കൊല്ലം: ഗതാഗത മന്ത്രിയാവാത്തത് ദൈവഭാഗ്യം കൊണ്ടാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ(K B Ganesh Kumar MLA). ഗതാഗത മന്ത്രിയായിരുന്നെങ്കില്‍ ഈ ദുരിതം മുഴുവന്‍ ഞാന്‍ അനുഭവിക്കേണ്ടി വന്നേനെയെന്ന് അദ്ദേഹം പറഞ്ഞു. പുനലൂര്‍ എസ് എന്‍ ഡി പി യൂണിയന് പരിധിയിലെ കമുകുംചേരി ശാഖയില്‍ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
മന്ത്രി ആയിരുന്നെങ്കില്‍ സ്വിഫ്റ്റ് ഇടിക്കുന്നതിനെല്ലാം ഉത്തരം പറയേണ്ടി വന്നേനെ എന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. 'ദൈവമുണ്ടെന്ന് ഞാന്‍ പ്രസംഗിക്കുമ്പോള്‍ ചിലരുടെയൊക്കെ മുഖത്ത് പുച്ഛം, ഓ.. ഇയാളുടെ കൂടെ ഇനി ദൈവവും ഉണ്ടോ.എന്റെ കൂടെ ദൈവമുണ്ടെന്ന് ഇന്നത്തെ പത്രം വായിച്ചാല്‍ മനസ്സിലാവില്ലേ. സ്വിഫ്റ്റ് അവിടെയിടിക്കുന്നു, ഇവിടെയിടിക്കുന്നു...ഇതിനെല്ലാം ഞാന്‍ ഉത്തരം പറയേണ്ടി വന്നേനെ' അദ്ദേഹം പറഞ്ഞു.
'എല്ലാം നല്ലതിന് വേണ്ടിയേ ചെയ്യൂ. മന്ത്രിയായാല്‍ ഞാന്‍ കെഎസ്ആര്‍ടിസിക്ക് ഗുണം ചെയ്തേനെയെന്ന് അന്ന് ഹരിദാസേട്ടന് അനൗണ്‍സ് ചെയ്തിരുന്നു. ആ ചേട്ടന് തന്നെ ഇയാള്‍ അതിന്റെ ശേഷക്രിയ നടത്തിയെന്നും പറയാന്‍ ഇടവന്നില്ലല്ലോയെന്ന് വിചാരിച്ചാല്‍ മതി. നമ്മള് ആള് രക്ഷപ്പെട്ടല്ലോയെന്നാണ് എന്റെ തോന്നല്‍. ഞാന്‍ അതിനേക്കാളും സന്തോഷത്തില്‍ ഇരിക്കുവാ'' ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ആരംഭിച്ച കെ സ്വിഫറ്റ് ബസ് സര്‍വീസുകള്‍ കന്നിയാത്ര മുതല്‍ അപകടത്തില്‍പ്പെടുന്നത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കെ സ്വിഫ്റ്റിനെതിരെ നടക്കുന്ന സംഭവങ്ങള്‍ക്ക് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നും നടക്കുന്നത് സംഘടിത ആക്രമണമാണെന്നും കെഎസ്ആര്‍ടിസി ആരോപിച്ചിരുന്നു.
അതേസമയം കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് നേരെ ഉയര്‍ന്ന വിമര്‍ശങ്ങള്‍ക്കിടയിലും സംരംഭത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി അറിയിച്ച് കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും 'അവര്‍' സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്, അതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യതക്ക് കാരണമെന്നും പോസ്റ്റില്‍ പറയുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.