HOME » NEWS » Kerala » KADRI GOPALNATH A REMEMBRANCE

തൃപ്പൂണിത്തുറയില്‍ ഇരുന്നു ചിരിച്ച കദ്രി ഗോപാല്‍നാഥ് എന്ന കാറ്റ്

'അച്ഛന്റെ നാഗസ്വരമാണ് ഞാന്‍ വായിച്ചിരുന്നതെങ്കില്‍ എനിക്കൊരു ഉത്സവകച്ചേരിക്ക് അയ്യായിരം രൂപയേ കിട്ടുമായിരുന്നുള്ളൂ. സാക്‌സഫോണിലേക്ക് കച്ചേരിയെ കൊണ്ടുപോയതുകൊണ്ട് 35,000 കിട്ടി.'

News18 Malayalam | news18
Updated: October 11, 2019, 10:22 AM IST
തൃപ്പൂണിത്തുറയില്‍ ഇരുന്നു ചിരിച്ച കദ്രി ഗോപാല്‍നാഥ് എന്ന കാറ്റ്
News18
  • News18
  • Last Updated: October 11, 2019, 10:22 AM IST
  • Share this:
അനൂപ് പരമേശ്വരൻ

കെ. ബാലചന്ദറിന്റെ ഡ്യൂയറ്റ് ഇറങ്ങിയിട്ട് വര്‍ഷം പത്തായിരുന്നു. 2004ലാണ്. തൃപ്പൂണിത്തുറയില്‍ സംഗീതസഭയുടെ കച്ചേരിക്കു വന്ന കദ്രി ഗോപാല്‍നാഥ് നിര്‍ത്താതെ ചിരിച്ചു. പിറ്റേന്ന് കൊച്ചിയില്‍ എ. ആര്‍ റഹ്മാന്റെ സംഗീതസദസ്സുണ്ട്. അതിന്റെ ടിക്കറ്റിനായി നെട്ടോട്ടമോടുന്നവരുടെ ബഹളമായിരുന്നു നഗരത്തില്‍.

'ഞാന്‍ കദ്രിയല്ല. നിങ്ങളുടെ മലയാളത്തില്‍ കാറ്റാണ്. കാറ്റ് ഗോപാല്‍നാഥ്....'

പിന്നെയും ചിരി.

''എനിക്ക് കൊടുങ്കാറ്റാകാന്‍ കഴിയില്ല.'

പെട്ടെന്ന് ചാരുബെഞ്ചില്‍ വച്ചിരുന്ന ബാഗില്‍ നിന്ന് സാക്‌സഫോണ്‍ പുറത്തെടുത്തു.

കാംബോജിയില്‍ 'കുഴലൂതി കളിയാടി....'

നാലഞ്ചു മിനിറ്റിനു ശേഷം ആ കാറ്റ് പതുക്കെ അവസാനിച്ചു. പഞ്ചസാരപ്പാനിയില്‍ മുക്കിയെടുത്ത ഒരുകഷണം ചുക്ക് നീട്ടി.

'നമുക്ക് സാക്‌സോഫോണിനെക്കുറിച്ചു സംസാരിക്കാം. സിനിമയെക്കുറിച്ച് ഇന്നു ഞാന്‍ പറയില്ല.'

പത്രത്തിന്റെ നഗരപ്പതിപ്പിലേക്ക് നാലുഖണ്ഡിക ഫീച്ചര്‍ എഴുതുക എന്ന ലളിത ലക്ഷ്യം മാത്രമായിരുന്നു മുന്നില്‍. കൈയില്‍ ടേപ്പ് റെക്കോര്‍ഡര്‍ ഉണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്നത് പത്രത്തിന്റെ സ്റ്റില്‍ ഫൊട്ടോഗ്രഫര്‍. മൂന്നോ നാലോ വരികളില്‍ കഥ പറഞ്ഞ ശേഷം സാക്‌സഫോണ്‍ എടുത്തു വായിച്ച കദ്രി ഗോപാല്‍നാഥ് അന്ന് ഒന്നരമണിക്കൂര്‍ നീണ്ട സിനിമയായി മാറി. ഇന്ത്യന്‍ സംഗീതചരിത്രത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ പറഞ്ഞ സിനിമ.

രേവതിയില്‍ 'ജനനീ ജന...' മാത്രം മുഴുവനായി വായിച്ചു. ഗൗളയും നളിനകാന്തിയുമൊക്കെ വര്‍ത്തമാനത്തിനിടെ മൂളിമൂളിപ്പോയി.

എ.ആര്‍ റഹ്മാന്‍ ഡ്യൂയറ്റ് എന്ന സിനിമയിലൂടെയല്ല താരമായത്. അതിനു മുന്‍പു തന്നെ റോജ വന്നു. സന്തോഷ് ശിവന്റെ യോദ്ധയും വന്നു. പക്ഷേ, ഡ്യൂയറ്റ് ഒരു സംഭവമായിരുന്നു. സാക്‌സഫോണ്‍ എന്ന വാദ്യം മാത്രം നിറഞ്ഞുനിന്ന സിനിമ. പ്രഭു തകര്‍ത്തഭിനയിച്ച ആ ചിത്രത്തിലെ നിറസംഗീതത്തിന് റഹ്മാന്‍ ലോകമെങ്ങും ആദരിക്കപ്പെട്ടു. സാക്‌സഫോണിന്റെ ജന്മദേശമായ ബെല്‍ജിയത്തിലേക്കു പലതവണ റഹ്മാന്‍ യാത്ര ചെയ്തു.

അന്ന് ആ സിനിമയിലെ സാക്‌സഫോണ്‍ മുഴുവന്‍ കദ്രി ഗോപാല്‍നാഥിന്റെ ശ്വാസമായിരുന്നു.

കദ്രിയുടെ അന്നത്തെ തൃപ്പൂണിത്തുറക്കച്ചേരിയുടെ നിരക്ക് 35,000 രൂപയും ബംഗളൂരുവില്‍ നിന്നുള്ള വിമാനടിക്കറ്റുമായിരുന്നു. വൈറ്റില വൈറ്റ്‌ഫോര്‍ട്ട് ഹോട്ടലിലെ ഒരു ഡബിള്‍ മുറിയും. റഹ്മാന്‍ താമസം ടാജ് മലബാറില്‍. 40 ലക്ഷം രൂപയുടെ ഏക്കത്തിനായിരുന്നു റഹ്മാന്റെ സംഗീതനിശ.

ബെല്‍ജിയത്തില്‍ രൂപമെടുത്ത സാക്‌സഫോണ്‍ കര്‍ണാടക സംഗീതത്തിനു വഴങ്ങുമെന്ന് ആദ്യമായി കണ്ടെത്തിയ കദ്രി ഗോപാല്‍നാഥ് അന്നൊരു സാരോപദേശകഥ പറഞ്ഞു.

'അച്ഛന്റെ നാഗസ്വരമാണ് ഞാന്‍ വായിച്ചിരുന്നതെങ്കില്‍ എനിക്കൊരു ഉത്സവകച്ചേരിക്ക് അയ്യായിരം രൂപയേ കിട്ടുമായിരുന്നുള്ളൂ. സാക്‌സഫോണിലേക്ക് കച്ചേരിയെ കൊണ്ടുപോയതുകൊണ്ട് 35,000 കിട്ടി. നമുക്ക് ഏഴുമടങ്ങ് വരുമാനം കിട്ടുന്നു എന്നോര്‍ക്കുമ്പോള്‍ പതിന്മടങ്ങു കിട്ടുന്നവരെക്കുറിച്ച് ചിന്തിക്കാനെ തോന്നുകയില്ല.'

ഇന്ത്യയില്‍ സാക്‌സഫോണിന് ഒറ്റപ്പര്യായമേ ഉള്ളു-കദ്രി ഗോപാല്‍നാഥ്. അതുകൊണ്ട് നാം കദ്രി ഗോപാല്‍നാഥിനെ ആഘോഷിക്കുന്നു. കസെറ്റുകളും സിഡികളും പെന്‍ഡ്രൈവകളും മാത്രമേ ഇല്ലാതായിട്ടുള്ളു. കദ്രിയുടെ സംഗീതം ഒരു സിന്തസൈസറിനും രൂപം മാറ്റാനാകാതെ ബാക്കിയുണ്ട്. അന്ന് പറഞ്ഞിറങ്ങി ബൈക്കില്‍ കയറുമ്പോള്‍ പിന്നാലെ വന്ന് കദ്രി ഗോപാല്‍നാഥ് പറഞ്ഞു.

'നിങ്ങള്‍ കേട്ടിട്ടുണ്ടോ. തിരുവിതാംകൂര്‍ ആര്‍.എസ് മണി എന്നൊരു സംഗീതജ്ഞനുണ്ടായിരുന്നു. തിരുവന്തപുരത്തായിരുന്നു ഏറെക്കാലം. അദ്ദേഹം പാടിയത്ര പാട്ടുകള്‍ ലോകത്താരും പഠിച്ചിട്ടില്ല. ഒരേ രാഗം ഓരോ വേദിയിലും വേറിട്ടു വിസ്തരിക്കുമായിരുന്നു. പക്ഷേ ആര്‍എസ് മണിയെ ആരും ഓര്‍ക്കുന്നില്ല. മണിയുടെ പാട്ട് കേട്ടുപഠിച്ച മരുമകന്‍ ഹരിഹരന്‍ എത്ര വലിയ പാട്ടുകാരനായി. ശെമ്മാങ്കുടി മരിക്കുമ്പോള്‍ മൂന്നുമക്കള്‍ക്കും പാട്ടു മാത്രമേ കൊടുത്തുള്ളു. മധുരൈ മണി അയ്യര്‍ ആകാശവാണിയില്‍ പാടിയിരുന്നതുകൊണ്ട് ആ റെക്കോഡുകള്‍ എങ്കിലും ബാക്കിയുണ്ട്.'

Also Read- പ്രശസ്ത സാക്സാഫോൺ വാദകൻ കദ്രി ഗോപാൽനാഥ് അന്തരിച്ചു

First published: October 11, 2019, 10:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories