'മരിച്ചവരോട് പതിവായി ചെയ്യാറുള്ളതെല്ലാം അവനോടും ചെയ്യണം; ഒന്നു കൂടെ ഓർത്ത് നോക്ക് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ ?' ലിജീഷ് കുമാറിന്റെ കുറിപ്പ്

'കിച്ചുവും കൂട്ടുകാരനും കയറിപ്പോയ ബൈക്ക് ഒരു കാട്ടിടവഴിയിൽ നിർത്തിയിട്ടുണ്ട്. കൊന്ന് തള്ളുന്ന കാഴ്ച കണ്ട് മരവിച്ച് പോയ കാട്ടുമരങ്ങളിൽ നിന്ന് മരണത്തിന്റെ മണം പരക്കുന്നുണ്ട്'

news18
Updated: February 19, 2019, 2:12 PM IST
'മരിച്ചവരോട് പതിവായി ചെയ്യാറുള്ളതെല്ലാം അവനോടും ചെയ്യണം; ഒന്നു കൂടെ ഓർത്ത് നോക്ക് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ ?' ലിജീഷ് കുമാറിന്റെ കുറിപ്പ്
'കിച്ചുവും കൂട്ടുകാരനും കയറിപ്പോയ ബൈക്ക് ഒരു കാട്ടിടവഴിയിൽ നിർത്തിയിട്ടുണ്ട്. കൊന്ന് തള്ളുന്ന കാഴ്ച കണ്ട് മരവിച്ച് പോയ കാട്ടുമരങ്ങളിൽ നിന്ന് മരണത്തിന്റെ മണം പരക്കുന്നുണ്ട്'
  • News18
  • Last Updated: February 19, 2019, 2:12 PM IST
  • Share this:
കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിനെ കുറിച്ച് എഴുത്തുകാരൻ ലിജീഷ് കുമാറിന്റെ കുറിപ്പ് ചർച്ചയാകുന്നു. മരിച്ചവരോട് പതിവായി ചെയ്യാറുള്ളതെല്ലാം അവനോടും ചെയ്യണമെന്നും പതിവുപോലെ അവന്റെ പ്രതികളെപ്പിടിക്കാൻ സമരം ചെയ്യാമെന്നും ലിജീഷ് കുമാർ എഴുതുന്നു. കൊലപാതകികൾ ഉണ്ട്  കൊഴുത്ത് കമ്പവലിയും പൂക്കള മത്സരവും നടത്തി വിലസുന്ന ജയിൽ സെൽഫികൾ കണ്ട് പുളകം കൊള്ളാമെന്നും ലിജീഷ് കുമാർ എഴുതുന്നു.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

ഒന്നോടിച്ച് വായിച്ച് നോക്ക്
എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന്,
...................................................................
കിച്ചു എപ്പോഴും ഉത്സവങ്ങളിൽ ജീവിക്കാനാഗ്രഹിച്ചിരുന്നുവെന്ന്
സുഹൃത്തുക്കൾ സങ്കടം പറഞ്ഞു.
അവൻ ഫാന്റസികൾ സ്വപ്നം കണ്ടിരുന്നു
രാം ചരണായിരുന്നു അവന്റെ നായകൻ
മഗധീരയിലെ കാമുകൻ അവനായിരുന്നു
അവനൊരു പ്രണയമുണ്ടായിരുന്നു.
അവനെക്കുറിച്ചെത്ര കഥകളാണ് !!
കിച്ചു കുഞ്ഞായിരുന്നുവെന്ന്
സുഹൃത്തുക്കൾ സങ്കടം പറഞ്ഞു.

ഇനി ഇതൊക്കെ പറഞ്ഞിട്ടെന്താ,
നമുക്കടുത്ത കടവിലേക്ക് പോകാം.
വീടില്ലെങ്കിൽ ഒരു വീട് വെച്ച് കൊടുക്കാം,
ഉദ്ഘാടനത്തിന് മുഖ്യൻ വരുമ്പോൾ
കോൾമയിർ കൊള്ളാം.
വായനശാലയുണ്ടാക്കി
നാടെമ്പാടും നിന്ന് പുസ്തകങ്ങൾ സ്വരൂപിച്ച്
അവൻ തലമുറകളിലൂടെ വായിക്കപ്പെടുമെന്ന്
ചുവരെഴുതാം,
അവനെക്കുറിച്ച് കവിതയെഴുതാം,
ബസ്റ്റോപ്പിനും പാർട്ടി സമ്മേളനപ്പന്തലിനും
അവന്റെ പേരിട്ട്
ഇല്ല ഇല്ല മരിക്കില്ല എന്നീണത്തിൽ ചൊല്ലാം !

പിന്നെന്താ - പതിവുപോലെ
അവന്റെ പ്രതികളെപ്പിടിക്കാൻ സമരം ചെയ്യാം.
അവരുണ്ട് കൊഴുത്ത്
കമ്പവലിയും പൂക്കള മത്സരവും നടത്തി
വിലസുന്ന ജയിൽ സെൽഫികൾ കണ്ട്
പുളകം കൊള്ളാം
പരോളിലിറങ്ങിയാൽ അവർക്ക് കൂട്ടിക്കൊടുക്കാം.
കൊന്നു കൊന്ന് ക്ഷീണിച്ച് പോയ
രോഗികളായ പ്രതികളുടെ മോചനത്തിന് വേണ്ടി
നക്കിത്തുടച്ച് വാലാട്ടി നിന്ന്
ഗവൺമെന്റ് വക്കീലിന് കുരയ്ക്കാം

കിച്ചുവും കൂട്ടുകാരനും
കയറിപ്പോയ ബൈക്ക്
ഒരു കാട്ടിടവഴിയിൽ നിർത്തിയിട്ടുണ്ട്.
കൊന്ന് തള്ളുന്ന കാഴ്ച കണ്ട്
മരവിച്ച് പോയ കാട്ടുമരങ്ങളിൽ നിന്ന്
മരണത്തിന്റെ മണം പരക്കുന്നുണ്ട്.

ആട്ടെ,
അവരെന്തനാശാസ്യപ്പണിക്കാണ്
സന്ധ്യക്ക് കാട്ടിൽ പോയത് എന്നന്വേഷിച്ചോ ?
വേഗം, ഇതൊക്കെ ഇനിയെപ്പഴാണ്.
മരിച്ചവരോട് പതിവായി ചെയ്യാറുള്ളതെല്ലാം
അവനോടും ചെയ്യണം.
ഒന്ന് കൂടെ ഓർത്ത് നോക്ക്
എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ ?

First published: February 19, 2019, 2:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading