കൊല്ലം: വഹാബ് വിഭാഗവുമായി യാതൊരു വിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് വ്യക്തമാക്കി കാസിം ഇരിക്കൂര്‍ വിഭാഗം. മന്ത്രി സ്ഥാനം ഇടതു മുന്നണി തിരിച്ചെടുക്കുന്നെങ്കില്‍ തിരിച്ചെടുക്കട്ടെ. വഹാബ് വിഭാഗവുമായി ചേര്‍ന്നു പോകാന്‍ കഴിയില്ല. മന്ത്രി അവരുമായി എന്തു ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കുണ്ടേത് പാര്‍ട്ടി ദേശീയ പ്രസിഡന്റ്. മന്ത്രിക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ പാര്‍ട്ടി നേതൃത്യത്തെ അറിയിക്കാം. അച്ചടക്കമുള്ള പ്രവര്ത്തകന് കൂടിയാണ് മന്ത്രി. ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്നാണ് വഹാബും കൂട്ടരും വിശേഷിപ്പിച്ചത്.
മന്ത്രിസ്ഥാനത്തെക്കാള്‍ വലുത് ഐഡിയോളജിയെന്ന് ഐഎന്‍എല്‍ ദേശീയ ട്രഷററും സംസ്ഥാന വൈസ് പ്രസിഡന്റുമായ എ എം എന്‍ അമീന്.
മന്ത്രി തങ്ങള്‍ക്കൊപ്പമെന്നും കാസിം ഇരിക്കൂര്‍ വിഭാഗം നേതാക്കള്‍ കൊല്ലത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇടതു മുന്നണി ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നു. തമിഴ്നാട്ടില്‍ അഞ്ച് എം എല്‍ എമാരുണ്ടായിരുന്നപ്പോള്‍ നിലപാടിന്റെ പേരില്‍ അധികാരത്തില്‍ നിന്നു വിട്ടു നിന്നിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.
Also Read-പ്രവാസികളുടെ മടക്കയാത്രയ്ക്കായി ഇടപെടണം; വിദേശകാര്യമന്ത്രിയ്ക്ക് യുഡിഎഫ് എംപിമാരുടെ നിവേദനം
അതേസമയം പിളര്‍പ്പിന്റെ വക്കില്‍ നിന്ന് യോജിപ്പിന്റെ വഴികള്‍ തേടി ഐ എന്‍ എല്‍. സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ് മന്ത്രി അഹമ്മദ് ദേവര്‍ കോവിലുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി ദേശീയ സെക്രട്ടറി കൂടിയായ അഹമ്മദ് ദേവര്‍ കോവില്‍ പ്രശ്ന പരിഹാരത്തിന് ഇടപെടണം എന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ഇടതു മുന്നണി നേതൃത്വത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്നാണ് സമവായ ചര്‍ച്ചകള്‍ .
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവിലുമായി ചര്‍ച്ച ചെയ്തെന്നും ചര്‍ച്ചയില്‍ ശുഭ പ്രതീക്ഷയുണ്ടെന്നും അബ്ദുള്‍ വഹാബ് പറഞ്ഞു. പ്രവര്‍ത്തകരുടെ വികാരമാണ് പ്രധാനം. മന്ത്രിയെ കൂടെ നിര്‍ത്തുകയല്ല ലക്ഷ്യം. മന്ത്രിയുമായി വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. എല്ലാ വിഷയങ്ങള്‍ക്കും പരിഹാരമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. മന്ത്രിയുടെ നിലപാട് ഏതെങ്കിലും പക്ഷം എന്ന നിലയ്ക്കല്ല. പാര്‍ട്ടിയില്‍ ആദ്യം ഇത്തരം പക്ഷം ഉണ്ടായിരുന്നില്ല. പിന്നീട് ഉരുത്തിരിഞ്ഞ് വന്നതാണ്.
പ്രശ്നം പരിഹരിക്കാന്‍ ഞങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാനുള്ളത് ചെയ്തു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നം പരിഹരിക്കണം എന്ന് സിപിഎമ്മും നേരത്തേ പറഞ്ഞിരുന്നു. പാര്‍ട്ടി ദേശീയ സെക്രട്ടറി എന്ന നിലയില്‍ കൂടിയാണ് അഹമ്മദ് ദേവര്‍ കോവിലിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടതെന്നും അബ്ദുള്‍ വഹാബ് മാധ്യമങ്ങളോടു പറഞ്ഞു. ഒന്നിച്ചു പോകാന്‍ ആഗ്രഹം ഉണ്ടെന്നു
മന്ത്രി അഹമ്മദ് ദേവര്‍കോവിലും പറഞ്ഞു. ഇരു വിഭാഗവും ഒന്നിച്ചു പോകാനാണ് ആഗ്രഹം. താന്‍ അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമാണെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.
Also Read-സംസ്ഥാനത്തെ മദ്യ വില്പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത അവസ്ഥ; ഹൈക്കോടതി
തമ്മിലടിച്ച് ഇടതു മുന്നണിക്ക് നാണക്കേട് ഉണ്ടാക്കരുതെന്നും
തര്‍ക്കം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ടു പോകണമെന്നും ഐഎന്‍എല്ലിനോട് ഇടതുമുന്നണി നേതൃത്വത്വം വ്യക്തമാക്കിയിട്ടുണ്ട്.
അബ്ദുല്‍ വഹാബ് വിഭാഗം ഇന്നലെ സി പി എം അക്ടിംഗ് സെക്രട്ടറി എ.വിജയരാഘവനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് നേതൃത്വം നിലപാട് വ്യക്തമാക്കിയത്. തെരുവിലെ തമ്മില്‍ത്തല്ല് മുന്നണിക്ക് നാണക്കേടുണ്ടാക്കി എന്ന് കാനം രാജേന്ദ്രന് നേതാക്കളോട് പറഞ്ഞു.
തമ്മില്‍ത്തല്ലി ഐഎന്‍എല്‍ രണ്ടായി പിളര്ന്നതില് ഇടതുമുന്നണി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നം പരിഹരിച്ച് ഒരുമിച്ച് പോകണമെന്ന് നിര്‍ദേശം നേരത്തേ സിപിഎം നേതൃത്വം ഐഎന്‍എലിന് നല്‍കിയിരുന്നു. അതു ലംഘിച്ചായിരുന്നു കൊച്ചിയിലെ തെരുവില്‍ ഏറ്റുമുട്ടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.