തിരുവനന്തപുരം: മാധ്യമങ്ങളോട് ബിജെപി നേതാവ് കെ സുരേന്ദ്രൻ പറഞ്ഞതെല്ലാം കള്ളമാണെന്നും പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് മന്ത്രി സുരേന്ദ്രന് എതിരെ രംഗത്തെത്തിയത്. ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുതെന്നും പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണതെന്നും മന്ത്രി പറഞ്ഞു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി ജെ പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു. തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു. ഇതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,
"ഇരുമുടിക്കെട്ട് രാഷ്ട്രീയ ആയുധമാക്കരുത്. പരിപാവനമായി എല്ലാവരും കാണുന്ന ഒന്നാണത്. കെ.സുരേന്ദ്രൻ തന്റെ ചുമലിൽ ഇരുന്ന ഇരുമുടിക്കെട്ട് ബോധപൂർവ്വം 2 തവണ താഴെയിടുന്നത് ചിറ്റാർ പോലീസ് സ്റ്റേഷനിലെ സി.സി ടി.വി ദൃശ്യങ്ങളിൽ വളരെ വ്യക്തമാണ്. സുരേന്ദ്രന്റെ ദുഷ്ടലാക്ക് തിരിച്ചറിഞ്ഞ എസ്.പി 2 തവണയും ഇത് തിരിച്ചെടുത്ത് ചുമലിൽ വച്ച് കൊടുക്കുന്നുമുണ്ട്. പുറത്ത് തന്നെ കാത്ത് നിൽക്കുന്ന മാധ്യമങ്ങൾക്കും ബി.ജെ.പി പ്രവർത്തകർക്കും മുന്നിൽ ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞു തന്നെ പോലീസ് മർദ്ദിച്ചു എന്നു കാണിക്കാൻ സ്വന്തം ഷർട്ട് വലിച്ച് കീറുകയും ചെയ്തു.
കെ.സുരേന്ദ്രൻ ഇരുമുടിക്കെട്ടുമായി ശബരിമലയിൽ വന്നത് സ്വാമി അയ്യപ്പനെ ദർശിക്കണമെന്ന ലക്ഷ്യത്തോടെയല്ല എന്ന് സാമാന്യബോധമുള്ള ആർക്കും മനസ്സിലാക്കാവുന്നതാണ്. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്നും അതിനായി വൃതം 15 ദിവസമാക്കണമെന്നും രഹാന ഫാത്തിമയെ ടാഗ് ചെയ്തു ഫേസ്‌ബുക്ക് പോസ്റ്റിട്ട അതേ സുരേന്ദ്രൻ തന്നെയാണല്ലോ ഇപ്പോൾ ശബരിമലയെ കലാപകേന്ദ്രമാക്കാൻ തുണിഞ്ഞിറങ്ങിയിരിക്കുന്നതും. വേഷംകെട്ടലുകളുമായി ഇത്തരക്കാർ ശബരിമലയിൽ വരുന്നതാണ് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്."
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.