ഇന്ന് നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പ്രാഥമിക പരീക്ഷയ്ക്ക് കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പരീക്ഷാ കേന്ദ്രങ്ങളിൽ പൊലീസ് നിരീക്ഷണവും ഉണ്ടാകും. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലാണ് കെഎഎസ് പരീക്ഷ നടക്കുന്നത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പിഎസ്‌സിയുടെ ഒരു ജീവനക്കാരൻ ജോലിയിലുണ്ടാകും. ഇതോടൊപ്പം പ്രത്യേക സ്ക്വാഡിന്റെ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ചോദ്യപേപ്പറുമായി പരീക്ഷാ കേന്ദ്രത്തിലെത്തുന്ന പിഎസ്‍സി ജീവനക്കാരൻ രണ്ടു പരീക്ഷയും കഴിഞ്ഞതിനു ശേഷമേ പരീക്ഷാ കേന്ദ്രത്തിനു പുറത്തു പോകാൻ പാടുള്ളൂ എന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.
പരീക്ഷാസമയംരാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് കെഎഎസ് പ്രാഥമിക പരീക്ഷ. പരീക്ഷ എഴുതാനെത്തുന്നവർക്ക് ആദ്യ പരീക്ഷയ്ക്കു ശേഷം പുറത്തു പോകുന്നതിനു നിയന്ത്രണമില്ല. ഇവർ ഉച്ചയ്ക്ക് 1.30നു മുൻപു തിരികെ എത്തിയാൽ മതി. രാവിലത്തെ പരീക്ഷ എഴുതാത്തവരെ ഉച്ചയ്ക്കു നടക്കുന്ന പരീക്ഷ എഴുതാൻ അനുവദിക്കില്ല.
പരീക്ഷാ കേന്ദ്രങ്ങൾ 1534ഏറ്റവും കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തിരുവനന്തപുരം ജില്ലയിലാണ്– 261. ഏറ്റവും കുറവ് കേന്ദ്രങ്ങൾ വയനാട്ടിൽ– 30. കൊല്ലം–148, പത്തനംതിട്ട–52, ആലപ്പുഴ –111, കോട്ടയം–115, ഇടുക്കി–50, എറണാകുളം–172, തൃശൂർ–133, പാലക്കാട്–103, മലപ്പുറം–109, കോഴിക്കോട്–123, കണ്ണൂർ- 93, കാസർകോട്–34
യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസികെഎഎസ് പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർഥികൾക്ക് എത്താൻ കെഎസ്ആർടിസി സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും സർവീസുകളുണ്ടാകും. പരീക്ഷാ ദിവസം സർവീസുകൾ മുടങ്ങാതിരിക്കാൻ കോർപറേഷൻ മുൻകരുതലെടുത്തിട്ടുണ്ട്. ബസുകളുടെ സമയം ഉൾപ്പെടെ ഏതു വിവരത്തിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ബന്ധപ്പെടാം. ഫോൺ: 0471 2463799, 94470 71021.
പരീക്ഷാ ഹാളിൽ കർശന നിയന്ത്രണംസിവിൽ പൊലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്നു മൊബൈൽ ഫോൺ, വാച്ച് എന്നിവ ഉൾപ്പെടെയുള്ളവയ്ക്കു കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാൻ പരിശീലനം നേടിയ പിഎസ്‌സി ജീവനക്കാർ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും. ചീഫ് സൂപ്രണ്ടുമാർക്കും ഇക്കാര്യത്തിൽ പിഎസ്‌സി പരിശീലനം നൽകിയിട്ടുണ്ട്. ചെറിയ ക്രമക്കേടുകകൾ പോലും കണ്ടെത്തിയാൽ നിയമ നടപടിയുണ്ടാകും.
വാച്ചുകൾക്ക് നിരോധനം; ബെല്ലടി ശ്രദ്ധിക്കുകപരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിക്കണം. പരീക്ഷ തുടങ്ങുന്നതിനു മുൻപു മുതൽ അവസാനിക്കുന്നതു വരെ 7 തവണയാണ് ബെല്ലടിക്കുക.
ബെല്ലടിക്കുന്നത്- പരീക്ഷ തുടങ്ങുന്നതിന് അര മണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടുമാരും ഉദ്യോഗാർഥികളും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്), പരീക്ഷ തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് (ചോദ്യം വിതരണം ചെയ്യുന്നതിനുള്ള അറിയിപ്പ്), പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്, പരീക്ഷ അര മണിക്കൂർ പിന്നിട്ടു എന്ന അറിയിപ്പ്, പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്ന അറിയിപ്പ്, പരീക്ഷ അവസാനിക്കാൻ 5 മിനിറ്റ് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന അറിയിപ്പ്, പരീക്ഷ അവസാനിച്ചതായുള്ള അറിയിപ്പ്.
പരീക്ഷാ ഹാളിൽ അനുവദിക്കുന്നവഅഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന.
പരീക്ഷ എഴുതാൻ 4 ലക്ഷം പേർകെഎഎസ് പ്രാഥമിക പരീക്ഷ എഴുതുന്നത് 4,00,014 പേരാണ്. നേരിട്ടുള്ള നിയമനത്തിനുള്ള സ്ട്രീം ഒന്നിൽ 3,75,993 പേരും സ്ട്രീം രണ്ടിൽ 22,564 പേരും സ്ട്രീം മൂന്നിൽ 1457 പേരുമാണ് പരീക്ഷ എഴുതുക.
Also Read-
കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷ ; മറക്കരുത് ഈ 12 കാര്യങ്ങൾഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.