HOME » NEWS » Kerala » KADAKKAVUR POCSO CASE FABRICATED INVESTIGATION TEAM FOUND NO EVIDENCE MM TV

കടയ്ക്കാവൂർ പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്; പ്രതികരണവുമായി യുവതി

അമ്മ പ്രതിയായ സംസ്ഥാനത്തെ ആദ്യ പോക്സോ കേസിലാണ് നിർണായക വഴിത്തിരിവുണ്ടായത്

News18 Malayalam | news18-malayalam
Updated: July 1, 2021, 6:46 PM IST
കടയ്ക്കാവൂർ പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്; പ്രതികരണവുമായി യുവതി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം:  കടയ്ക്കാവൂർ പോക്സോ കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് പുറത്ത്. കേസിൽ കുട്ടിയുടെ മൊഴിയല്ലാതെ മറ്റൊരു തെളിവും ഇല്ല. സാക്ഷിമൊഴികളിലും മെഡിക്കൽ റിപ്പോർട്ടിലും പീഡനം നടന്നതിന് തെളിവില്ലെന്നും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം കുറ്റകൃത്യം നടന്നെന്ന നിഗമനത്തിൽ എത്താൻ കഴിയില്ലെന്നുമാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം.

അന്വേഷണം പൂർത്തിയാക്കി തുടർ നടപടികൾ അവസാനിപ്പിക്കാനും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് എസ്പി ദിവ്യ വി. ഗോപിനാഥിൻ്റെ മേൽനോട്ടത്തിലുള്ള അന്വേഷണ സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്. അന്വേഷണ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.

സ്ത്രീക്കെതിരെയുള്ള മകൻ്റെ മൊഴികളിൽ സ്പഷ്ടമായ വൈരുദ്ധ്യങ്ങളുണ്ട്. രാത്രികാലങ്ങളിൽ യുവതി വീഡിയോ കോൾ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്ന് മകൻ്റെ മൊഴിയുണ്ട്. എന്നാൽ വീഡിയോ കോളിൽ എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമായിരുന്നില്ലെന്നും മൊഴിയിൽ പറയുന്നു. കുട്ടിയുടെ സംസാരത്തിൽ സ്ഥിരതയില്ലായ്മ ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.



സ്കൂളിലെ അധ്യാപകരോടോ കൂട്ടുകാരോടോ ഡോക്ടറോടോ മതപഠനം നടത്തിയ മദ്രസയിലെ അധ്യാപകരോടോ ഇക്കാര്യങ്ങൾ പറയാൻ നിരവധി അവസരങ്ങൾ ഉണ്ടായിട്ടുംകുട്ടി  ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ല.  കുട്ടിക്കൊപ്പം ഉണ്ടായിരുന്ന സഹോദരങ്ങളുടെ മൊഴിയിലും അമ്മയെ ചോദ്യം ചെയ്തതിലും ശാസ്ത്രീയ പരിശോധനകളിലും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് തെളിവുകളൊന്നുമില്ല.

അമ്മയ്ക്കെതിരെ മകൻ്റെ മൊഴി അല്ലാതെ ശാസ്ത്രീയമായ ഒരു തെളിവുകളും കുറ്റകൃത്യം തെളിയിക്കാൻ ഉപോൽബലകമായി ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കുറ്റകൃത്യം നടന്നുവെന്നു പറയുന്ന കാലയളവിൽ കുട്ടിക്കൊപ്പം താമസിക്കുകയും സഹകരിക്കുകയും ചെയ്തിരുന്ന ബന്ധുക്കളുടെ മൊഴിയും എടുത്തിട്ടുണ്ട്. അതിലും തെളിവുകളൊന്നും ലഭ്യമായിട്ടില്ല.

ലൈംഗിക പീഡനം നടന്നുവെന്ന പരാതിയിൽ കുട്ടിയെ മെഡിക്കൽ പരിശോധന നടത്തിയിരുന്നു. അതിലും ലൈംഗിക പീഡനത്തിന് തെളിവുകൾ ലഭിച്ചിട്ടില്ല. അതിനാൽ കുറ്റകൃത്യം നടന്നതായി പറയാനാകില്ലെന്നും അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.

ആരോപണ വിധേയയായ യുവതി ഇന്ന് കോടതിയിൽ നേരിട്ടെത്തി റിപ്പോർട്ട് കൈപ്പറ്റി. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചതിനും പീഡനങ്ങൾക്കും പരിഹാരമായില്ലെങ്കിലും കുറച്ചെങ്കിലും നീതി ലഭിച്ചതായി തോന്നുന്നുവെന്ന് യുവതി ന്യൂസ് 18 നോട് പറഞ്ഞു. മകനെ നിർബന്ധിച്ച് സമ്മർദ്ദത്തിൽപ്പെടുത്തി മൊഴി നൽകിയതാണ്. മകനെതിരെ നടപടി വേണം എന്നു പറയില്ല. പക്ഷേ അവനെ കൊണ്ട് ഇത്തരം കള്ളമൊഴി നൽകിയവർക്കെതിരെ നടപടി വേണം.

കടയ്ക്കാവൂർ എസ്ഐയും തൻ്റെ മുൻ ഭർത്താവും ചേർന്നാണ് ചതിയൊരുക്കിയത്.  ജോലിസ്ഥലത്തുനിന്ന് തന്നെ മൊഴിയെടുക്കാൻ എന്നുപറഞ്ഞാണ് ജീപ്പിൽ കയറ്റി കൊണ്ടു പോയത്.  പൊലീസ് സ്റ്റേഷനിൽ വച്ച് വളരെ മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. മൂന്നാമത്തെ കുട്ടിയെ വിട്ടു നൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് എസ് ഐ പറഞ്ഞു. ഇല്ലെങ്കിൽ ജയിൽ ഇടിഞ്ഞാലും പുറത്തിറങ്ങില്ലെന്ന് ഭീഷണിപ്പെടുത്തി. കേസിൽ നീതി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടുണ്ട്. കുട്ടികളെ വിട്ടു നൽകണം എന്നാവശ്യപ്പെട്ട് കുടുംബ കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെണും യുവതി പറഞ്ഞു.

അമ്മ പ്രതിയായ സംസ്ഥാനത്തെ ആദ്യ പോക്സോ കേസിലാണ് നിർണായക വഴിത്തിരിവുണ്ടായത്. പതിനൊന്നു വയസുകാരനെ മൂന്നു വർഷമായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. വിശദമായ അന്വേഷണത്തിനും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.
Published by: user_57
First published: July 1, 2021, 6:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories