HOME » NEWS » Kerala » KANTHAPURAM SECT SLAMS GOVERNMENT FOR ITS DECISION ON MINORITY SCHOLRASHIP THROUGH FB POST OF SYS STATE SECRETARY HAKKIM ASHARI NAV TV

സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗം, മുഖ്യമന്ത്രിയ്ക്കെതിരെ ഹക്കീം അസ്ഹരി

പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിനെ എല്‍.ഡി.എഫും സര്‍ക്കാറും തള്ളിക്കളഞ്ഞോയെന്ന് ചോദിക്കുന്ന പോസ്റ്റില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ ഉള്‍പ്പെടെയുള്ള പല പഴുതുകളുമുണ്ടായിട്ടും അതൊന്നും സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്നും വിമര്‍ശിക്കുന്നു.

News18 Malayalam | news18-malayalam
Updated: July 18, 2021, 1:25 PM IST
സര്‍ക്കാറിനെതിരെ കടുത്ത വിമര്‍ശനവുമായി കാന്തപുരം വിഭാഗം, മുഖ്യമന്ത്രിയ്ക്കെതിരെ ഹക്കീം അസ്ഹരി
ഹക്കീം അസ്ഹരി
  • Share this:
കോഴിക്കോട്: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. ഫേസ്ബുക്ക് പോസ്റ്റില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും അസ്ഹരി വിമര്‍ശിക്കുന്നു. അന്തിമ തീരുമാനമെടുക്കും മുമ്പ് മുസ്ലിം സംഘടനകളുമായി ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും ഇത് ഖേദകരമാണെന്നും പോസ്റ്റില്‍ പറയുന്നു.

പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിനെ എല്‍.ഡി.എഫും സര്‍ക്കാറും തള്ളിക്കളഞ്ഞോയെന്ന് ചോദിക്കുന്ന പോസ്റ്റില്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ ഉള്‍പ്പെടെയുള്ള പല പഴുതുകളുമുണ്ടായിട്ടും അതൊന്നും സര്‍ക്കാര്‍ ഉപയോഗിച്ചില്ലെന്നും വിമര്‍ശിക്കുന്നു. സര്‍ക്കാര്‍ കോടതി വിധി നടപ്പാക്കിയതാണെന്ന് കരുതാനാവില്ലെന്നും തീരുമാനം ധൃതിപിടിച്ചതും ലാഘവത്തോടെയുള്ളതാണെന്നും വിമര്‍ശനമുണ്ട്.

2008ല്‍ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി ചെയര്‍മാനായ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്ച്യുതാനന്ദന് സമര്‍പ്പിക്കുന്നതിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് ഹക്കീം അസ്ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞോയെന്ന് ചോദിക്കുന്ന പോസ്റ്റിനൊപ്പം അന്നത്തെ ചിത്രം കൂടി ഉള്‍പ്പെടുത്തിയതിന് സര്‍ക്കാറിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിക്കും എല്‍.ഡി.എഫ് സര്‍ക്കാറിനും പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്ന നേതാവാണ് എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. അന്ന് സര്‍ക്കാറിന് നല്‍കിയ പിന്തുണക്ക് പല കോണുകളില്‍ നിന്നും ഹക്കീം അസ്ഹരി ആക്രമണം നേരിടുകയും ചെയ്തിരുന്നു. സമുദായ വിഷയങ്ങളില്‍ പിണറായി സര്‍ക്കാറിനൊപ്പം നിലയുറപ്പിക്കാറുള്ള കാന്തപുരം വിഭാഗം പക്ഷെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കടുത്ത വിമര്‍ശനമാണ് മുന്നോട്ടുവെക്കുന്നത്. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരുടെ മകന്‍ കൂടിയാണ് എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി

സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിക്കുന്നത് ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളാണെന്ന സി.പി.എം നേതാക്കളുടെ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതുമാണ് ഹക്കീം അസ്ഹരിയുടെ നിലപാട്. വിഷയത്തില്‍ സമസ്ത ഇ.കെ വിഭാഗവും കടുത്ത നിലപാടിലാണ്. വരും ദിവസങ്ങളില്‍ മുസ്ലിം സംഘടനകള്‍ യോജിച്ചുള്ള നീക്കമുണ്ടാവുമെന്നാണ് സൂചന.

അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍ ഡി എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ?
പിന്നാക്ക ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സാമൂഹിക നീതിയെയും സമതയെയും അട്ടിമറിക്കാനേ സഹായിക്കൂ. മുസ്ലിം ന്യൂനപക്ഷത്തിന്റെ സവിശേഷമായ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ള പദ്ധതികളാണ് പാലോളി കമ്മറ്റി നിര്‍ദേശിച്ചത്. ആ റിപ്പോര്‍ട്ടിന്റെ അന്തസത്തയെ നിരാകരിക്കുന്ന തീരുമാനമാണ് സ്‌കോളര്‍ഷിപ്പിന്റെ അനുപാതത്തില്‍ മാറ്റം വരുത്താനുള്ള ഇപ്പോഴത്തെ തീരുമാനം. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിനെ എല്‍ ഡി എഫും സര്‍ക്കാരും തള്ളിക്കളഞ്ഞോ എന്നു വ്യക്തമാക്കണം. ഇല്ലെങ്കില്‍ ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുള്ള നയപരമായ തീരുമാനം കൈക്കൊള്ളണം.

ഹൈക്കോടതി വിധിയെ മാനിച്ചുകൊണ്ടെടുത്ത  കേവലം ഭരണപരമായ തീരുമാനമായി മാത്രം ഇതിനെ കാണാന്‍ കഴിയില്ല. നിയമപരമായ നിരവധി പഴുതുകളും വ്യാഖ്യാന സാധ്യതകളും  ഉള്ള ഒരു വിധിയെ ഇത്രയും ലാഘവത്തോടെയും ധൃതിയോടെയും സമീപിച്ച രീതി ശരിയല്ല. ഈ വിഷയത്തില്‍ പങ്കാളികളായ വിവിധ വിഭാഗങ്ങളുമായി വിശാലമായ കൂടിയാലോചന നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നാണ്  മുഖ്യമന്ത്രി തുടക്കത്തില്‍ പറഞ്ഞത്. അതുണ്ടായില്ലെന്നത് ഖേദകരമാണ്. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതയും ഉപയോഗപ്പെടുത്തിയില്ല. ഈ ലാഘവത്വം അപകടകരവും സാമൂഹികനീതിക്കായുള്ള പരിശ്രമങ്ങളെ നിരാകരിക്കുന്നതുമാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുക എന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക എന്നതും. അതുറപ്പ് വരുത്താത്ത പക്ഷം സാമൂഹികമായ അനീതി സ്ഥാപനവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടാകും. കേരളത്തിലെ സാമൂഹിക വികസനത്തെ അത് മാരകമായി തടസ്സപ്പെടുത്തും.
Published by: Naveen
First published: July 18, 2021, 1:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories