെടുത്തിയത്. ഇതോടെ സംഭവത്തിന്റെ രാഷ്ട്രീയപ്രാധാന്യം വര്‍ധിക്കുകയായിരുന്നു. എസ്. സി, എസ്.ടി, ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയില്‍ കൂടുതല്‍ അന്വേഷണം നടന്ന് വരുകയാണ്.
    Published by:Sarath Mohanan
    First published:
    )}