കണ്ണൂരിൽ ഇടത് നേതാക്കളായ മൂന്ന് ജയരാജന്മാരിൽ ഒരാൾ പോലും മത്സരിക്കാത്ത നിയമസഭാ തെരഞ്ഞെടുപ്പ് ആയിരിക്കും ഇത്തവണ നടക്കുക. 35 വർഷങ്ങൾക്ക് ശേഷമാണ് ജയരാജന്മാർ ആരുമില്ലാത്ത ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കണ്ണൂരിൽ നടക്കുന്നത്.
1987 ന് ശേഷം ആദ്യമായാണ് അങ്ങനെ ഒരു തെരഞ്ഞെടുപ്പ് കണ്ണൂരിൽ നടക്കുന്നത്. 87 ൽ അഴീക്കോട് എം.വി. രാഘവനോടാണ് ഇ.പി. ജയരാജൻ ആദ്യം ഏറ്റുമുട്ടിയത്. അന്ന് പരാജയം രുചിച്ച ഇ.പി. ജയരാജൻ 1991ൽ സിഎംപിയിലെ മൂസാൻ കുട്ടിയെ പരാജയപ്പെടുത്തി വിജയ കൊടി നാട്ടി.
മട്ടന്നൂരിൽ നിന്ന് രണ്ടു തവണ തുടർച്ചയായി ജയിച്ചത് കൊണ്ടും സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ട് ഇ.പി. ജയരാജൻ ഇത്തവണ മാറി നിൽക്കുന്നു. പാർട്ടി നിശ്ചയിച്ച മാനദണ്ഡ പ്രകാരമാണ് മാറി നിൽക്കുകന്നത് എന്ന് ഇ.പി. ജയരാജൻ ന്യൂസ് 18 നോട് തുറന്ന് സമ്മതിക്കുകയും ചെയ്തു.
എടക്കാട് മണ്ഡലത്തിൽ 1996ൽ എ.ഡി. മുസ്തഫയെ തോൽപിച്ചാണ് എം.വി. ജയരാജൻ നിയമസഭയിലെത്തിയത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ ജോയിൻ സെക്രട്ടറിയുമായി പ്രവർത്തിച്ച എം.വി. ജയരാജൻ യുവാക്കുളുടെ ഹരമായിരുന്നു. സ്ഥാനാർഥി ചർച്ചകൾ സജീവമായ ആദ്യഘട്ടത്തിൽ എം.വി. ജയരാജൻ കല്യാശ്ശേരിയിൽ നിന്ന് മത്സരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എം.വി. ജയരാജന് പകരം ജെയിംസ് മാത്യു എം.എൽ.എ. കണ്ണൂരിൽ സിപിഎമ്മിന്റെ പുതിയ ജില്ലാ സെക്രട്ടറി ആകുമെന്നും വാർത്തകൾ പരന്നു.
ഇതിനിടയിലാണ് കോവിഡ് ബാധിതനായി എം.വി. ജയരാജൻ കണ്ണൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ചികിത്സയിലായത്. ഒരു ഘട്ടത്തിൽ ആരോഗ്യസ്ഥിതി വല്ലാതെ മോശമായി എങ്കിലും പിന്നീട് മെച്ചപ്പെട്ടു. ആശുപത്രിയിൽ നിന്ന് മടങ്ങിയെത്തിയ എം.വി. ജയരാജന്റെ പേര് പിന്നീട് സ്ഥാനാർത്ഥികളുടെ പട്ടികയിൽ ചർച്ചയായില്ല.
2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.വി. ജയരാജന് ഒപ്പം പി. ജയരാജനും കൂത്തുപറമ്പിൽ നിന്ന് നിയമസഭയിലെത്തി. കോടതി വിധിയെ തുടർന്ന് എം.എൽ.എ. സ്ഥാനം നഷ്ടമായ പി. ജയരാജൻ 2005ൽ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആ വിജയം ആവർത്തിച്ചു. വടകരയിൽ നിന്നും കഴിഞ്ഞതവണ ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ സ്ഥാനാർഥികളുടെ കൂട്ടത്തിൽ പി. ജയരാജൻ ഉണ്ടാകണമെന്ന് കണ്ണൂരിലെ ഒരു വലിയ വിഭാഗം പാർട്ടി പ്രവർത്തകർ ആഗ്രഹിച്ചിരുന്നു. സ്ഥാനാർഥിപ്പട്ടിക ചർച്ചചെയ്യാൻ കൂടിയ ജില്ലാ സെക്രട്ടറിയേറ്റിൽ പാർട്ടി നിശ്ചയിച്ച മാനദണ്ഡം കൃത്യമായി പാലിക്കപ്പെടണം എന്ന് പി. ജയരാജൻ തന്നെ ആവശ്യപ്പെട്ടു.
പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് ആയിരുന്ന എൻ. ധീരജ് കുമാർ രാജിവെച്ചു. മണിക്കൂറുകൾക്കുള്ളിൽ ധീരജ് കുമാറിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി. സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ സ്ഥാനാർഥിത്വമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പി. ജയരാജൻ തന്നെ വിലക്കി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിലക്കാത്ത പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നും പി. ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
ഇടത് പ്രവർത്തകരുടെ ആവേശമായ ജയരാജന്മാർ കണ്ണൂർ രാഷ്ട്രീയത്തിന്റെ സുപ്രധാന ഘടകമാണ്. സ്ഥാനാർഥികളായി മത്സരരംഗത്ത് ഇല്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മൂന്ന് പേരും താരങ്ങൾ ആയിരിക്കും.
Summary: The left bastion of Kannur is witnessing Assembly Polls without its helmsmen E.P. Jayarajan, P. Jayarajan and M.V. Jayarajan. This is a first in the history of 35 years after the party chose to let in more youngsters this time around ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.