• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kannur University | സൈക്കോളജി മാത്രമല്ല ബോട്ടണിയിലും മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വീണ്ടും വിവാദത്തില്‍

Kannur University | സൈക്കോളജി മാത്രമല്ല ബോട്ടണിയിലും മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷ വീണ്ടും വിവാദത്തില്‍

2020 ൽ നടത്തിയ പരീക്ഷയുടെ  95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചിട്ടുണ്ട്

കണ്ണൂര്‍ സര്‍വകലാശാല

കണ്ണൂര്‍ സര്‍വകലാശാല

  • Share this:
    കണ്ണൂർ സർവകലാശാല (Kannur University ) ബിരുദ പരീക്ഷയിൽ ചോദ്യ പേപ്പർ ആവർത്തനം വീണ്ടും കണ്ടെത്തി. ഏപ്രിൽ 21 ന് നടന്ന മൂന്നാം സെമസ്റ്റർ ബോട്ടണി (Botany) പരീക്ഷയുടെ ചോദ്യ പേപ്പറും മുന്‍ വര്‍ഷത്തെ ചോദ്യങ്ങളുടെ  ആവർത്തനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആൾഗേ ആന്റ് ബ്രയോഫൈറ്റ്സ് ചോദ്യ പേപ്പറാണ് ആവർത്തിച്ചത്. 2020 ൽ നടത്തിയ പരീക്ഷയുടെ  95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചിട്ടുണ്ട്.

    കഴിഞ്ഞ ദിവസങ്ങളിലായി നടന്ന മൂന്നാം സെമസ്റ്റര്‍ സൈക്കോളജിയുടെ രണ്ട് പരീക്ഷകളിലും സമാനമായ വീഴ്ച കണ്ടെത്തിയിരുന്നു. 2020ലെ ചോദ്യപേപ്പറിന്‍റെ ആവര്‍ത്തനമാണ് സൈക്കോളജി പരീക്ഷയിലും ഉണ്ടായത്. സംഭവത്തിലെ വീഴ്ച സമ്മതിച്ച സർവ്വകലാശാല വൈസ് ചാൻസിലർ, കഴിഞ്ഞ രണ്ട് പരീക്ഷകളും റദ്ദാക്കിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബോട്ടണി പരീക്ഷയിലും വീഴ്ച സംഭവിച്ചതായി പരാതി ഉയരുന്നത്.

    Also Read- മുന്‍ വര്‍ഷത്തെ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ചു; കണ്ണൂര്‍ സര്‍വകലാശാല സൈക്കോളജി പരീക്ഷ റദ്ദാക്കി

    ചോദ്യപ്പേപ്പർ ആവർത്തിച്ച സംഭവത്തിലെ വീഴ്ചയെ സംബന്ധിച്ച് പഠിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചതായി സർവ്വകലാശാല അറിയിച്ചു. അടുത്ത ദിവസങ്ങളിൽ നടക്കാനുള്ള പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ആരോപണം  ഇതിനോടകം ഉയർന്നിട്ടുണ്ട്.

    ഈ സാഹചര്യത്തിൽ  ഇനി നടക്കാനുള്ള പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തിയിട്ടുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. ആർകെ ബിജു വൈസ് ചാൻസിലർക്ക് കത്ത് നൽകി.  വിഷയത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ വിദ്യാർത്ഥി യൂണിയനുകൾ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

    പരീക്ഷാ നടത്തിപ്പില്‍ തുടര്‍ച്ചയായി സംഭവിക്കുന്ന വീഴ്ചകള്‍ മൂലം കൂടുതല്‍ പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കാനുള്ള സാധ്യതയാണുള്ളത്. റദ്ദാക്കിയ പരീക്ഷകള്‍ വീണ്ടും നടത്തുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. സര്‍വകലാശാലയ്ക്ക് അധിക ചിലവും ഇതിലൂടെ ഉണ്ടാകും.

    Higher Secondary | ഹയര്‍ സെക്കന്‍ററി മൂല്യനിര്‍ണയം; ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി, അധ്യാപകര്‍ സമരത്തിലേക്ക്


    ഹയർ സെക്കന്‍ററി (Higher Secondary) പരീക്ഷാ മൂല്യനിർണയം (Exam Valuation) ആരംഭിക്കാനിരിക്കെ അധ്യാപക സംഘടനകൾ സമരത്തിലേക്ക് (Strike) . മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച വകുപ്പ് നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ എകെഎസ്ടിയു ഉൾപ്പെടെ സർക്കാരിന് കത്ത് നൽകി. പ്രതിദിനം പരമാവധി 40 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയിരുന്ന സ്ഥാനത്ത് ഇനി മുതല്‍ 50 ഉത്തരക്കടലാസുകള്‍ മൂല്യനിർണയം നടത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.

    ഈ മാസം 28 മുതൽ ഹയർ സെക്കന്‍ററി മൂല്യനിർണയ ക്യാമ്പുകള്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ആരംഭിക്കാനിരിക്കെയാണ് അധ്യാപകര്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഭാഷാ-മാനവിക വിഷയങ്ങളാണെങ്കില്‍ ഒരു ദിവസം 26 ഉത്തരക്കടലാസുകളും ശാസ്ത്ര വിഷയങ്ങളാണെങ്കിൽ 40 ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തണമെന്നായിരുന്നു വ്യവസ്ഥ.

     Also Read- സർവകലാശാല ബിരുദ പ്രവേശന പൊതു പരീക്ഷ; ചോദ്യങ്ങള്‍ മലയാളത്തിലും; അവസാന തീയതി മെയ് 6

    എന്നാൽ പുതിയ നിർദ്ദേശം അനുസരിച്ച് ഇത് യഥാക്രമം 34ഉം 50ഉം ആയി മാറി. അതായത് പരമാവധി 80 മാർക്കിന്‍റെ ഉത്തരക്കടലാസ് 10 മിനിറ്റുകൊണ്ട് മൂല്യനിർണയം നടത്തണമെന്ന് ചുരുക്കം. ഉത്തരങ്ങൾ വിശദമായി വായിച്ചുനോക്കാൻ പോലും പറ്റാത്ത ഈ രീതി അശാസ്ത്രീയമെന്നും മൂല്യനിര്‍ണയത്തിന്‍റെ നിലവാരം തകര്‍ക്കുമെന്നാണ് അധ്യാപകര്‍ ഉന്നയിക്കുന്ന പ്രധാന പരാതി.

    2022 ജനുവരിയിൽ ഹയർസെക്കന്‍ററി പരീക്ഷാ മാന്വൽ പരിഷ്കരിച്ചപ്പോഴാണ് ഈ പുതിയ നിബന്ധന കൊണ്ടുവന്നത്. മൂല്യനിർണയ സമയത്തെക്കുറിച്ച് വിദഗ്ധ സമിതി നല്‍കിയ ശുപാർശയനുസരിച്ചാണ് പുതിയ സമയക്രമം നടപ്പാക്കുന്നതെന്ന് ഹയർസെക്കന്‍റി വകുപ്പ് വിശദീകരിക്കുന്നു. പുതിയ രീതി പ്രകാരം മൂല്യനിർണയം നേരത്തെ പൂർത്തിയാക്കി ഫലപ്രഖ്യാപനം വേഗത്തിലാക്കാം.

    ഒപ്പം മൂല്യനിര്‍ണയ ക്യാംപിലെത്തി അധ്യാപകര്‍ മുങ്ങുന്ന രീതിയും അവസാനിപ്പിക്കാകും. സിപിഐ അനുകൂല സംഘടനയായ എകെഎസ്ടിയുവിനൊപ്പം കെഎച്ച്എസ്ടിയു, എച്ച്എസ്എസ്ടിഎ ഉൾപ്പെടെയുളള നാല് പ്രധാന അധ്യാപക സംഘടനകള്‍ സമരത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാത്രി വൈകിയുളള മൂല്യനിർണയം സാധ്യമല്ലെന്നും അധ്യാപകർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
    Published by:Arun krishna
    First published: