കൊല്ലം: സ്വന്തം മണ്ഡലമായ പത്തനാപുരത്തിന് പുറമെ കൊട്ടാരക്കരയിലും എം.എൽ.എ ഓഫീസ് തുറന്ന് കെ.ബി.ഗണേഷ് കുമാർ. ധനമന്ത്രിയുടെ മണ്ഡലത്തിൽ മറ്റൊരു മണ്ഡലത്തിലെ എം.എൽ.എ.ഓഫീസ് തുറന്നതിൽ സി.പി.എമ്മിനുള്ളിൽ അതൃപ്തിയുണ്ട്.
കൊട്ടാരക്കരയിൽ പുതുതായി തുറന്ന കേരളാ കോൺഗ്രസിന്റെ ഓഫീസിനോട് ചേർന്നാണ് പത്തനാപുരം എം.എൽ.എ.യുടെയും ഓഫീസ്. അച്ഛൻ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം നികത്താനാണ് കൊട്ടാരക്കരയിലും ഓഫീസ് തുറന്നതെന്ന് ഗണേഷ് കുമാർ വിശദീകരിക്കുന്നു.
കൊട്ടാരക്കരയിൽ ഗണേഷ് ഓഫീസ് തുറന്നതിന് പിന്നിൽ രാഷ്ട്രീയമുണ്ടോ എന്നാണ് സി.പി.എമ്മിനുള്ളിൽ ഉയർന്നിരിക്കുന്ന ചോദ്യം. ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ മണ്ഡലത്തിൽ ഗണേഷ് ഓഫീസ് തുറന്നതിൽ ഒരു വിഭാഗം സി പി എം നേതാക്കൾക്ക് അതൃപ്തിയുണ്ട്. എന്നാൽ തൽക്കാലം പരസ്യ പ്രതികരണം വെണ്ടന്നാണ് നിലപാട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പത്തനാപുരം വിട്ട് ഗണേഷ് കൊട്ടാരക്കരയിൽ മത്സരിക്കുന്നുവെന്ന അഭ്യൂഹം നിലനിന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഓഫീസ് മാറ്റത്തിന് രാഷ്ട്രീയ പ്രസക്തിയേറുന്നത്. മാത്രവുമല്ല, ഇടതുമുന്നണിയിൽ ഗണേശിന് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന പരിഭവം കേരള കോൺഗ്രസിൽ ഒരു വിഭാഗത്തിനുണ്ടുതാനും. ഈ മന്ത്രിസഭയിൽ ഗണേശ് ഉണ്ടാകുമെന്ന് പാർട്ടിയിൽ ഏറെപ്പേരും കരുതിയിരുന്നു. എന്നാൽ കുടുംബ സ്വത്ത് വീതം വയ്ക്കുന്നതിലെ തർക്കം അപ്രതീക്ഷിതമായി ബാലകൃഷ്ണപിള്ളയുടെ കുടുംബത്തിൽ ഉടലെടുത്തു. വിൽപ്പത്രം ഗണേശ് തിരുത്തിയെന്നു കാട്ടി മൂത്ത സഹോദരി ഉഷ സി പി എം നേതൃത്വത്തിന് പരാതി നൽകുകയും ചെയ്തു.
Also Read-
ഡൽഹി നിയമസഭയിൽ നിന്ന് ചെങ്കോട്ടയിലേക്ക് 'രഹസ്യതുരങ്കം'; ചിത്രങ്ങൾ കാണാംഇതിന്റെ അടിസ്ഥാനത്തിൽ ഗണേശിനെ മന്ത്രിയാക്കിയില്ലെന്ന് കരുതുന്നവരുമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഗണേശ് കുമാറിന്റെ ഓഫീസിൽ പോലീസ് റെയ്ഡ് നടത്തിയതും വിവാദമായി. ഗണേശിന്റെ പേഴ്സണൽ സ്റ്റാഫായ പ്രദീപ് കോട്ടാത്തലയുമായി ബന്ധപ്പെട്ടായിരുന്നു അന്നത്തെ പരിശോധന. കേസിൽ മാപ്പുസാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലായിരുന്നു റെയ്ഡ്. ഇത്തരമൊരു റെയ്ഡുണ്ടായതിലും പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നിരുന്നു.
Also Read-
സുധാകരൻ്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്; ജി. സുധാകരനെതിരേ നടപടിയുണ്ടാകുംനേരത്തെ പത്തനാപുരത്തും കൊട്ടാരക്കരയിലും കേരള കോൺഗ്രസാണ് മത്സരിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഒരേ മുന്നണിയായതോടെ കൊട്ടാരക്കരയിൽ മത്സരിക്കുന്നത് സി പി എമ്മാണ്. പണ്ടും എൽ ഡി എഫിൽ നിന്ന് കൊട്ടാരക്കരയിൽ മത്സരിച്ചിട്ടുള്ളത് സി പി എം തന്നെ. കേരള കോൺഗ്രസിന്റെ വേരുകൾ കൊട്ടാരക്കരയിൽ ഉറപ്പിച്ചു നിറുത്തുകയാണ് ഗണേശിന്റെ ലക്ഷ്യമെന്ന് വ്യക്തം.
രണ്ടര വർഷം കൂടുമ്പോൾ ചെറു പാർട്ടികൾക്ക് മന്ത്രി സ്ഥാനം പങ്കിടാമെന്നതാണ് നിലവിൽ എൽ ഡി എഫ് ധാരണ. അടുത്ത ടേമിലെങ്കിലും ഗണേശ് മന്ത്രിയാകുമെന്ന പ്രതീക്ഷയിലാണ് കേരള കോൺഗ്രസ്. തന്റെ ഓഫീസിലേക്ക് ഏത് സമയവും ഏത് പാർട്ടിക്കാർക്കും മടി കൂടാതെ കടന്നു വരാമെന്നായിരുന്നു ഗണേശിന്റെ ഉദ്ഘാടന പ്രസംഗം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.