കഴക്കൂട്ടം ബൈപ്പാസ് റോഡ് 6 മുതൽ 6 മാസത്തേക്ക് അടച്ചിടുമ്പോൾ യാത്രക്കാർ സഞ്ചരിക്കേണ്ട റൂട്ട് ഇങ്ങനെ

കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷൻ മുതൽ ആറ്റിൻകുഴി ജംഗ്ഷൻ വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. നിർമാണം പൂർത്തിയാകുന്നതുവരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

news18
Updated: June 1, 2019, 5:46 PM IST
കഴക്കൂട്ടം ബൈപ്പാസ് റോഡ് 6 മുതൽ 6 മാസത്തേക്ക് അടച്ചിടുമ്പോൾ യാത്രക്കാർ സഞ്ചരിക്കേണ്ട റൂട്ട് ഇങ്ങനെ
byepass
  • News18
  • Last Updated: June 1, 2019, 5:46 PM IST
  • Share this:
തിരുവനന്തപുരം: കഴക്കൂട്ടം- ടെക്നോപാർക്ക് എലിവേറ്റഡ് ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി ജൂൺ ആറ് മുതൽ ആറ് മാസത്തേക്ക് ദേശീയ പാത ബൈപ്പാസ് റോഡ് അടച്ചിടുകയാണെന്ന വാർത്ത ദിവസങ്ങൾക്കു മുമ്പാണ് പുറത്തു വന്നത്. ദേശീയ പാതയിൽ ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന അറിയിപ്പുകൾ പുറത്തു വന്നതോടെ ഈ റൂട്ടിലുള്ള യാത്രയെ കുറിച്ച് ജനങ്ങളിൽ ആശങ്ക ഉണ്ടായിരിക്കുകയാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി റൂട്ട് മാപ്പ് വ്യക്തമാക്കുന്ന വീഡിയോ കേരള പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്.

കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷൻ മുതൽ ആറ്റിൻകുഴി ജംഗ്ഷൻ വരെയുള്ള ഭാഗമാണ് അടച്ചിടുന്നത്. നിർമാണം പൂർത്തിയാകുന്നതുവരെ ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

കൊല്ലം- തിരുവനന്തപുരം, തിരുവനന്തപുരം -കൊല്ലം

കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടതു വശത്തുള്ള സർവീസ് റോഡിലൂടെ യാത്ര ചെയ്യണം. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് പോകേണ്ട വാഹനങ്ങൾ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടതു വശത്തുള്ള സർവീസ് റോഡിലൂടെ യാത്ര ചെയ്യണം. ഈ രണ്ട് സർവീസ് റോഡുകളും വൺവേ ആണ്.

ചാക്ക- ടെക്നോപാർക്ക്
ചാക്കയിൽ നിന്ന് ടെക്നോപാർക്കിലേക്ക് പോകേണ്ട വാഹനങ്ങൾ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്നും ഇടതുവശത്തുള്ള സർവീസ് റോഡിൽ പ്രവേശിച്ച് കഴക്കൂട്ടം ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് യു-ടേൺ എടുത്ത് മറുവശത്തുള്ള സർവീസ് റോഡിൽ പ്രവേശിക്കണം. മെയിൻ ഗേറ്റ് വഴിയും ടിസിഎസ് ഗേറ്റ് വഴിയും ഫേസ് ത്രി ഗേറ്റ് വഴിയും മാത്രമായിരിക്കും ടെക്നോപാർക്കിലേക്കുള്ള പ്രവേശനം. ടെക്നോ പാർക്കിൽ നിന്ന് പുറത്തു കടക്കുന്നതും ഈ മൂന്ന് വഴിയിലൂടെയാണ്. പുറത്തിറങ്ങിയ ശേഷം ഇടതു വശത്തേക്ക് തിരിഞ്ഞ് പോകണം.

കഴക്കൂട്ടത്തു നിന്ന് ടെക്നോപാർക്കിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ കഴക്കൂട്ടം ബൈപ്പാസ് റോഡില്‍ നിന്ന് ശ്രീകാര്യം റോഡിലേക്ക് തിരിഞ്ഞ് ടെക്നോപാർക്കിന്റെ പിന്നിലുള്ള ഗേറ്റ് വഴിയാണ് പ്രവേശിക്കേണ്ടത്. ഇതുവഴി തന്നെയാണ് പുറത്തേക്ക് പോകേണ്ടതും.

വലിയവാഹനങ്ങളുടെ യാത്ര
ചാക്കയിൽ നിന്ന് കൊല്ലത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ആറ്റിൻകുഴി ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പള്ളിനട, കഴക്കൂട്ടം മാർക്കറ്റ് റോഡ് വഴി ഹൈവേയിൽ പ്രവേശിക്കണം.

കൊല്ലം- മെഡിക്കൽ കോളേജ്
കൊല്ലത്തു നിന്ന് മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ശ്രീകാര്യം ഉള്ളൂർ വഴിയോ അതല്ലെങ്കിൽ ചാവടിമുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് എൻജിനീയറിംഗ് കോളേജ്, ആക്കുളം, കോട്ടമുക്ക് വഴിയോ യാത്ര ചെയ്യണം.

കൊല്ലം- എയർപോർട്ട്

കൊല്ലത്തു നിന്ന് എയർപോർട്ടിലേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ഹോസ്റ്റൽ റോഡിലൂടെ തുമ്പ, വേളി, ശംഖുമുഖം വഴി യാത്ര ചെയ്യണം.

രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ 7വരെ
ഗതാഗതക്കുരുക്ക് ഏറെ അനുഭവപ്പെടുന്ന രാവിലെ എട്ട് മുതൽ പത്ത് മണിവരെയും വൈകിട്ട് നാല് മണി മുതൽ ഏഴ് മണി വരെയും കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വാഹനങ്ങൾ വെട്ടുറോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് കാട്ടായിക്കോണം, ചെമ്പഴന്തി വഴി ശ്രീകാര്യം റോഡിൽ പ്രവേശിക്കണം.

എംസി റോഡ്- തിരുവനന്തപുരം

എംസി റോഡിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വാഹനങ്ങൾ പോത്തൻകോട്, കഴക്കൂട്ടം റോഡ് ഒഴിവാക്കേണ്ടതാണ്. പകരം പോത്തൻകോട്, കാട്ടായിക്കോണം, ചെമ്പഴന്തി, ശ്രീകാര്യം റോഡ് ഉപയോഗിച്ച് യാത്ര ചെയ്യണമെന്നാണ് നിർദേശം.

കണ്ടെയ്നർ, ട്രെയിലർ, ലോറി എന്നിവയ്ക്ക് നിയന്ത്രണം
തിരുവനന്തപുരം നഗത്തിലേക്ക് വരുന്നതും പോകുന്നതുമായ കണ്ടെയ്നർ, ട്രെയിലർ, ലോറി എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതൽ പത്ത് വരെയും വൈകിട്ട് നാലു മുതൽ ഏഴ് വരെയും ഇത്തരം വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ബസ് സ്റ്റോപ്പുകൾക്ക് മാറ്റം
ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ശ്രീകാര്യം ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ നിലവിലെ ബസ് സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ മാറി ഡിഎൻഎം ഫർനിഷിംഗിന്റെ എതിർ വശത്തായി നിർത്തണം. കൊല്ലത്തേക്ക് പോകുന്ന ബസുകൾ നിലവിലെ സ്റ്റോപ്പിൽ നിന്നും 50 മീറ്റർ മുന്നിലേക്ക് മാറി മോട്ടോർ പ്ലാസയുടെ മുന്നിലാണ് നിർത്തേണ്ടത്. പോത്തൻകോട് ഭാഗത്തു നിന്ന് നഗരത്തിലേക്ക് പോകുന്ന ബസുകൾക്ക് മാർക്കറ്റിന് മുന്നിലുള്ള മാർജിൻ ഫ്രീ മാർക്കറ്റിനു മുന്നിലാണ് സ്റ്റോപ്പ്.

നിലവിൽ മാർജിൻ ഫ്രീ മാർക്കറ്റിന് മുന്നിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ മറ്റ് സ്ഥലത്തേക്ക് മാറ്റി പാർക്ക് ചെയ്യേണ്ടതാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയുന്നതിന് പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. ഇതിനായി 0471-2335410, 2336410, 2337410 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
First published: June 1, 2019, 5:46 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading