മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസ് അന്വേഷണ സംഘത്തേ ലോറിയിടിപ്പിച്ച് കൊല്ലാൻ ആസൂത്രണം നടന്നുവെന്ന് പോലീസ്. കേസിൽ അറസ്റ്റിലായ റിയാസ് എന്ന കുഞ്ഞിമുവിനെ ചോദ്യം ചെയ്തതിൽ നിന്ന് ആണ് വിവരം ലഭിച്ചത്. കൊണ്ടോട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
കൊടുവള്ളി സ്വദേശി റിയാസ് എന്ന കുഞ്ഞിതുവിനെ ജൂലായ് 30നാണു പിടിയിൽ ആയത്. ഇയാളുടെ മൊബൈൽ പരിശോധിച്ചതിൽ നിന്ന് ആണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നതിൻ്റെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ രേഖകളില്ലാത്ത വാഹനം തയ്യാറാക്കണമെന്നും അതിനായി എത്ര വേണമെങ്കിലും പണം ചിലവാക്കാൻ തയ്യാറാന്നെന്നും എല്ലാവരും ഇതിനായി സംഘടിക്കണമെന്നും ആയിരുന്നു ശബ്ദ സന്ദേശം .വാട്ട്സ്ആപ്പ് ശബ്ദ സന്ദേശങ്ങൾ പരിശോധിച്ച പോലീസ് റിയാസിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുക ആയിരുന്നു. തൃശൂരിൽ നിന്ന് രേഖകൾ ഇല്ലാത്ത ലോറി കൊണ്ട് വന്ന് അന്വേഷണ സംഘത്തിൽ ഉള്ള ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ആയിരുന്നു നീക്കം. ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ തെളിവുകൾ പോലീസ് ശേഖരിച്ചു,കൊണ്ടോട്ടി സ്റ്റേഷനിൽ കേസും രജിസ്റ്റർ ചെയ്തു.
കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് കൊടുവള്ളി സ്വർണ കടത്ത് സംഘവുമായി ബന്ധം ഉള്ള ആൾ ആണ് .കൊടുവള്ളി സംഘത്തിലെ പ്രധാനിയായ ഇയാളുടെ പേരിൽ കൊടുവള്ളി സ്റ്റേഷനിൽ കൊലപാതക ശ്രമകേസുണ്ട്.
കൊടുവള്ളി , താമരശേരി മേഖലകൾ കേന്ദ്രീകരിച്ച് ആണ് പോലീസിൻ്റെ അന്വേഷണം. നേരത്തെ കണ്ണൂർ സ്വർണ കടത്ത് സംഘത്തിലെ അർജുൻ ആയങ്കിയെ ടോറസ് ലോറി ഇടിപ്പിച്ച് വക വരുത്താനും കൊടുവള്ളി സംഘം പദ്ധതി ഇട്ടിരുന്നു. ഇതിന് കൊണ്ടുവന്ന ലോറികളും അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.
Also Read-കരിപ്പൂർ സ്വർണ കവർച്ച അസൂത്രണ കേസ്; രണ്ടുപേർ കൂടി പിടിയിൽ; ഇതുവരെ അറസ്റ്റിലായത് 23 പേർസമാന രീതിയിൽ അന്വേഷണ സംഘത്തിന് എതിരെ അക്രമം നടത്താൻ ഉള്ള സ്വർണ കടത്ത് സംഘക്കാരുടെ ഗൂഢാലോചന ആണ് ഇപ്പൊൾ അന്വേഷണത്തിൽ പുറത്ത് വന്നത്.മുൻപ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോകുന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. മലപ്പുറം,കോഴിക്കോട് സിറ്റി,കോഴിക്കോട് റൂറൽ ജില്ലകളിലുള്ള ഉദ്യോഗസ്ഥരടങ്ങുന്നതാണ് അന്വേഷണ സംഘം. ജൂൺ 21 ന് രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് ആണ് സ്വർണ കടത്തുമായി ബന്ധപ്പെട്ട് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.
കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫ് നേതൃത്വം കൊടുക്കുന്ന ഈ സംഘം സ്വർണ കവർച്ച ആസൂത്രണ കേസിൽ ഇത് വരെ 27 പേര് അറസ്റ്റിൽ ആകുകയും പതിനാറോളം വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ പേർ പിടിയിൽ ആകാൻ ഉണ്ടെന്ന് പോലീസ് പറയുന്നു. ഇതുവരെ അറസ്റ്റിലായ ആർക്കും തന്നെ ജാമ്യം ലഭിച്ചിട്ടില്ല. പതിനേഴ് പ്രതികളുടെ ജാമ്യം മഞ്ചേരി സെഷൻസ് കോടതി 2 ദിവസം മുൻപ് തള്ളിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.