മലപ്പുറം: ആധുനിക കൃഷി രീതികൾ പഠിക്കാൻ സംസ്ഥാന സർക്കാർ ഇസ്രയേലിലേക്ക് കൊണ്ടു പോയ സംഘത്തിൽ നിന്ന് കാണാതായ, കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ തിരിച്ചെത്തി. തിങ്കളാഴ്ച്ച രാവിലെ 4 മണിക്കാണ് ബിജു കുര്യൻ കരിപ്പൂരിലെത്തിയത്.തുടർന്ന് നാട്ടിലേക്ക് തിരിച്ചു. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുകയായിരുന്നു ലക്ഷ്യമെന്നും സ്വമേധയാ ആണ് തിരിച്ചുവന്നതെന്നും ബിജു പറഞ്ഞു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ലെന്നും സഹോദരനാണ് ടിക്കറ്റെടുത്ത് നൽകിയതെന്നും ബിജു പറയുന്നു.
പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുക ആയിരുന്നു ലക്ഷ്യം. ഇത് സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. മുങ്ങി എന്ന വാർത്ത പ്രചരിച്ചപ്പോൾ വിഷമം തോന്നി. അതാണ് സംഘത്തോടൊപ്പം തിരികെയെത്താൻ സാധിക്കാഞ്ഞത്. സർക്കാരിനോടും സംഘാംഗങ്ങളോടും നിർവ്യാജം മാപ്പ് ചോദിക്കുന്നുവെന്നും ബിജു കുര്യൻ പറഞ്ഞു.
Also read-ഇസ്രായേലില്‍ മുങ്ങിയ ബിജു കുര്യനെ കണ്ടെത്തിയത് മൊസാദ്; തിരിച്ചയച്ചതായി അറിയിപ്പ്
ആധുനിക കാർഷിക രീതികൾ പഠിക്കുന്നതിനായി കേരളത്തിൽനിന്ന് ഇസ്രായിലിലെത്തിയ സംഘത്തിൽനിന്ന് ഫെബ്രുവരി 16ന് രാത്രി ഏഴുമണിയോടെയാണ് ബിജു കുര്യനെ കാണാതായത്. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.