കവളപ്പാറയിൽ തെരച്ചിൽ പുനരാരംഭിച്ചു: കണ്ടെത്താനുള്ളത് 21 പേരെ; റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്തും
കവളപ്പാറയിൽ തെരച്ചിൽ പുനരാരംഭിച്ചു: കണ്ടെത്താനുള്ളത് 21 പേരെ; റഡാര്‍ സംവിധാനം ഉപയോഗപ്പെടുത്തും
ദേശീയദുരന്തനിവാരണ സേന, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ.
കവളപ്പാറയിൽ ഉണ്ടായ ഉരുൾപൊട്ടൽ.
Last Updated :
Share this:
മലപ്പുറം: ദുരന്തഭൂമിയായി മാറിയ നിലമ്പൂര്‍ കവളപ്പാറയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ പുനരാരംഭിച്ചു. മുഴുവൻ പേരെയും കണ്ടെത്തും വരെ തെരച്ചിൽ തുടരുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 21 പേരെയാണ് ഇവിടെ നിന്ന് ഇനിയും കണ്ടെത്താനുള്ളത്. 38 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്.
തട്ടുകളോളം അടിഞ്ഞു കൂടിയ ചെളിയും ചെറിയ തോതിലെ നീരൊഴുക്കുമാണ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നത്. പുതഞ്ഞു പോകുന്ന തരത്തിലുള്ള ചെളിയിൽ ജെസിബിയും ഹിറ്റാച്ചികളും ഉപയോഗിച്ചാണ് തെരച്ചിൽ പുരോഗമിക്കുന്നത്. മണ്ണിനടിയിൽ മൃതദേഹം ഉണ്ടോയെന്ന് കണ്ടെത്താൻ സഹായിക്കുന്ന ആധുനിക സംവിധാനമായ റഡാറുകളുടെ സഹായവും തെരച്ചിലിനായി ഉപയോഗിക്കാൻ പദ്ധതിയുണ്ട്. ഇതിനായി വിദഗ്ധ സംഘം ഇന്ന് ഉച്ചയോടെ പ്രദേശത്തെത്തും.
മാപ്പിംഗ് പ്രകാരം വീടുകൾ ഉണ്ടായിരുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തെരച്ചിൽ പുരോഗമിക്കുന്നത്. ദേശീയദുരന്തനിവാരണ സേന, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ. അതേസമയം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കെ.മുരളീധരൻ കഴിഞ്ഞ ദിവസം കവളപ്പാറയിലെ ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ചിരുന്നു. പ്രളയബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.