• HOME
 • »
 • NEWS
 • »
 • kerala
 • »
 • ദുരന്തമുഖത്ത് മനുഷ്യരെ മാത്രം കാണുന്ന സാധാരണക്കാർ; മതം തിരയുന്ന കാളകൂടങ്ങൾ സോഷ്യൽ മീഡിയയിൽ

ദുരന്തമുഖത്ത് മനുഷ്യരെ മാത്രം കാണുന്ന സാധാരണക്കാർ; മതം തിരയുന്ന കാളകൂടങ്ങൾ സോഷ്യൽ മീഡിയയിൽ

സ്വന്തം ജീവൻ അപകടത്തിലാക്കിയും സുരക്ഷാ നടപടികൾ അവഗണിച്ചും നൂറുകണക്കിന് പേർ ദുരന്തഭൂമിയിൽ ജീവൻ രക്ഷിക്കാൻ ഓടി നടക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളുടെ മറവിൽ വർഗ്ഗീയ വിഷം വിളമ്പി ചില കൂട്ടരെത്തുന്നത്.

Karipur Plane Crash

Karipur Plane Crash

 • Share this:
  "ഞമ്മള് ഈ പരിസരത്ത് ഇള്ളതാണ്. വിമാനം കൊറേ നേരിയി എറങ്ങാൻ കയ്യാതെ പറക്ക്ണത് കണ്ടിരുന്നു. നല്ല മഴണ്ടേനി. പിന്നെ വല്ല്യൊരു സൗണ്ട് കേട്ടു. ഇവിടെ എത്തുമ്പ കണ്ടത് ജീവിതത്തിൽ മറക്കാനാത്ത രംഗാണ്. ഒരു വിമാനം ചിന്നിച്ചിതറിക്കിറക്കുന്നു. ആ ഒരു സമയത്ത് ഞമ്മക്ക് കൊറോണ ഇല്ല, മാസ്ക് ഇല്ല, സാമൂഹിക അകലും ഇല്ല.. 37 ആൾക്കാരെണ് ഈ കയ്യോണ്ട് രക്ഷപ്പെട്ത്തീത് " കരിപ്പൂരിൽ വിമാന അപകടമേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടി സ്വദേശിയുടെ വാക്കുകളാണിത്..

  ഒരു കൊണ്ടോട്ടിക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു.ഇങ്ങനെയുള്ള " മനുഷ്യർ" ഉള്ളിടത്തോളം കാലം എല്ലാ ദുരന്തങ്ങളെയും നാം അതി ജീവിക്കും. പൂർത്തിയാവാത്ത മോഹങ്ങളുമായി ഇന്നലെ യാത്രയായ കരിപ്പൂരിലെയും മൂന്നാറിലെയും സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നു." ഒരു അധ്യാപകന്‍റെ ഫേസ്ബുക്ക് കുറിപ്പിലെ വരികളിങ്ങനെ. ദുരന്തമുഖത്ത് കേരളത്തിന് താങ്ങായവരുടെ കഥകൾ പല ആപത്ഘട്ടങ്ങളിലും മുമ്പും നമ്മൾ അറിഞ്ഞിട്ടുണ്ട്. ഇരട്ട ദുരന്തത്തിന് സാക്ഷ്യം വഹിച്ച ഇന്നലെയും അത് പോലെ തന്നെയായിരുന്നു. കോവിഡും പ്രളയവും മഴയവും മറന്ന് മനുഷ്യരെ അറിയുന്ന ആളുകൾ ഒരുമിച്ചിറങ്ങി...

  എന്നാൽ മറിച്ചൊരു കൂട്ടരുണ്ട്. ആപത്ഘട്ടങ്ങളും അവസരമാക്കി മുതലെടുപ്പ് നടത്തുന്നവർ. പരിക്ക് പറ്റിയവരിലോ മറ്റോ സങ്കികൾ ഉണ്ടെങ്കിൽ അവരെ പട്ടികളെപ്പോലെ കണ്ടാ മതി.. ചാവുന്നെങ്കിൽ ചാവട്ടെ.. മൈൻഡ് ചെയ്യണ്ട'.. 'എത്ര സുഡാപ്പികൾ മരിച്ചു എന്നറിയാനുള്ള ആഗ്രഹം'.. കേരളത്തെ നടുക്കിയ വലിയൊരു ദുരന്തത്തിന്‍റെ വാര്‍ത്തയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ചിലതാണിത്.. ദുരന്ത മുഖത്ത് അപകടസാധ്യത വകവയ്ക്കാതെ കാറ്റും മഴയും രോഗവ്യാപനം പോലും കണക്കിലെടുക്കാതെ നൂറു കണക്കിന് പേർ രക്ഷാപ്രവർത്തനം നടത്തുമ്പോഴാണ് വീടിനുള്ളിലെ സുരക്ഷിതത്വത്തിലിരുന്നു ചിലർ ഇത്തരം വർഗ്ഗീയ വിഷം തുപ്പുന്നത്.

  ഇടുക്കിയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലിൽ അറുപതോളം പേരെ കാണാതായി എന്ന ദുരന്ത വാർത്തയാണ് കഴിഞ്ഞ ദിവസം കേരളത്തിൽ ആദ്യം എത്തിയത്. പെരുമഴപ്പെയ്ത്തിലെ ദുരിതങ്ങൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടരുമ്പോഴാണ് വിമാന അപകടത്തിന്‍റെ രൂപത്തിൽ അടുത്ത ദുരന്തം എത്തിയത്.

  വന്ദേഭാരത് മിഷന്‍റെ ഭാഗമായി ദുബായിൽ നിന്നും 190 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച ദാരുണ അപകടത്തിൽ മരിച്ചത് 18 പേരാണ്. പൈലറ്റും സഹപൈലറ്റ് അടക്കം ഉള്ളവർ മരിച്ചവരിൽ ഉൾപ്പെടുന്നു.

  ഇടുക്കിയിലെ പെട്ടിമുടിയിലായാലും കരിപ്പൂരായാലും ദുരന്തഭൂമിയിൽ ആദ്യം രക്ഷകരായെത്തിയത് സാധാരണക്കാരായ പ്രദേശവാസികൾ തന്നെയാണ്.. കോവിഡ് വ്യാപന സാധ്യത എന്ന ഭീഷണി നിൽനിൽക്കുമ്പോഴും സാമൂഹിക അകലം എന്ന മാർഗനിർദേശം നിർബന്ധമായിട്ടു പോലും മനുഷ്യജീവൻ രക്ഷിക്കുന്ന തിരക്കിൽ രക്ഷാപ്രവർത്തരായെത്തിയവർ എല്ലാം മറന്നു. ജാതിയും മതവും രാഷ്ട്രീയവും അല്ലായിരുന്നു അപ്പോൾ അവർക്ക് പ്രധാനം. കൺമുമ്പിൽ പിടയ്ക്കുന്ന മനുഷ്യജീവനുകളായിരുന്നു. വർഗ്ഗീയതയ്ക്കപ്പുറം മനുഷ്യത്വത്തിന് അവർ പ്രാധാന്യം നൽകി.
  TRENDING:Karipur Air India Express Crash | ഉമ്മ നല്‍കി കുഞ്ഞുമകളെ യാത്രയാക്കിയത് മരണത്തിലേക്ക്; കാത്തിരുന്ന് കിട്ടിയ മകളെ നഷ്ടപ്പെട്ട വേദനയിൽ ഫൈസൽ[NEWS]വിമാനം രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു; ട്രാക്കര്‍ വെബ്‌സൈറ്റിന്റെ സൂചന[NEWS]Karipur Air India Express Crash | 'കരിപ്പൂരിലെ റൺവേ 10 സുരക്ഷിതമല്ല'; മുന്നറിയിപ്പ് അവഗണിക്കപ്പെട്ടോ?[NEWS]
  വിദേശത്ത് നിന്നെത്തുന്ന ആളുകളിൽ നിന്ന് കോവിഡ് വ്യാപനത്തിനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് അറിയാഞ്ഞിട്ടാവില്ല കരിപ്പൂർ വിമാനത്താവളത്തിലെ അപകടമുഖത്ത് പ്രദേശവാസികളെത്തിയത്. സ്വന്തം സുരക്ഷയെക്കാൾ അപ്പോൾ അവർ പ്രാധാന്യം നൽകിയത് മനുഷ്യജീവന് മാത്രമായിരുന്നു. ഈ രക്ഷാപ്രവർത്തനത്തിനിടെ തങ്ങൾ രക്ഷിക്കുന്നത് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത് പോലെ 'സങ്കിയെയയാണോ സുഡാപ്പിയെയാണോ' എന്ന് അവർ നോക്കിയിരുന്നില്ല.. കാരണം രക്ഷിക്കാനെത്തുന്നവരുടെ മുന്നിൽ മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളു.

  സ്വന്തം ജീവൻ അപകടത്തിലാക്കിയും സുരക്ഷാ നടപടികൾ അവഗണിച്ചും നൂറുകണക്കിന് പേർ ദുരന്തഭൂമിയിൽ ജീവൻ രക്ഷിക്കാൻ ഓടി നടക്കുമ്പോഴാണ് സമൂഹമാധ്യമങ്ങളുടെ മറവിൽ വർഗ്ഗീയ വിഷം വിളമ്പി ചില കൂട്ടരെത്തുന്നത്. ഓരോ ദുരന്തവും മറ്റൊരു വിഭാഗത്തിന്‍റെ പതനം ആക്കി ഇവർ പരസ്പരം ആഘോഷിച്ചു.. ഒരു വിഭാഗം എന്ന് എടുത്ത് പറയാൻ പറ്റില്ല.. എല്ലാ വിഭാഗങ്ങളിൽ നിന്നും മനഃസാക്ഷി മരവിച്ച പ്രതികരണങ്ങൾ ഉണ്ടായി.. മരിച്ചത് മനുഷ്യർ എന്നതിന് പകരം 'സങ്കിയും കോയയും സുഡാപ്പികളുമായി'.. അര്‍ഹിക്കുന്ന മരണം തന്നെയെന്ന് പരസ്പരം ക്രൂരമായി പഴി ചാരി.. സ്വന്തം ജീവന് വില നൽകാതെ ഒരു കൂട്ടർ ദുരന്തഭൂമിയിൽ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സോഷ്യൽ മീഡിയ വഴി ചിലരുടെ ആഘോഷം.

  കിട്ടിയ അവസരം പാഴാക്കാതെ വർഗ്ഗീയത വിളമ്പാൻ ധാരാളം ആളുകളാണ് എത്തിയത്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാൻ നിൽക്കുന്ന ചെന്നായയെ പോലെ ഫേക്ക് ഐഡികൾ വഴിയും വിഷം വിളമ്പി. ശബരിമല, അയോധ്യ പല വിഷയങ്ങളുമായി ബന്ധപ്പെടുത്തി ദുരന്തങ്ങള്‍ ആഘോഷിക്കപ്പെട്ടു.. ഇതിനെല്ലാം പുറമെ കേരളത്തെ തന്നെ ഒരു ദുരന്തഭൂമിയായി പ്രഖ്യാപിച്ച് സർക്കാരിനെതിരെയും ക്യാംപെയ്നുകൾ സജീവമായി.. മുഖമില്ലാത്ത ശരിയായ പേര് പോലും നൽകാത്ത വ്യക്തിത്വം പോലും സത്യമാണോ കള്ളമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത ഈ 'വ്യാജന്മാരുടെ സ്വാധീനം' സോഷ്യൽ മീഡിയയിൽ വളരെ കൂടുതലാണെന്നതും വേദനിപ്പിക്കുന്ന യാഥാർഥ്യമാണ്.

  കമ്പ്യൂട്ടർ-ഫോൺ സ്ക്രീനുകളുടെ മറവിലിരുന്ന് ആർക്കും എന്തും എഴുതി വിടാം.. ദുരന്തവും ദുഃഖങ്ങളും ആഘോഷമാക്കാം മുതലെടുപ്പിനുള്ള അവസരമാക്കാം.. എന്നാൽ ഇതിനിടയിലും ‌ മനുഷ്യത്വം എന്ന വികാരം അൽപമെങ്കിലും ആകാം.. കാരണം ദുരന്തങ്ങളും അപകടങ്ങളും പ്രവചിക്കാനാവില്ല.. നാളെ ആര് ആരുടെ സഹായത്തിന് എത്തുമെന്നും പറയാനാവില്ല.. ജാതിക്കും മതത്തിനും വർഗ്ഗീയതയ്ക്കും അപ്പുറം മനുഷ്യന്‍റെ ജീവൻ തന്നെയാണ് ഏറ്റവും വലുത്.. അതാണ് വലിയ ഒരു യാഥാർഥ്യം..
  Published by:Asha Sulfiker
  First published: