കണ്ണൂർ സർവ്വകലാശാലയിൽ (Kannur University) വീണ്ടും ചോദ്യ പേപ്പർ (question paper) ആവർത്തിച്ചതായി പരാതി. നാലാം സെമസ്റ്റർ MSc മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്റ്റീവ് പേപ്പറായ 'ഫോറിയർ ആൻഡ് വേവ് ലെറ്റ് അനാലിസിസ്' എന്ന ചോദ്യപേപ്പറിനെ സംബന്ധിച്ചാണ് ആക്ഷേപം.
കഴിഞ്ഞ വർഷത്തെ അതേ ചോദ്യങ്ങൾ തന്നെ ആവർത്തിച്ചു. മുമ്പ് ബോട്ടണി, സൈക്കോളജി എന്നീ വിഷയങ്ങളിലെ ബിരുദ പരീക്ഷകളിലും ചോദ്യപേപ്പർ ആവർത്തിച്ചതായി പരാതി ഉയർന്നിരുന്നു. സംഭവത്തിൽ വൈസ് ചാൻസലർ പരീക്ഷ കൺട്രോളറോട് റിപ്പോർട്ട് തേടി. സർവകലാശാല പരീക്ഷ കൺട്രോളർ പി.ജെ. വിൻസെന്റ് സ്ഥാനം ഒഴിയാനിരിക്കെയാണ് കണക്ക് പരീക്ഷയുടെ ചോദ്യ പേപ്പറും ആവർത്തിച്ചിരിക്കുന്നത്.
കണ്ണൂർ സർവ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പിലെ തുടർച്ചയായുള്ള വീഴ്ചകൾ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ പരീക്ഷാ സമ്പ്രദായം അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമെന്ന് കെ.എസ്.യു. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
ഗുരുതരമായ വീഴ്ചകൾ നിരന്തരം ആവർത്തിക്കപ്പെടുന്നത് കേവലം സാധാരണ നിലയിലുള്ള വീഴ്ച്ചകൾ എന്നതിനപ്പുറത്തേക്ക് വൻ അട്ടിമറിയുടെ ഭാഗമാണ് എന്ന് മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
വൈസ് ചാൻസാലറുടെ പ്രത്യേക താല്പര്യങ്ങളും പുതിയ രീതികളും സർവ്വകാലാശാലയിലെ പരീക്ഷാ നടത്തിപ്പിൽ നടപ്പിലാക്കുന്നതിനുള്ള അജണ്ടയുടെ ഭാഗമായിട്ടാണ് ഗുരുതരമായ ഇത്തരമൊരു അട്ടിമറി നീക്കം നടക്കുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായിട്ടാണ് വീഴ്ചകളുടെ ഉത്തരവാദിത്തം പരീക്ഷാ കൺട്രോളറുടെ മാത്രം തലയിലിട്ട് വി.സി. നേരിട്ട് ഇടപെട്ട് അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിച്ചത്. വിഷയത്തിൽ ഉന്നതതല അന്വേഷണം അനിവാര്യമാണ്.
നാലാം സെമസ്റ്റർ MSc മാത്തമാറ്റിക്സ് പരീക്ഷയുടെ ചോദ്യപേപ്പറും കഴിഞ്ഞ വർഷത്തെ തനിയാവർത്തനമായതോടെ വേലി തന്നെ വിളവ് തിന്നുന്ന ഗൗരവതരമായ സാഹചര്യമാണ് കണ്ണൂർ സർവ്വകലാശാലയിൽ നിലനിൽക്കുന്നതെന്നും ഷമ്മാസ് പറഞ്ഞു.
സർവകലാശാല പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ നൽകുന്ന പ്രാധാന്യം കണ്ണൂർ സർവകലാശാല അധികൃതർ നൽകുന്നില്ലെന്നു സെനറ്റ് അംഗം ഡോ. ആർ.കെ. ബിജു ആരോപിച്ചു. നാലാം സെമസ്റ്റർ MSc മാത്തമാറ്റിക്സ് പരീക്ഷയുടെ ഇലക്റ്റീവ് പേപ്പറായ ഫോറിയർ ആൻഡ് വേവ് ലെറ്റ് അനാലിസിസ് എന്ന ചോദ്യപേപ്പറും കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്തിയിരിക്കുന്നു എന്നത് നിരാശജനകം തന്നെയാണ്. ഇതിനു മുൻപ് ബിരുദ പ്രോഗ്രാമായ സൈക്കോളജിയിലെ മൂന്നു ചോദ്യപേപ്പറും പഴയത് തന്നെയായിരുന്നു. കൂടാതെ മറ്റു ഒട്ടുമിക്ക വിഷയങ്ങളിലും ചോദ്യപേപ്പറിൽ സമാനമായ വീഴ്ച്ചകൾ ഉണ്ടായിരുന്നു. യാതൊരുവിധ മാനദണ്ഡവും പാലക്കാതെയാണ് സർവകലാശാല പരീക്ഷ നടത്തുന്നത്. ഇനിയും വിദ്യാർത്ഥികളുടെ ക്ഷമ സർവകലാശാല പരിശോധിക്കരുതെന്നും, വിസി പരീക്ഷയുടെ നിലവാരം തകർക്കുന്നതിന് കൂട്ടു നിൽക്കുകയാണെന്നും ആർ.കെ. ബിജു പറഞ്ഞു.
കണ്ണൂർ സർവകലാശാല പരീക്ഷ നടത്തത്തിൽ തുടർച്ചയായി ക്രമക്കേട് ആരോപണം ഉയരുന്നത് വലിയ പ്രതിഷേധത്തിന് വഴിവെക്കുന്നുണ്ട്.
Summary: Kannur University repeats previous year question paper for MSc Mathematics examinationഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.