ന്യൂഡൽഹി: മരടിലെ ഫ്ളാറ്റുകൾ നാളെ പൊളിക്കാനിരിക്കെ, ആല്ലപ്പുഴ വേമ്പനാട് തീരത്ത് സ്ഥിതി ചെയ്യുന്ന കാപികോ റിസോർട്ടും പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി. റിസോർട്ട് പൊളിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കാപികോ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. തീരദേശ നിയമം ലംഘിച്ച് പണിത പാണാവള്ളി നെടിയന്തുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ പിന്നീട് കാപികോ റിസോര്‍ട്ട് ഉടമകള്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഉടമകളുടെ ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് ആർഎഫ് നരിമാനും വി രാമസുബ്രഹ്മണ്യവും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
മരടിലെ കെട്ടിടങ്ങളും കാപികോയും തീരദേശ പരിപാലന നിയമം ലംഘിച്ചാണ് പണിതത്. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിർമാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്. ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് ഇതിൽ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് 2018ല്‍ കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്.
കാപികോ റിസോര്‍ട്ട് പൊളിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരും സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയും സ്വീകരിച്ച നിലപാട്. വേമ്പനാട്ട് കായല്‍ അതി പരിസ്ഥിതി ദുര്‍ബല തീരദേശ മേഖലയാണെന്ന് 2011ലെ വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നെടിയന്തുരുത്തില്‍ പരാതിക്കാര്‍ നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കടുത്ത നിയമലംഘനവും പൊതുതാത്പര്യത്തിന് എതിരുമാണെന്നും സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.