ന്യൂഡൽഹി: പ്രളയത്തെ തുടർന്ന് സംസ്ഥാനത്തെ സഹകരണമേഖല പ്രതിസന്ധിയിലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഡൽഹിയിൽ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ മേഖലയിലെ പ്രതിസന്ധി വകുപ്പിന്‍റെ ചുമതലയുള്ള മന്ത്രിയെ ധരിപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രളയത്തെ തുടർന്ന് സഹകരണ മേഖല പ്രതിസന്ധിയിലാണ്. കാർഷിക കടങ്ങൾക്കുള്ള മൊറട്ടോറിയം നീട്ടണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടു. മൊറട്ടോറിയം ഒരു വർഷത്തേക്ക് ദീർഘിപ്പിക്കണം.
ഈ കാലയളവിനെ നിഷ്ക്രിയ ആസ്തിയായി കണക്കാക്കരുതെന്നും ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
കനത്ത മഴയും മണ്ണിടിച്ചിലും; ഉത്തരേന്ത്യയിൽ മരണം 80 കടന്നു
നബാർഡിന്റെ പലിശ മൂന്ന് ശതമാനമായി കുറയ്ക്കണമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വായ്പ 40 ശതമാനത്തിൽ നിന്ന് 60 ശതമാനമാക്കി ഉയർത്തണം. ഹ്രസ്വകാലവായ്പ പലിശ എട്ട് ശതമാനത്തിൽ നിന്ന് ആറ് ശതമാനമാക്കി കുറയ്ക്കണം. 1000 കോടിയുടെ പുതിയ വായ്പാപദ്ധതി ആവശ്യപ്പെട്ടതായും കടകംപള്ളി അറിയിച്ചു. പലിശരഹിത വായ്പ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ആവശ്യങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയതായും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.
റബ്കോ, റബ്ബർ മാർക്ക്, മാർക്കറ്റിഗ് ഫെഡ് എന്നിവരുടെ വായ്പബാധ്യത സർക്കാർ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ഏജൻസികൾക്കും കൂടി ബാങ്കിലുണ്ടായിരുന്ന വായ്പ 306 കോടി രൂപ സർക്കാർ അടച്ചു. സർക്കാരിന് 306 കോടി രൂപ ഈ മൂന്ന് ഏജൻസികളും നൽകണം.
2018 ഡിസംബർ 31 ന് ധാരണാപത്രം ഒപ്പിട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.