'കോണി കാണിച്ചാൽ വോട്ട് കുത്തുന്ന കാലമല്ല ഇപ്പോൾ': കൊടുവള്ളിയിൽ മത്സരത്തിനൊരുങ്ങി കാരാട്ട് റസാഖ്
'കോണി കാണിച്ചാൽ വോട്ട് കുത്തുന്ന കാലമല്ല ഇപ്പോൾ': കൊടുവള്ളിയിൽ മത്സരത്തിനൊരുങ്ങി കാരാട്ട് റസാഖ്
കൊടുവള്ളിയിൽ മുനീർ അല്ല ആരാണെങ്കിലും ഈ നാട്ടിലെ ജനത തന്നെ കൈവിടില്ല. മുനീറിനെ താൻ വില കുറച്ച് കാണില്ല, പക്ഷേ ജനങ്ങൾ വികസനത്തിനൊപ്പമായിരിക്കും നില കൊള്ളുക.
കോഴിക്കോട്: കൊടുവള്ളിയിൽ ഇക്കുറിയും കാരാട്ട് റസാക്ക് തന്നെ ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ നൽകിയത്. ഇത് അംഗീകരിക്കുന്ന നിലപാടാണ് കാരാട്ട് റസാക്ക് എം.എൽ.എയും ന്യൂസ് 18നോട് പങ്കുവെച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് വിമതനായ കാരാട്ട് റസാക്കിനെ സ്ഥാനാർത്ഥിയാക്കിയാണ് ലീഗിൻ്റെ ഉറച്ച സീറ്റായ കൊടുവള്ളി LDF പിടിച്ചെടുത്തത്. ശക്തമായ മത്സരത്തിനൊടുവിൽ 573 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി റസാഖ് വിജയിച്ച് കയറിയത്. പാർട്ടി നിർദ്ദേശം ലഭിച്ചതോടെ ഇക്കുറിയും കൊടുവള്ളിയിൽ മത്സരിക്കുവാനുള്ള ഒരുക്കത്തിലാണ് കാരാട്ട് റസാഖ്. സി.പി.എം. ലെ മുതിർന്ന നേതാക്കൾ തന്നെ കൊടുവള്ളിയിൽ മത്സരത്തിന് ഒരുങ്ങുവാൻ നിർദ്ദേശം നൽകിയതായി റസാഖ് പറഞ്ഞു.
ഇതിൻ്റെ ഭാഗമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിന്തുണ നൽകിയവരുടെ അഭിപ്രായം തേടണം. അഞ്ച് വർഷകാലം എം.എൽ.എ എന്ന നിലയിൽ തൻ്റെ പ്രവർത്തനം പാർട്ടി വിലയിരുത്തിയിട്ടുണ്ട്. കിഫ് ബി പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചുവർഷ കാലം കോടികളുടെ വികസന പദ്ധതികൾ നടപ്പിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടം വോട്ടായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. കോണി കാണിച്ചാൽ വോട്ട് കുത്തുന്ന കാലമല്ല ഇപ്പോൾ കൊടുവള്ളിയിൽ ഉള്ളതെന്നും കാരാട്ട് റസാഖ് വ്യക്തമാക്കി.
കൊടുവള്ളിയിൽ മുനീർ അല്ല ആരാണെങ്കിലും ഈ നാട്ടിലെ ജനത തന്നെ കൈവിടില്ല. മുനീറിനെ താൻ വില കുറച്ച് കാണില്ല, പക്ഷേ ജനങ്ങൾ വികസനത്തിനൊപ്പമായിരിക്കും നില കൊള്ളുക. സ്വർണക്കടത്ത് കേസിൽ തനിക്കെതിരെഉയർന്നത് വെറും ആരോപണം മാത്രമാണ്. വാർത്തകൾ ഉണ്ടായത് അല്ലാതെ,തനിക്ക് സ്വർണക്കടത്തു കേസിൽ ഒരു ബന്ധവുമില്ല.തനിക്കെതിരെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവന്നത്. സിപിഎമ്മിനെയും, ഭരണത്തെയും തകർക്കുവാൻ പ്രതിപക്ഷം നടത്തിയ ശ്രമത്തിൻ്റെ ഭാഗമാണ് സ്വർണക്കടത്ത് കേസ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭരണം ആട്ടിമറിക്കുവാനാണ് ബി.ജെ.പി. ശ്രമിച്ചത്. ഈ കാര്യത്തിൽ ബിജെപിക്ക് പ്രതിപക്ഷവും പിന്തുണ നൽകുന്നു.
യുഡിഎഫിൻ്റെ ഉരുക്കുകോട്ടയായിരുന്ന കൊടുവളളിയിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൻ്റെ ഭൂരിപക്ഷം 17000 ന് അടുത്തായിരുന്നു. ഇത് പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ 35000 ആയിരുന്നു. എന്നാൽ ഈ കഴിഞ്ഞ ത്രിതല പഞ്ചായത്തിൽ മണ്ഡലത്തിൽ യു.ഡി.എഫ് ഭൂരിപക്ഷം 6800 വോട്ടുകളായി കുറഞ്ഞതും റസാഖിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ലീഗിൻ്റെ ഉറച്ച കോട്ടയായ കൊടുവള്ളി കഴിഞ്ഞ തിരഞ്ഞെടുപ്പിലാണ് റസാഖിലൂടെ എൽ.ഡി.എഫ് പിടിച്ചെടുത്തത്. ഇക്കുറി എന്ത് വില കൊടുത്തും മണ്ഡലം തിരിച്ച് പിടിക്കുവാനുള്ള ഒരുക്കത്തിലാണ് മുസ്ലിം ലീഗ്. എം.കെ.മുനീറിനെ മത്സരിപ്പിക്കുവാനാണ് തീരുമാനം. ഇതിൻ്റെ അടിസ്ഥാനത്തിൽ മുനീറും മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. കോഴിക്കോട് നോർത്തിൽ നിന്നുമാണ് എം.കെ.മുനീർ കൊടുവള്ളിയിലേക്ക് ചുവട് മാറ്റുന്നത്. ഇതോടെ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ പുതുമുഖം സ്ഥാനാർത്ഥിയായി എത്തും
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.