• HOME
  • »
  • NEWS
  • »
  • kerala
  • »
  • Food Poison | കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധ; അരിയിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; റിപ്പോര്‍ട്ട് പുറത്ത്

Food Poison | കായംകുളം സ്കൂളിലെ ഭക്ഷ്യവിഷബാധ; അരിയിൽ ചത്ത പ്രാണി; വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ; റിപ്പോര്‍ട്ട് പുറത്ത്

കായംകുളം പുത്തൻ റോഡ് യുപി സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്

  • Share this:
    കായംകുളം സ്‌കൂളിലെ ഭക്ഷ്യവിഷബാധ (Food poison) സംബന്ധിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയുടെ ഫലം പുറത്ത്. ഉച്ച ഭക്ഷണത്തിന് ഉപയോഗിച്ച അരിയുടെയും പയറിന്റെയും ഗുണനിലവാരം തൃപ്തികരമല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അരിയുടെ സാംപിളിൽ ചത്ത പ്രാണികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പാചകത്തിന് ഉപയോഗിച്ച വെള്ളത്തിൽ ഇ കോളി (കോളിഫോം ) ബാക്ടീരിയയുടെ സാന്നിധ്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വെള്ളത്തിൽ ക്ലോറിനേഷൻ നടത്താൻ ഭക്ഷ്യ സുരക്ഷ വകുപ്പ് നിർദേശം നൽകി.

    പബ്ലിക്ക് ഹെൽത്ത് ലാബിലാണ് അരി, പലവ്യഞ്ജനങ്ങൾ, വെള്ളം എന്നിവയുടെ സാംപിൾ പരിശോധിച്ചത്. വിളവ് പാകമാകാത്ത വൻപയറാണ് പാചകത്തിന് ഉപയോഗിച്ചതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇത് ദഹന പ്രകിയയെ ദോഷകരമായ ബാധിക്കുമെന്നാണ് വിലയിരുത്തൽ.

    കായംകുളം പുത്തൻ റോഡ് യുപി സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 26 കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം ഛർദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായത്. തുടർന്നാണ് ഭക്ഷ്യ വസ്തുക്കൾ പരിശോധനയ്ക്ക് അയച്ചത്.കുട്ടികളുടെ സാംപിളുകളിൽ ഛർദിയും വയറിളക്കവും ഉണ്ടാക്കുന്ന എന്ററോ, റോട്ട വൈറസ് സാന്നിധ്യമില്ലെന്ന് ആരോഗ്യ വകുപ്പ് പരിശോധന ഫലം പുറത്ത് വന്നിട്ടുണ്ട്. സാംപിൾ എല്ലാം നെഗറ്റീവ് ആണ്. ആലപ്പുഴ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ആരോഗ്യ വകുപ്പ് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചത്.

    Also Read- സ്കൂളിൽ മിന്നൽ പരിശോധന; മന്ത്രിക്ക് കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ മുടി

    തിരുവനന്തപുരം വിഴിഞ്ഞം ഉച്ചക്കട എല്‍.എം എല്‍പി സ്കൂളില്‍ ആരോഗ്യപ്രശ്നമുണ്ടായ രണ്ടു കുട്ടികള്‍ക്ക് മലിനമായ വെള്ളത്തിലൂടെ പകരുന്ന നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു.  വിഴിഞ്ഞത്തെ സ്‌കൂളില്‍ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

    സംസ്ഥാനത്ത് പലയിടത്തും സ്കൂള്‍ തുറന്നതിന് പിന്നാലെ ഭക്ഷവിഷബാധ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആരോഗ്യ-ഭക്ഷ്യ-വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പരിശോധന ആരംഭിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലും സ്കൂളുകളിലെത്തി കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ഭക്ഷണത്തിന്‍റെ നിലവാരം പരിശോധിക്കുകയും ചെയ്തു.  തലസ്ഥാന നഗരിയിലെ കോട്ടൺ ഹിൽ സ്കൂളിലെത്തിയ മന്ത്രി ജി.ആര്‍  അനിലിന് കഴിക്കാന്‍ നല്‍കിയ  മുടി കണ്ടെത്തി.

    Also Read- വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ക്ക് നോറോ വൈറസ്

    ഭക്ഷണം പാകം ചെയ്യുമ്പോൾ കുറച്ച് കൂടി ശുചിത്വം ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. കോട്ടൺഹിൽ എൽ.പി.എസ് ഉൾപ്പെടെ പല സ്കൂളുകളിലും ആവശ്യത്തിന് പാചക , ശുചീകരണ തൊഴിലാളികളുടെ കുറവുണ്ട്. സ്ഥല പരിമതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. സ്കൂൾ സന്ദർശനം മറ്റ് സ്കൂളുകൾക്കുള്ള സന്ദേശമെന്നും ഭക്ഷ്യ മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍  എല്ലാ സ്കൂളുകളിലെയും കുടിവെള്ളം പരിശോധിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പരിശോധനയ്ക്കായി വാട്ടര്‍ അതോറിറ്റിയുടെ 86 ലാബുകളുടെയും ഗ്രൗണ്ട് വാട്ടര്‍ വകുപ്പിന്റെ ലാബുകളുടെയും സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. സ്‌കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളത്തില്‍ നിന്നാകാമെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് പരിശോധന.
    Published by:Arun krishna
    First published: