കോഴിക്കോട്: കൊടുവള്ളി നഗരസഭ 15ാം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച കാരാട്ട് ഫൈസലിന്റെ വിജയാഘോഷം പുതിയ മിനി കൂപ്പറിൽ. കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെട്ട മിനി കൂപ്പർ യാത്രാവിവാദം ഈ തെരഞ്ഞെടുപ്പ് കാലത്തും എതിരാളികൾ ആയുധമാക്കിയിരുന്നു. എന്നാൽ വിജയത്തിന് പിന്നാലെ പുതിയ മിനി കൂപ്പറിൽ തന്നെ കയറി നിന്ന് വിജയയാത്ര നടത്തിയാണ് ഫൈസൽ വിവാദങ്ങള്‍ക്ക് മറുപടി നൽകിയത്. 568 വോട്ട് നേടിയാണ് ഫൈസലിന്റെ വിജയം.
ആദ്യം എൽഡിഎഫ് പിന്തുണയോടെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചെങ്കിലും പിന്നീട് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതോടെ ഫൈസലിനുള്ള പരസ്യ പിന്തുണ ഇടതുമുന്നണി പിൻവലിച്ചിരുന്നു. തുടർന്ന് ഐഎൻഎൽ നേതാവ് അബ്ദുൽ റഷീദിനെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ കാരാട്ട് ഫൈസൽ അവസാന നിമിഷം സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകി. കഴിഞ്ഞ തവണ പറമ്പത്തുകാവിൽനിന്നാണ് ഫൈസൽ എൽഡിഎഫ് സ്ഥാനാർഥിയായി വിജയിച്ചത്.
സ‍്വർണക്കടത്തുകേസിൽ ചോദ്യം ചെയ്തതോടെ സിപിഎം ജില്ലാ നേതൃത്വം ശക്തമായ എതിർപ്പുയർത്തിയിരുന്നു. തുടർന്ന് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിന്റെ സ്ഥാനാർഥിത്വം പിൻവലിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് അബ്ദുൽ റഷീദ് പതിയെ പിന്മാറുകയായിരുന്നു. ഫൈസലിന്റെ പ്രചാരണം ഒളിഞ്ഞും തെളിഞ്ഞും നയിച്ചത് പ്രാദേശിക സിപിഎം നേതൃത്വമാണെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം അവിടെ മത്സരിച്ച എൽഡിഎഫ് ഔദ്യോഗിക സ്ഥാനാർഥിക്ക് പൂജ്യം വോട്ടുകളാണ് ലഭിച്ചത്.
മുസ്‍ലിം ലീഗ് സ്ഥാനാര്‍ഥി കെ.കെ.എ. കാദറാണ് 495 വോട്ടുകൾ നേടി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്. എൻഡിഎ സ്ഥാനാർഥി പി.ടി. സദാശിവന് 50 വോട്ടുകൾ ലഭിച്ചു. കാരാട്ട് ഫൈസലിന്റെ അപരനായെത്തിയ സ്വതന്ത്ര സ്ഥാനാർഥി കെ. ഫൈസലിന് ഏഴു വോട്ടുകൾ ലഭിച്ചു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.