കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന പൊതുസമൂഹത്തോടും സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിനു മുന്നിൽ എത്തിക്കേണ്ടതുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിൽ മന്ത്രി വ്യക്തമാക്കി.
കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണ്ണാവസരമാണ് ശബരിമലയെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന കേരളത്തിന്റെ പൊതുസമൂഹത്തോടും ബഹു:സുപ്രീംകോടതിയോടുമുള്ള തുറന്ന വെല്ലുവിളിയാണ്. ഭക്തരെന്ന വ്യാജേന ഒരു കൂട്ടർ പമ്പയിലും നിലക്കലും അക്രമം അഴിച്ചു വിട്ടപ്പോൾ അതിന് പിന്നിൽ സംഘപരിവാർ തീവ്രവാദികൾ ആണെന്ന് ഞങ്ങൾ അന്നേ പറഞ്ഞിരുന്നു. എന്നാൽ ബിജെപി ഈ അക്രമങ്ങൾക്ക് പിന്നിൽ കേരളത്തിലെ നിരപരാധികളായ അയ്യപ്പ ഭക്തർ ആണെന്ന് വരുത്തി തീർക്കാൻ ആണ് ശ്രമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ മാധ്യമങ്ങൾ പുറത്ത് വിട്ട ശ്രീധരൻ പിള്ളയുടെ പ്രസംഗത്തിൽ ശ്രീധരൻ പിള്ള തന്നെ പറയുന്നുണ്ട് 17ാം തീയതി മുതലുള്ള അക്രമങ്ങൾക്ക് പിന്നിൽ ബിജെപി ആണെന്ന്. ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ ആണ് ഈ സമരാഭാസം സംഘടിപ്പിച്ചത് എന്ന്. ഈ ജനറൽ സെക്രട്ടറിമാരുടെ കൂട്ടത്തിൽ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിച്ച കെ സുരേന്ദ്രനും ഉണ്ടെന്നത് ഇവരുടെ രാഷ്ട്രീയ നെറികേട് ആണ് വെളിപ്പെടുത്തുന്നത്.
ശബരിമലയുടെ പേരിൽ ബിജെപി കലാപത്തിന് കോപ്പ് കൂട്ടുകയാണെന്നും NSSഉം രാജകുടുംബവും തന്ത്രികുടുംബവും അടക്കമുള്ള കേരളത്തിലെ ഭക്ത സമൂഹം ബിജെപി ഗൂഢാലോചനയിൽ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ഞങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. ആ മുന്നറിയിപ്പ് ശരി വെക്കുന്നതാണ് ശ്രീധരൻ പിള്ളയുടെ ഇപ്പോഴത്തെ പ്രസംഗം. ബിജെപി മുന്നോട്ട് വെച്ച അജണ്ടയിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞു എന്നാണ് ശ്രീധരൻ പിള്ളയുടെ വാദം. ഈ അജണ്ടകൾ എന്തൊക്കെയായിരുന്നു എന്ന് മലയാളി സമൂഹം ചിന്തിക്കേണ്ടതുണ്ട്. നിലക്കലും പമ്പയും ഉൾപ്പെടെയുള്ള പുണ്യ ഭൂമി കലാപ ഭൂമിയാക്കിയതും ജനവികാരം എതിരാകുന്നു എന്ന് കണ്ടപ്പോൾ ആക്ടിവിസ്റ്റുകളെ എത്തിച്ചതും നടപ്പന്തൽ വരെ അവർക്കെതിരെ യാതൊരു വിധ പ്രതിഷേധവും കൂടാതെ വഴിയൊരുക്കിയതും ബിജെപി അജണ്ട ആയിരുന്നില്ലേ? ചിന്തിക്കേണ്ടതുണ്ട് നമ്മൾ മലയാളികൾ. മതേതര കേരളത്തെ ഇവർ മതത്തിന്റെ പേരിൽ കലാപ ഭൂമിയാക്കാനുള്ള ശ്രമം ആണ് നടത്തിയത്. ഇതിന് പിന്നിൽ ശക്തമായ ഗൂഢാലോചനയുണ്ട്. ഈ ഗൂഢാലോചന അന്വേഷിച്ചു കലാപ ശ്രമത്തിന് പിന്നിലെ ബുദ്ധി കേന്ദ്രങ്ങളെ നിയമത്തിന് മുന്നിൽ എത്തിക്കേണ്ടതുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.