ചന്ദ്രകാന്ത് വിശ്വനാഥ്കേരളത്തിൽ അധികമാർക്കും അവകാശപ്പെടാൻ കഴിയാത്ത ഒരു റെക്കോർഡുമായാണ് മാണി സി കാപ്പൻ നിയമസഭാംഗമാകുന്നത്. നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട ശേഷം അതേ സഭയുടെ കാലാവധിയ്ക്കുള്ളിൽ അതേ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിലൂടെ അംഗമാകുക എന്ന പ്രത്യേകത.സംസ്ഥാനത്ത് ഇത്തരത്തിൽ ഇതിനു മുമ്പ് നാലു പേരാണ് എം എൽ എ മാരായിട്ടുള്ളത്. ഇതിൽ മൂന്നു പേരും ഇടതു സ്ഥാനാർത്ഥികളുമാണ്. 27 വർഷത്തിന് ശേഷമാണ് അത്തരം ഒരു വിജയം ഉണ്ടാകുന്നതും .
മാണി സി കാപ്പനാകട്ടെ ,ഒരേ മണ്ഡലത്തിൽ ഒരേ സ്ഥാനാർത്ഥിയോട് മൂന്നു തവണ തോറ്റ ശേഷമാണ് ഉപതെരഞ്ഞെടുപ്പിൽ വിജയിക്കുന്നതെന്ന അപൂർവ റെക്കോർഡും ഉണ്ട്.
also read:
Pala By-Election Result: നാലാമങ്കത്തില്‍ കപ്പുയര്‍ത്തി കാപ്പന്‍; വിജയത്തിനുള്ള 10 കാരണങ്ങള്‍1992 ൽ ഞാറക്കൽ നിന്നു ജയിച്ച വി കെ ബാബുവാണ് ഇക്കാര്യത്തിൽ കാപ്പന്റെ മുൻഗാമി. അദ്ദേഹവും കാപ്പനെ പോലെ ശരദ് പവാർ നേതൃത്വം നൽകിയ പാർട്ടിയിലെ അംഗമായിരുന്നു എന്നത് യാദൃച്ഛികമാകാം. കോൺഗ്രസ് എസ് അംഗമായ ബാബു 1991 ൽ ഞാറക്കൽ മണ്ഡലത്തിൽ കെ കുഞ്ഞമ്പുവിനോട് എട്ടാം നിയമസഭയിലേക്കുള്ള മത്സരത്തിൽ 3547 വോട്ടുകൾക്ക് പരാജയപ്പെട്ടു. കുഞ്ഞമ്പുവിന്റെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ ബാബു 4214 വോട്ടുകൾക്ക് കോൺഗ്രസിലെ കെ.കെ അനന്തകുമാറിനെ പരാജയപ്പെടുത്തി.
തൃശൂർ മണ്ഡലത്തിൽ 1970 ൽ പരാജയപ്പെട്ട ശേഷം 1972 ൽ ഉപ തെരഞ്ഞടുപ്പിലൂടെ അംഗമായ കോൺഗ്രസ് നേതാവ് പി. എ ആന്റണിയാണ് ഇത്തരത്തിൽ തോൽവിയിൽ പതറാതെ ഉപ തെരഞ്ഞെടുപ്പിലൂടെ എം എൽ എ ആയ ആദ്യത്തെ ആൾ. നാലാം നിയമസഭയിലേക്ക് ജോസഫ് മുണ്ടശേരിയോട് 1730 വോട്ടുകൾക്ക് തോറ്റ ആന്റണി, മുണ്ടശേരി രാജിവെച്ചപ്പോൾ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി. തോൽവി പഴങ്കഥയാക്കി അദ്ദേഹം 3864 വോട്ടുകൾക്ക് വി ആർ ആർ കൃഷ്ണനെ പരാജയപ്പെടുത്തി.
പിന്നീട് പാറശാലയിൽ 1977 ൽ കോൺഗ്രസിലെ കെ കുഞ്ഞികൃഷ്ണൻ നാടാരോട് അഞ്ചാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ 13,401 വോട്ടുകൾക്ക് പരാജയപ്പെട്ട സിപിഎം നേതാവ് എം സത്യനേശൻ 1979 ൽ എം എൽ എ ആയി. കുഞ്ഞികൃഷ്ണൻ നാടാരുടെ മരണശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ 7329 വോട്ടുകൾക്കാണ് സത്യനേശൻ വിജയിച്ചത്.
1990 ഫെബ്രുവരിയിൽ ഹരിപ്പാട് ഉപ തെരഞ്ഞെടുപ്പിൽ വിജയിച്ച ആർ എസ് പി സ്ഥാനാർഥി എ വി താമരാക്ഷൻ 1987 ലെ എട്ടാം നിയമസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ രമേശ് ചെന്നിത്തലയോട് 3817 വോട്ടുകൾക്ക് പരാജയപ്പെട്ടിരുന്നു. ചെന്നിത്തല ലോക് സഭാംഗമായതിനെ തുടർന്നുള്ള ഉപ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി എം മുരളിയെ പരാജയപ്പെടുത്തിയാണ് താമരാക്ഷൻ സഭയിൽ എത്തുന്നത് . എന്നാൽ തൊട്ടടുത്ത വർഷം പൊതു തെരഞ്ഞെടുപ്പിൽ അതേ സീറ്റിൽ അദ്ദേഹം പരാജയപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.