• HOME
  • »
  • NEWS
  • »
  • kerala
  • »
  • കണ്ണൂർ പച്ചപിടിക്കുമോ ?പച്ചത്തുരുത്ത് പദ്ധതിയിൽ 125 ചെറുവനങ്ങൾ

കണ്ണൂർ പച്ചപിടിക്കുമോ ?പച്ചത്തുരുത്ത് പദ്ധതിയിൽ 125 ചെറുവനങ്ങൾ

ജൈവവൈവിധ്യത്തിന്റെ പകിട്ടേകി 125 പച്ചത്തുരുത്തുകൾ . വെള്ളിക്കീൽ ഇക്കോ പാർക്ക് ദേശീയ നിലവാരത്തിലേക്ക് .

  • Last Updated :
  • Share this:
ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയ മുഖം നൽകാൻ സംസ്ഥാന സർക്കാർ ആരംഭിച്ച പച്ചത്തുരുത്ത് പദ്ധതിയിൽ കണ്ണൂർ ജില്ലയിൽ ഒരുങ്ങിയത് 125 ചെറുവനങ്ങൾ. അതിജീവനത്തിനായി ചെറുവനങ്ങൾ നിർമിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥ പുനസ്ഥാപിക്കാനാണ് പച്ചത്തുരുത്ത് പദ്ധതി ആരംഭിച്ചത്.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 83.44 ഏക്കറിലാണ് പച്ചത്തുരുത്ത് ഒരുക്കിയത്. ഇവയിലാകെ 22,099 ചെടികൾ നട്ടുപിടിപ്പിച്ചു. 125 തുരുത്തുകളിൽ 96 എണ്ണം വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പൊതു ഇടങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കാവുകൾ, പാർക്കുകൾ, ശ്മശാനങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ്. 73.01 ഏക്കർ സ്ഥലത്താണ് ഇവ സ്ഥിതി ചെയ്യുന്നത്.ഒരു സെന്റ് മുതൽ അഞ്ച് ഏക്കർ വരെ വിസ്തൃതിയിയുള്ള ചെറുവനങ്ങൾ ജില്ലയിലുണ്ട്. അഞ്ച് ഏക്കറിൽ മുഴക്കുന്ന് പഞ്ചായത്ത് അയ്യപ്പൻ കാവിൽ ഒരുക്കിയതാണ് ഇവയിൽ ഏറ്റവും വലുത്. കൂടാളി ഗ്രാമപഞ്ചായത്തിലാണ് കൂടുതൽ തുരുത്തുകൾ നിർമിച്ചത്-13 എണ്ണം. കുറുമാത്തൂരിൽ പത്തെണ്ണവും ഉദയഗിരി, പടിയൂർ, മയ്യിൽ പഞ്ചായത്തുകളിൽ നാല് എണ്ണം വീതവും ഒരുക്കി. കണ്ണപുരം, ചെങ്ങളായി, പരിയാരം, വേങ്ങാട്, പെരളശ്ശേരി എന്നിവിടങ്ങളിൽ മൂന്ന് വീതം, അഴീക്കോട്, കടന്നപ്പള്ളി, കാങ്കോൽ- ആലപ്പടമ്പ്, കുറ്റിയാട്ടൂർ, ചെറുതാഴം, ധർമടം, പട്ടുവം, പെരിങ്ങോം, പായം, കണിച്ചാർ ഗ്രാമപഞ്ചായത്തുകളിലും തലശ്ശേരി, മട്ടന്നൂർ നഗരസഭകളിലും രണ്ട് വീതം, അഞ്ചരക്കണ്ടി, എരഞ്ഞോളി, കേളകം, കോളയാട്, ചപ്പാരപ്പടവ്, ചിറക്കൽ, ചെമ്പിലോട്, ചെറുകുന്ന്, തളിപ്പറമ്പ്, തൃപ്രങ്ങോട്ടൂർ, പന്ന്യന്നൂർ, പയ്യാവൂർ, പാപ്പിനിശ്ശേരി, പിണറായി, മലപ്പട്ടം, മാങ്ങാട്ടിടം, മുണ്ടേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട് എന്നീ പഞ്ചായത്തുകളിലും കൂത്തുപറമ്പ്, ആന്തൂർ, ശ്രീകണ്ഠാപുരം നഗരസഭകളിലും ഓരോന്നുമാണ് സജ്ജമാക്കിയത്.

വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ആരാധനാലയങ്ങളിൽ കീഴിലുള്ള സ്ഥലങ്ങളിലും പച്ചത്തുരുത്ത് നിർമ്മിച്ചു. ദേവഹരിതം പച്ചത്തുരുത്ത് എന്നപേരിൽ 29 തുരുത്തുകളാണ് ഇങ്ങനെ ഒരുക്കിയത്. ഇവയുടെ മൊത്തം വിസ്തൃതി 10.43 ഏക്കർ വരും.

തളിപ്പറമ്പ് മണ്ഡലത്തിലെ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് ദേശീയ നിലവാരത്തിലേക്ക്. ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാരും വിനോദസഞ്ചാര വകുപ്പും ചേർന്ന് എട്ട് കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് രണ്ട് ഘട്ടമായി ഇവിടെ നടപ്പാക്കുന്നത്.

ആദ്യഘട്ടത്തിൽ ഒരു വർഷം കൊണ്ട് പാർക്കിന്റെ സാധ്യതകൾ ഉപയോഗിച്ച് 'കണ്ടൽ ടൂറിസം' പദ്ധതി, കണ്ടൽ നടപ്പാത, പാർക്കിൽ നിന്ന് വയലിലൂടെയുള്ള നാല് കിലോമീറ്റർ നടപ്പാത, സൈക്കിൾ വേ, കുട്ടികൾക്കായുള്ള അഡ്വഞ്ചർ പാർക്ക് എന്നിവ ഒരുക്കും. രണ്ടാം ഘട്ടത്തിൽ സഞ്ചാരികൾക്കും കലാകാരന്മാർക്കും ഒത്തുകൂടാനും കൂടിക്കാഴ്ചകൾ നടത്താനും ആംഫി തിയേറ്റർ, മഡ് ഫുട്ബോൾ സൗകര്യം, പെഡൽ ബോട്ട് സർവീസ്, കയാക്കിങ്, ഫ്ളോട്ടിംഗ് ഡൈനിങ്ങ്, അമ്പതോളം പേർക്ക് ഒരേ സമയം പ്രയോജനപ്പെടുന്ന മെഡിറ്റേഷൻ സ്പേസ്, ഗവേഷകർക്കായി കണ്ടൽ ഗവേഷണ കേന്ദ്രം എന്നിവ സജ്ജമാക്കും. പദ്ധതിയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. 2014-ലാണ് രണ്ട് കോടി രൂപ ചെലവിൽ ഡി ടി പി സി യുടെ നേതൃത്വത്തിൽ വെള്ളിക്കീൽ ഇക്കോ ടൂറിസം പാർക്ക് പ്രവർത്തനം തുടങ്ങിയത്. പാർക്കിനെ ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതോടെ മേഖലയിലെ വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവുണ്ടാകും.
Published by:Amal Surendran
First published: