• HOME
 • »
 • NEWS
 • »
 • kerala
 • »
 • Assembly Election|ശബരിമല മിണ്ടാതെ കടകംപള്ളി; ശോഭ സുരേന്ദ്രന് ശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം

Assembly Election|ശബരിമല മിണ്ടാതെ കടകംപള്ളി; ശോഭ സുരേന്ദ്രന് ശാസ്താ ക്ഷേത്രത്തില്‍ സ്വീകരണം

വികസനമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് കടകംപള്ളി.

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമല വിഷയം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം ശബരിമലയാണെന്ന ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് നേരിട്ട് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

  വികസനമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാ വിഷയമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. അത്തരം വിഷയങ്ങള്‍ ജനങ്ങളോട് പറയാനാണ് ഉദ്ദേശിക്കുന്നത്. ശോഭ സുരേന്ദ്രന്‍ എതിരാളി അല്ലെന്ന് പറയുന്നില്ല. എന്നാല്‍ മുഖ്യ എതിരാളി ആരെന്ന് വരും ദിവസങ്ങളിലേ പറയാനാകൂവെന്നും കടകംപള്ളി വ്യക്തമാക്കി.

  ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിയില്‍ ഖേദമുണ്ടെന്ന കടകംപള്ളിയുടെ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാന്‍ ഇടയാക്കിയെന്നും പാര്‍ട്ടിയ്ക്കുള്ളില്‍ വിമര്‍ശനമുയര്‍ന്നു. മാത്രമല്ല, കടകംപള്ളിയുടെ ഖേദപ്രകടനത്തിനെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തെത്തിയിരുന്നു. മന്ത്രി ഖേദം പ്രകടിപ്പിച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഭരണഘടനാപരമായ തുല്യതയാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

  Also Read-Assembly Election | സുധാകരൻ ധ‌ർമടത്ത് മത്സരിക്കില്ല; പ്രാവർത്തികമാകില്ലെന്ന് കണ്ണൂർ ഡി സി സി

  അതേസമയം ശബരിമല വിഷയം കഴക്കൂട്ടത്ത് ആളിക്കത്തിക്കാനാണ് ബിജെപി നീക്കം. ഇന്ന് മണ്ഡലത്തില്‍ എത്തുന്ന സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കുന്നത് ശ്രീകാര്യം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ്. ശബരിമല വിശ്വാസികളെ വഞ്ചിച്ച സര്‍ക്കാരിനെതിരെ വോട്ട് ചെയ്യുക എന്നതാണ് പ്രചാരണം. എന്നാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടി വര്‍ഗീയ പ്രചാരണങ്ങളെ നേരിടാമെന്നാണ് എല്‍ഡിഎഫ് കണക്കുകൂട്ടല്‍.

  Also Read-'ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരി; കടകംപള്ളിയുടെ മാപ്പ് പറച്ചില്‍ എന്തിനെന്ന് അറിയില്ല': സീതാറാം യെച്ചൂരി

  2018ലെ ശബരിമല യുവതി പ്രവേശന വിവാദങ്ങളിൽ ഖേദമുണ്ടെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്. ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചിരുന്നു. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

  ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

  സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു.
  Published by:Naseeba TC
  First published: