HOME » NEWS » Kerala » KANTHAPURAM SAYS HIGH COURT VERDICT ON MINORITY SCHOLARSHIP IS DISAPPOINTING

ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി നിരാശാജനകം; സർക്കാർ അപ്പീൽ നൽകണമെന്ന് കാന്തപുരം

സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

News18 Malayalam | news18-malayalam
Updated: May 29, 2021, 4:36 PM IST
ന്യൂനപക്ഷ സ്കോളർഷിപ്പ്: ഹൈക്കോടതി വിധി നിരാശാജനകം; സർക്കാർ അപ്പീൽ നൽകണമെന്ന് കാന്തപുരം
കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍.
  • Share this:
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാര്‍. ഹൈക്കോടതി വിധി നിരാശാജനകമാണ്. അപ്പീൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിഗണിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു. കോടതിയിൽ വസ്തുത അവതരിപിക്കുന്നതിൽ വീഴ്ച പറ്റിയെങ്കിൽ സർക്കാർ തിരുത്തണം. മുസ്ലിം വിദ്യാഭ്യാസ പിന്നോക്കാവസ്ഥയുടെ കണക്കുകൾ സർക്കാർ പുറത്തുവിടണം.

ഉദ്യോഗസ്ഥ പ്രാതിനിധ്യത്തില്‍ മുസ്ലീം സമുദായത്തിനുള്ള ഭീമമായ കുറവിന് കാരണം വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥയാണ്. ഹൈക്കോടതി റദ്ദാക്കിയ സ്‌കോളര്‍ഷിപ്പിന്റെ ലക്ഷ്യം മുസ്ലീം വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കലാണ്. സാങ്കേതിക കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സ്കോളര്‍ഷിപ്പിനെ റദ്ദാക്കികൂടായെന്നും സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Also Read ലക്ഷദ്വീപ് സന്ദർശിക്കാൻ യു.ഡി.എഫ് എം.പിമാരുടെ പ്രതിനിധി സംഘം; അനുമതി തേടി കത്ത് നൽകിയെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍

വിധിക്കെതിരെ മുസ്ലിം ലീഗ് അപ്പീൽ നൽകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ്  എന്ത് നിലപാട് എടുക്കുന്നുവെന്നത് നിർണായകമാണ്. പ്രത്യേകിച്ച്, ക്രൈസ്തവ സഭകൾ വിധിയെ സ്വാഗതം ചെയ്യുന്ന  സാഹചര്യത്തിൽ.

Also Read- '80: 20 അനുപാതം കൊണ്ടുവന്നത് പാലൊളി; ക്രിസ്ത്യൻ വിഭാഗം വിദ്യാഭ്യാസപരമായി ന്യൂനപക്ഷമല്ല': ഇ ടി മുഹമ്മദ് ബഷീർ

ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ ഐഎന്‍എല്‍ പ്രതികരിച്ചു. പാര്‍ട്ടി കൂടിയാലോചിച്ചശേഷം വിഷയം എല്‍ഡിഎഫില്‍ ഉന്നയിക്കുമെന്നും സര്‍ക്കാരിനോട് അപ്പീല്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ കാസർഗോഡ് പറഞ്ഞു.

അതേസമയം, ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് രംഗത്തെത്തി. ന്യായമായ വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ജോസഫ് ആവശ്യപ്പെട്ടു. ഓരോ സമുദായങ്ങള്‍ പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നടപ്പിലാക്കേണ്ടത്. എല്ലാ കാര്യങ്ങളും പരിശോധിച്ചാണ് ഹൈക്കോടതി വിധി പറഞ്ഞത്. പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ പിന്നീടാകാമെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. കോടതിയില്‍ വിധിയില്‍നിന്ന് മനസിലാക്കുന്നത് സ്‌കോളര്‍ഷിപ്പ് അര്‍ഹതപ്പെട്ട എല്ലാ കുട്ടികള്‍ക്കും ലഭിക്കണം എന്നതാണെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കി. വിധി പകര്‍പ്പ് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read- 80:20 അനുപാതം റദ്ദാക്കിയ വിധി: സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും വിധി നടപ്പാക്കണമെന്നും സിറോ മലബാര്‍ സഭ

ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ് അറിയിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറയുന്നു. പദ്ധതിയില്‍ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടെടുത്ത തീരുമാനമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതല്‍ ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് എം പി ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു.

Also Reaad- '80:20 അനുപാതം വിവേചനം തന്നെ, മുസ്ലിം ലീഗിന് വഴങ്ങി യുഡിഎഫ് തീരുമാനമെടുത്തു': പാലൊളി മുഹമ്മദ് കുട്ടി

ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിതരണം 80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. പൊതുവായ പദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്ലിം സമുദായത്തിനും ബാക്കി 20 ശതമാനം ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നീ 5 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചുകൊണ്ടുള്ള ഉത്തരവാണ് ഇതോടെ റദ്ദാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. സംസ്ഥാന സർക്കാരിന്‍റെ കീഴിലുളള ന്യൂനപക്ഷ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള സർക്കാർ ഉത്തരവാണ് ചീഫ്  ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. 2015ലെ ഈ ഉത്തരവ് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും കോടതി പറയുന്നു. ജനസംഖ്യാ കണക്കിന്‍റെ അടിസ്ഥാനത്തിൽ  അനുപാതം പുനർനിശ്ചിക്കാൻ കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

2015 ലെ ഉത്തരവനുസരിച്ച് മുസ്ലീംമത വിഭാഗത്തിൽപ്പെട്ടവരെ പൊതുവായി കണക്കാക്കിയപ്പോൾ ക്രൈസ്തവ ന്യൂനപക്ഷ വിഭാഗങ്ങളിൽ ലത്തീൻ വിഭാഗത്തിൽപ്പെട്ടവർക്കും പരിവർത്തനം നടത്തിയവർക്കും മാത്രമാണ് ന്യൂനപക്ഷ അവകാശം ഉറപ്പാക്കിയിരുന്നത്. ഈ നടപടി കൂടി ചോദ്യം ചെയ്തായിരുന്നു ഹൈക്കോടതിയിലെ ഹർജി. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ കൈവശമുളള ഏറ്റവും പുതിയ സെൻസസ് കൂടി അടിസ്ഥാനമാക്കി ജനസംഖ്യാനുപാതികമായി അർഹരായവരെ കണ്ടെത്തണമെന്നും ഉത്തരവിലുണ്ട്. ന്യൂനപക്ഷ അവകാശങ്ങൾ മുസ്ലീംന്യൂന പക്ഷങ്ങൾക്ക് മാത്രമായി കേരളത്തിലെ ഇടത് വലത് സർക്കാരുകൾ നൽകുന്നെന്ന ക്രൈസ്തവ വിഭാഗങ്ങളുടെ പരാതിക്കൊടുവിലാണ് ഈ വകുപ്പുതന്നെ മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുത്തത്.
Published by: Aneesh Anirudhan
First published: May 29, 2021, 4:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories