Prophet Remark Row| പ്രവാചക നിന്ദ: മുതലെടുപ്പിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
Prophet Remark Row| പ്രവാചക നിന്ദ: മുതലെടുപ്പിന് ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
ഇന്ത്യാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഇതിനുത്തരവാദിയല്ല. വിശ്വാസികള്‍ വലിയ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ആ സമയത്ത് നിന്ദ്യപരാമര്‍ശങ്ങളുടെ പേരില്‍ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുതെന്നും കാന്തപുരം പറഞ്ഞു.
കോഴിക്കോട്: പ്രവാചകരെ കുറിച്ച് ചിലര്‍ നടത്തിയ നിന്ദ്യപരാമര്‍ശങ്ങള്‍ ഇസ്‌ലാം മത വിശ്വാസികളോട് മാത്രമല്ല, നമ്മുടെ രാജ്യത്തോടും ലോകജനതയോടും തന്നെയുള്ള അനാദരവാണെന്നും ഇന്ത്യാരാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഇതിനുത്തരവാദിയല്ലെന്നും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ (Kanthapuram AP Aboobacker Musliyar) പറഞ്ഞു. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങള്‍, ഹിന്ദുക്കളും മുസ്‌ലിംകളും മറ്റുമതസ്ഥരും ഈ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളും ബഹുസ്വരതയും കാത്തുസൂക്ഷിക്കുന്നവരാണ്. വിശ്വാസികള്‍ വലിയ വേദനയിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ആ സമയത്ത് നിന്ദ്യപരാമര്‍ശങ്ങളുടെ പേരില്‍ ഹൈന്ദവ മതവിഭാഗത്തെയാകെ കുറ്റപ്പെടുത്തരുതെന്നും കാന്തപുരം പറഞ്ഞു.
ഹിന്ദുമത വിശ്വാസികൾക്കെതിരെയുള്ള തെറ്റായ സമീപനത്തിന് ഇത് കാരണമാവരുത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ജോലികളിൽ നിന്ന് ഹൈന്ദവ സഹോദരങ്ങളെ പിരിച്ചുവിടാനോ നമ്മുടെ സാമൂഹിക ജീവിതത്തെ ഈ പ്രശ്നങ്ങൾ ബാധിക്കാനോ ഇടവരരുത്. ഇത്തരം സന്ദര്‍ഭങ്ങള്‍ ദുരുപയോഗം ചെയ്ത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ സൃഷ്ടിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കില്‍ രാജ്യം ഒന്നിച്ചുനിന്ന് അവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് ഒന്നുമറിയാത്തവരാണ് ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും വിവിധ മതങ്ങളെയും സംസ്‌കാരത്തെയും ആദരിക്കുന്നവരാണ്. ചിലര്‍ മത വിദ്വേഷത്തിന്റെയും പകയുടെയും തീക്കനലുകള്‍ ഉണ്ടാക്കുന്നുണ്ട്. അവര്‍ക്ക് സമൂഹത്തിൽ അനുവർത്തിക്കേണ്ട സമീപന രീതി രാജ്യം പഠിപ്പിക്കണം.
നമ്മുടെ മതനിരപേക്ഷ നിലപാടാണ് അറബ് രാജ്യങ്ങളില്‍ നമുക്ക് ആദരം നേടിത്തന്നത്. അതിനാല്‍ രാജ്യത്തിന്റെ തിളക്കത്തിന് മങ്ങലേല്‍പ്പിക്കുന്ന ശക്തികളെ രാഷ്ട്രം നിലക്ക് നിര്‍ത്തണം. ഇന്ത്യയുടെ അന്തഃസത്തക്ക് കളങ്കം ചേര്‍ത്തുന്ന ഒരു നിലപാടിനെയും അംഗീകരിക്കാനാവില്ല. എല്ലാ മതങ്ങളോടും സഹിഷ്ണുത പുലര്‍ത്തുക എന്ന നമ്മുടെ അടിത്തറ ദുര്‍ബലപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്- കാന്തപുരം പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.