വനം കൊള്ള: റവന്യൂ മന്ത്രിയേയും മുൻ മന്ത്രിമാരേയും വിളിച്ചു വരുത്തി കാനം രാജേന്ദ്രൻ
വനം കൊള്ള: റവന്യൂ മന്ത്രിയേയും മുൻ മന്ത്രിമാരേയും വിളിച്ചു വരുത്തി കാനം രാജേന്ദ്രൻ
വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഫയലുകൾ സഹിതമാണ് റവന്യൂ മന്ത്രി കെ. രാജൻ സി പി ഐ ആസ്ഥാനത്തെത്തിയത്. മരം മുറി അനുവദിച്ചുള്ള ഉത്തരവിൽ അപാകതകൾ ഇല്ലെന്ന നിഗമനത്തിലാണ് യോഗം എത്തിച്ചേർന്നതെന്നാണ് വിവരം
തിരുവനന്തപുരം: വനം കൊള്ള വിവാദത്തിൽ പാർട്ടി പ്രതിരോധത്തിലായിരിക്കെ റവന്യൂ മന്ത്രിയേയും മുൻ മന്ത്രിമാരെയും വിളിച്ചുവരുത്തി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വിവാദ ഉത്തരവുമായി ബന്ധപ്പെട്ട ഫയലുകൾ സഹിതമാണ് റവന്യൂ മന്ത്രി കെ. രാജൻ സി പി ഐ ആസ്ഥാനത്തെത്തിയത്. മരം മുറി അനുവദിച്ചുള്ള ഉത്തരവിൽ അപാകതകൾ ഇല്ലെന്ന നിഗമനത്തിലാണ് യോഗം എത്തിച്ചേർന്നതെന്നാണ് വിവരം. അന്വേഷണം വേഗത്തിലാക്കി എവിടെയാണ് വീഴ്ചയുണ്ടായതെന്ന് കണ്ടെത്തണമെന്നും സി പി ഐ ആവശ്യപ്പെടും.
സമീപകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ കൊള്ളയായി മുട്ടിൽ മരംമുറി മാറുന്നു എന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്. അഴിമതി - പ്രകൃതി വിഷയങ്ങളിൽ എക്കാലവും ശക്തമായ നിലപാടെടുക്കുന്ന പാർട്ടിയാണ് സി പി ഐ. പക്ഷേ പാർട്ടി ഭരിച്ചിരുന്ന രണ്ടു വകുപ്പുകൾ ആരോപണ നിഴലിലായപ്പോൾ കൃത്യമായ വിശദീകരണം നൽകാൻ നേതൃത്വത്തിന് കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനെയും കെ രാജുവിനെയും റവന്യൂ മന്ത്രി കെ. രാജനെയും കാനം രാജേന്ദ്രൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചുവരുത്തിയത്. രണ്ടു മണിക്കൂറിലേറെ ഫയലുകൾ അടക്കം പരിശോധിച്ച് വിശദമായ ചർച്ചയാണ് നടന്നത്. സദുദ്ദേശ്യത്തോടെയുള്ള ഉത്തരവ് ഉദ്യോഗസ്ഥർ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. മന്ത്രിമാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. എങ്കിലും പൊതു സമൂഹത്തിലുയർന്ന സംശയങ്ങൾ മാറ്റാൻ സുതാര്യമായ അന്വേഷണം വേണം. ഇത് വേഗത്തിൽ പൂർത്തിയാക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനമായി. എന്നാൽ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാൻ സർക്കാർ ശ്രമിക്കുന്നെന്നാണ് പ്രതിപക്ഷ ആരോപണം.
വിവാദം സിപിഐയ്ക്കുള്ളിലും എതിര് ശബ്ദങ്ങളുണ്ടാക്കിട്ടിയിട്ടുണ്ട്. ഉത്തരവ് ഉദ്യോഗസ്ഥ വീഴ്ചയായി മാത്രം കാണാന്‍ കഴിയില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചതെന്നുമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം കരുതുന്നത്. അതിനാൽ രാഷ്ട്രിയനേതൃത്വത്തിൻ്റെ വീഴ്ച കൂടി പരിശോധിക്കണമെന്നാണ് ആവശ്യം.ലോക്ക് ഡൗൺ അവസാനിച്ചയുടൻ സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് വിവാദം ചർച്ച ചെയ്യും.
പരസ്പരം പഴിചാരി വകുപ്പുകൾ...
2020 ഒക്ടോബറിലെ ഉത്തരവ് സദുദ്ദേശ്യത്തോടെ ഇറക്കിയതാണെന്നും റവന്യൂവകുപ്പിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നുമുള്ള നിലപാടാണ് മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. സർവകക്ഷിയോഗം അടക്കം ആവശ്യപ്പെട്ടതനുസരിച്ചാണ് കർഷക താത്പര്യം സംരക്ഷിക്കാൻ ഇത്തരമൊരു ഉത്തരവിറക്കിയത്. ദുർവ്യാഖ്യാനം ചെയ്ത് വനം കൊള്ളയ്ക്കു ശ്രമിക്കുന്നു എന്ന് തിരിച്ചറിഞ്ഞ നിമിഷം ഉത്തരവ് പിൻവലിക്കുകയും ചെയ്തെന്നും ഇ.ചന്ദ്രശേഖരൻ വിശദീകരിക്കുന്നു. തൻ്റെ ഭാഗത്തുനിന്ന് യാതൊരു ക്രമക്കേടും ഉണ്ടായിട്ടില്ലെന്ന നിലപാടാണ് മുൻ വനം മന്ത്രി കെ രാജുവിനും. വനം കൊള്ള നടന്നത് തൻ്റെ കാലത്തല്ലെന്നും ഉത്തരവാദിത്വം ഇല്ലെന്നും ഇപ്പോഴത്തെ വനം മന്ത്രി എ. കെ.ശശീന്ദ്രനും അവകാശപ്പെടുന്നു. ഫലത്തിൽ സംസ്ഥാനം കണ്ട ഏറ്റവും വലിയ വനം കൊള്ളയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറാകാത്ത അവസ്ഥയാണ് ഉള്ളത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.