• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല': കെ സുരേന്ദ്രൻ

'ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല': കെ സുരേന്ദ്രൻ

''ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന്‍ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം.''

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

 • Last Updated :
 • Share this:
  തിരുവനന്തപുരം: ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരംവട്ടം ഗംഗയില്‍ മുങ്ങിയാലും കടകംപളളി സുരേന്ദ്രന് മാപ്പ് ലഭിക്കില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കടകംപള്ളി സുരേന്ദ്രന്റെ മലക്കംമറിച്ചില്‍ പരിഹാസ്യമാണ്. ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി ഇപ്പോള്‍ നെഞ്ചത്തടിച്ച് നിലവിളിക്കുന്നത് തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകൊണ്ടാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. കടകംപള്ളി ദേവസ്വം മന്ത്രി ആയതിന് ശേഷമാണ് ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ആസൂത്രിതമായ ഗൂഢാലോചന നടന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമല മാത്രമല്ല, ഗുരുവായൂരും പത്മനാഭസ്വാമി ക്ഷേത്രവും തകര്‍ക്കാനാണ് കടകംപള്ളി സുരേന്ദ്രന്‍ ശ്രമിച്ചത്. ക്ഷേത്രങ്ങള്‍ ഈ നിലയില്‍ പരിതാപകരമായ അവസ്ഥയിലായത് കടകംപള്ളി സുരേന്ദ്രന്റെ ദുരൂഹമായ ഇടപെടല്‍ കൊണ്ടാണ്. അദ്ദേഹത്തിന്റെ കള്ളക്കരച്ചില്‍ കേരളത്തിലെ പൊതു സമൂഹം വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

  ചെയ്തതിനെല്ലാം കടകംപള്ളി സുരേന്ദ്രന്‍ ഓരോന്നോരാന്നായി മാപ്പ് പറയണം. മനീതി സംഘത്തേയും രഹ്ന ഫാത്തിമയേയും പതിനെട്ടാംപടി കയറ്റാന്‍ നോക്കിയതിന് കടകംപള്ളി പരസ്യമായി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാകണം. വിശ്വാസികളെ വഞ്ചിച്ചുകൊണ്ട് സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തിക്കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയുടെ കാര്യത്തിലും വിശ്വാസികളുടെ കാര്യത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സി പി എം മലക്കം മറിഞ്ഞിരുന്നു. പക്ഷേ എന്തുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രന്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം മാറ്റിക്കൊടുക്കാത്തത്. കടകംപള്ളി സുരേന്ദ്രന് ഒരു നിമിഷം കൊണ്ട് വിചാരിച്ചാല്‍ സാധിക്കുന്നതല്ലേയെന്നും അദ്ദേഹം ചോദിച്ചു. ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് ഒരു തരത്തിലും വിശ്വാസി സമൂഹം ചെവിക്കൊള്ളില്ലെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

  Also Read- 'ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തത്; എനിക്ക് വല്ലാതെ വിഷമമുണ്ടാക്കി': ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ

  ശബരിമലയിൽ നടന്നത് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു. ''2018ലെ സംഭവം നമ്മെയെല്ലാം വേദനിപ്പിച്ച സംഭവം. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത സംഭവം. എല്ലാവർക്കും വിഷമുണ്ടാക്കി. എനിക്കും വല്ലാതെ വിഷമുണ്ടാക്കി''- കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശബരിമല വിഷയം അടഞ്ഞ അധ്യായമാണ്. അന്നത്തെ സംഭവത്തിനുശേഷം നിരവധി ഉത്സവങ്ങൾ നടന്നു. നേരത്തെ ഉള്ളതിനെക്കാൾ മനോഹരമായി തന്നെ ഉത്സവം നടത്തി. വിശാല ബെഞ്ചിന്റെ വിധി എന്തായാലും ഭക്തജനങ്ങളുമായും വിശ്വാസ സമൂഹവുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിയാലോചിച്ചു കൊണ്ടേ തീരുമാനത്തിലെത്തൂവെന്നും കഴക്കൂട്ടം മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി കൂടിയായ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

  സി പി എം സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് ശബരിമലയില്‍ യുവതിപ്രവേശന വിഷയത്തിൽ വിഷമമുണ്ടായെന്ന് സ്ഥാനാര്‍ഥി കൂടിയായ ദേവസ്വം മന്ത്രി തുറന്നു സമ്മതിച്ചിരിക്കുന്നത്. ശബരിമല വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് നേരത്തെ പാർട്ടി വിലയിരുത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും ശബരിമല ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രിയുടെ ഏറ്റുപറച്ചിലെന്നാണ് വിലയിരുത്തപ്പെടുന്നത്.
  Published by:Rajesh V
  First published: