നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kannur University Exam | ചോദ്യപേപ്പര്‍ മാറി നല്‍കി ; നാളത്തെ പരീക്ഷകള്‍ മാറ്റി വെച്ച് സര്‍വ്വകലാശാല

  Kannur University Exam | ചോദ്യപേപ്പര്‍ മാറി നല്‍കി ; നാളത്തെ പരീക്ഷകള്‍ മാറ്റി വെച്ച് സര്‍വ്വകലാശാല

  കണ്ണൂര്‍ എസ് എന്‍ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്‍കിയത്.

  • Share this:
   കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല( Kannur University) നാളെ നടത്താന്‍ നിശ്ചയിച്ച രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മാറ്റി വെച്ചു. (Exams Postponed). ബി എ അഫ്‌സല്‍ ഉലമ ഒഴികെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതിയ തീയതി പിന്നീട് അറിയിക്കും.

   നാളെ നടക്കേണ്ട റീഡിങ്ങ്‌സ് ഓണ്‍ ജെന്‍ഡര്‍ എന്ന വിഷയത്തിന്റെ ചോദ്യപ്പേപ്പറാണ് ഇന്ന് നടന്ന രണ്ടാം സെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറിന് പകരം നല്‍കി.യത് ഈ സാഹചര്യത്തിലാണ് പരീക്ഷമാറ്റാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ എസ് എന്‍ കോളേജിലെ പരീക്ഷ കേന്ദ്രത്തിലാണ് ചോദ്യപ്പേപ്പര്‍ മാറി നല്‍കിയത്.

   അതേ സമയം കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. വിസിയായി തുടരാന്‍ ഡോ. ഗോപിനാഥ് രവീന്ദ്രനു യോഗ്യതയില്ലെന്നു പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ഹൈക്കോടതി വിധി സര്‍ക്കാരിന് ആശ്വാസമാകുകയാണ്. ഗവര്‍ണര്‍ കൂടി അറിഞ്ഞ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയല്ലേ പുനര്‍ നിയമനം നല്‍കിയതെന്ന് കോടതി ചോദിച്ചു.

   Also Read- നമ്മൾ എങ്ങോട്ടാണ് പോകുന്നത്? സംസ്ഥാനത്ത് നിലവിലുള്ളത് ഭീതിജനകമായ സാഹചര്യം; പോത്തൻകോട് സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

   വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതിനെച്ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. സമ്മര്‍ദ്ദത്തോടെ പ്രവര്‍ത്തിക്കാനാകില്ലെന്നും സംസ്ഥാനത്തെ ചാന്‍സലര്‍ പദവി ഒഴിയുമെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഹൈക്കോടതി വിധി സര്‍ക്കാരിന് ആശ്വാസമാകുകയാണ്. ഗവര്‍ണറുടെ നിലപാടു തന്നെ ചൂണ്ടിക്കാട്ടിയുള്ള ഹൈക്കോടതി നടപടിയാണ് സര്‍ക്കാരിന് ആശ്വാസം പകരുന്നത്. എന്നാല്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

   ഹൈക്കോടതി തള്ളിയത് വിവാദ സാഹചര്യത്തിന് മുന്‍പുള്ള ഹര്‍ജി: മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണം ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്

   കണ്ണൂര്‍ സര്‍വകലാശാലയിലെ( Kannur University ) വി.സി നിയമനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheesan).

   ഹര്‍ജിയുമായി ബന്ധപ്പെട്ട് വി.സി നിയമനത്തെ അനുകൂലിച്ചുള്ള സത്യവാങ്മൂലമാണ് ഗവര്‍ണര്‍ നല്‍കിയിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു ശേഷമാണ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്ന ആരോപണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.

   പിന്നാലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ചാന്‍സലര്‍ക്ക് നല്‍കിയ കത്തും പുറത്തുവന്നു. ഈ വിവാദ സാഹചര്യങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഹര്‍ജിയിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഡിവിഷന്‍ ബെഞ്ചില്‍ പോകുമ്പോള്‍ പുതിയ സാഹചര്യങ്ങളും കോടതി പരിഗണിക്കും. ഇപ്പോള്‍ ഹര്‍ജി ഹൈക്കോടതി തള്ളിയതില്‍ അദ്ഭുതമില്ലെന്ന് അദ്ദേഹം പറഞ്ഞു

   ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലെ നഗ്‌നമായ രാഷ്ട്രീയ ഇടപെടലാണ് കണ്ണൂര്‍ വി.സി നിയമനത്തിലൂടെ നടന്നിരിക്കുന്നത്. എല്ലാ സര്‍വകലാശാലകളിലും സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി ഒഴിവുകള്‍ സംവരണം ചെയ്തിരിക്കുകയാണ്. അക്കാദമിക് കമ്മിറ്റികളിലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണ്. ഇത് ഒരു കാരണവശാലും യു.ഡി.എഫ് അംഗീകരിക്കില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

   ഹൈക്കോടതി തള്ളിയത് വിവാദ സാഹചര്യത്തിന് മുന്‍പുള്ള ഹര്‍ജി: മന്ത്രി ആര്‍ ബിന്ദു രാജിവയ്ക്കണം ; ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ്
   Published by:Jayashankar AV
   First published: