കാസർകോട്: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാസർഗോഡ് നീലേശ്വരം അടുകം സർക്കാരി കോളനിയിലെ 35 വയസുകാരിയാണ് വീട്ടിൽ ആൺ കുഞ്ഞിനു ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെട്ടെന്നുണ്ടായ പ്രസവവേദനയെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വീട്ടിൽ തന്നെ പ്രസവിക്കുകയായിരുന്നു.
ഉടൻ തന്നെ ബന്ധുക്കളുടെ സഹായത്തോടെ കനിവ് 108 ആംബുലൻസിന്റെ സഹായം തേടുകയായിരുന്നു. ആംബുലൻസ് പൈലറ്റ് രാജേഷ് കെ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജോളി കെ ജോൺ എന്നിവർ സ്ഥലത്തെത്തി. ഉടൻ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ജോളി കെ ജോൺ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. പിന്നാലെ പൈലറ്റ് രാജേഷിന്റെ നേതൃത്വത്തിൽ അമ്മയും കുഞ്ഞിനെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ambulance service, Kasaragod