കൊച്ചി: കവളപ്പാറ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഹൈക്കോടതി. പുനരവധിവാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമല്ലെന്ന് കാണിച്ച് ദുരന്തബാധിതര്‍ സര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. ദുരന്ത ഭൂമി പഴയ നിലയിലാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്നും അനാസ്ഥ ഇനിയും കണ്ടുനില്‍ക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
ദുരന്തഭൂമി പഴയ നിലയിലാക്കാന്‍ ഇതുവരെ എന്ത് ചെയ്തു എന്നാണ് കോടതിയുടെ ചോദ്യം. ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിന് എന്ത് നടപടികള്‍ എടുത്തുവെന്നും ഭൂമി പഴയ നിലയിലാക്കാന്‍ കഴിയില്ലെങ്കില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്നും ഹൈക്കോടതി ചോദിക്കുന്നു. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന് ഈ മൂന്ന് ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം എന്നാണ് നിര്‍ദ്ദേശം.
റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ കേസില്‍ സ്വമേധയാ കക്ഷി ചേര്‍ക്കുകയും ചെയ്തു. കേസ് ജൂലൈ 27ന് വീണ്ടും പരിഗണിക്കും .2019 ഓഗസ്റ്റ് എട്ടിന് രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തത്തിന് കവളപ്പാറയെന്ന ഗ്രാമം സാക്ഷിയായത്.
59 പേരുടെ മരണത്തിനിടയാക്കിയ കവളപ്പാറ ദുരന്തം നടന്ന് മൂന്ന് വര്‍ഷം തികയാറാകുമ്പോഴും പുനരധിവാസ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ദുരന്തത്തിനിരയായവരും പ്രദേശത്ത് നിന്ന് മാറിത്താമസിക്കാന്‍ ആവശ്യപ്പെട്ടവരടക്കം 108 പേര്‍ക്കാണ് സര്‍ക്കാര്‍ പുനരധിവാസം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂന്ന് വര്‍ഷം തികയാറാകുമ്പോഴും പുനരധിവാസം പൂര്‍ത്തിയായിട്ടില്ല. ജനറല്‍ വിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള 24 വീടുകളുടെയും ആദിവാസി വിഭാഗങ്ങളില്‍ പെട്ടവര്‍ക്കുള്ള 32 വീടുകളുടെയും നിര്‍മാണം പാതിവഴിയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: High court, Kavalappara tragedy, Landslide