പിളര്‍ന്ന ഐ.എന്‍.എല്ലിനെ അനുനയിപ്പിച്ച് ഒന്നാക്കാന്‍ കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ നേതൃത്വത്തിലാണ് ശ്രമം നടന്നത്. മൂന്ന് തവണയായി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്തതിനാല്‍ മധ്യസ്ഥശ്രമം ഉപേക്ഷിച്ചതായി അസ്ഹരിയുടെ വക്താക്കള്‍ അറിയിച്ചു. എ.പി അബ്ദുല്‍ വഹാബ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
എന്നാല്‍ മധ്യസ്ഥശ്രമം അവസാനിച്ചുവെന്നത് ദുഷ്പ്രചാരണമാണെന്നും മധ്യസ്ഥന്‍ വിദേശത്ത് നിന്ന് തിരിച്ചെത്തിയാല്‍ ചര്‍ച്ച തുടരുമെന്നും കാസിം ഇരിക്കൂര്‍ അറിയിച്ചു. ഐ.എന്‍.എല്ലിനെ പൂര്‍ണ്ണമായി പിളര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് ഈ പ്രചാരണത്തിന് പിന്നിലെന്നും കാസിം വ്യക്തമാക്കി.
കാസിം ഇരിക്കൂര്‍ പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം.
പാര്‍ട്ടിയില്‍ ഉടലെടുത്ത ഭിന്നതകള്‍ പരിഹരിക്കുന്നതിന് മധ്യസ്ഥര്‍ മുഖേന നടത്തുന്ന ചര്‍ച്ചകള്‍ വഴിമുട്ടിയെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. മധ്യസ്ഥന്‍ വിദേശ യാത്ര കഴിഞ്ഞ് തിരിച്ചുവന്ന ഉടന്‍ സംഭാഷണം പുനരാരംഭിക്കും. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ് അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെട്ടുവെന്ന തരത്തില്‍ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്നത്. മധ്യസ്ഥന്‍ വിദേശത്താണെന്നിരിക്കെ ഈ വിഷയത്തില്‍ ആരെങ്കിലും സ്വയം മാധ്യസ്ഥന്‍ ചമഞ്ഞു ഒരു പക്ഷത്തിന് അനുകൂലമായി നടത്തുന്ന വെളിപ്പെടുത്തലുകള്‍ ദൗര്‍ഭാഗ്യകരമാണ്. ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ചിലരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാം ഇത്.
രണ്ടുവട്ടം മധ്യസ്ഥരുമായി നടത്തിയ ചര്‍ച്ചകളില്‍ പാര്‍ട്ടി നേതൃത്വം വ്യക്തമായ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. ജൂലൈ 25ന് എറണാകുളത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയ പ്രഫ. എ.പി വഹാബിനെതിരായ അച്ചടക്ക നടപടി പുനഃപരിശോധിക്കുന്നതിന് ദേശീയ നേതൃത്വത്തിന് അപ്പീല്‍ നല്കാവുന്നതേയുള്ളുവെന്ന് വ്യക്തമാക്കിയതാണ്. പാര്‍ട്ടി താല്പര്യം മുന്‍നിറുത്തി, അപ്പീല്‍ പരിഗണിക്കാമെന്ന് കേരള സന്ദര്‍ശന വേളയില്‍ ദേശീയ പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുമുണ്ടായി.
എറണാകുളത്ത് തെരുവില്‍ അക്രമങ്ങള്‍ നടത്തിയതിന്റെ പേരില്‍ പോലിസ് കേസെടുത്ത ഏതാനും പേര്ക്കെതിരെഅച്ചടക്ക നടപടി വേണമെന്നാണ് രണ്ടാമത്തെ നിര്‍ദശം. വിവിധ ജില്ലകളില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുന്നതിന് അണിയറയില്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പാര്‍ട്ടി കണ്ടെത്തിയ രണ്ടു പേര്‍ക്കെതിരെ നടപടി എടുക്കണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം. വളരെ ന്യായമായ ഈ ആവശ്യങ്ങള്മറുപക്ഷത്തെ കൊണ്ട് അംഗീകരിപ്പിക്കാന്‍ മധ്യസ്ഥര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഐ.എന്‍.എല്ലിന് മുന്നില്‍ ഏറെ സാധ്യതകളുണ്ട്. അത് മുന്നില്‍ കാണാതെ, സ്വാര്‍ഥ താല്പര്യങ്ങള്ക്കായി അനുരഞ്ജന നീക്കങ്ങള്‍ പരാജയപ്പെടുത്തുന്നതിന് ചിലര്‍ നടത്തിയ നിഷേധാത്മ നീക്കങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പാ
ര്‍ട്ടിയെ പിളര്‍ത്തുക മാത്രമാണ് ഇക്കുട്ടരുടെ ആത്യന്തിക ലക്ഷ്യം.
അതേസമയം പിരിച്ചുവിട്ട സംസ്ഥാന നേതാക്കളായ ബഷീര്‍ ബടേരിയെയും എന്‍.കെ അബ്ദുല്‍ അസീസിനെയും തിരിച്ചെടുക്കണമെന്ന വഹാബ് പക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ഒടുവില്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലും കാസിം ഇരിക്കൂര്‍ വ്യക്തമാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ കാസിം ഇരിക്കൂര്‍ വിട്ടുവീഴ്ച ചെയ്യാതിരുന്നതാണ് അനുരജ്ഞന ചര്‍ച്ചയെ പ്രതിസന്ധിയിലാക്കിയതെന്നാണ് വഹാബ് പക്ഷത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയ ദേശീയ പ്രസിഡണ്ട് മുഹമ്മദ് സുലൈമാന്‍ കാസിം ഇരിക്കൂര്‍ പക്ഷത്തിന് വേണ്ടി പരസ്യനിലപാടെടുത്തിരുന്നു. നിഷ്പക്ഷ നിലപാടെടുത്ത മന്ത്രി അഹമ്മദ് ദേവര്‍കോവിലും കാസിം പക്ഷത്തിനൊപ്പം പരസ്യനിലപാടെടുത്തതോടെയാണ് അനപരജ്ഞന ചര്‍ച്ച പ്രതിസന്ധിയിലായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.