കൊല്ലം: വനിതാ ഐപിഎസുകാർക്കെതിരെ വിമർശനവുമായി പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാർ. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”പുതിയ ഐപിഎസുകാർക്ക് കൈയിൽ ഉളുക്കുണ്ടോ? ടിവി ഓൺചെയ്യാനും വാഹനത്തിന്റെ ഡോർ തുറന്നുകൊടുക്കാനും ഗൺമാൻ വേണം. എസ് പി വന്നാൽ ഗൺമാൻ ഡോർ തുറന്നാലേ പുറത്തിറങ്ങൂ. അച്ഛന്റെ പ്രായമുള്ള പൊലീസുകാരെ കൊണ്ടാണ് ഇത് ചെയ്യിക്കുന്നത്. ഇത് ശരിയാണോ. ജന്മികളോ മറ്റോ ആണോ?. സ്വന്തമായി ഡോർ തുറക്കാൻ കൈയിൽ ഉളുക്കുണ്ടോ? ഓർഡർലി സംസ്കാരത്തിന്റെ കാലം കഴിഞ്ഞു. ചിലര്‍ എനിക്കും സ്നേഹം കൊണ്ട് ഡോർ തുറന്നുതരും. വേണ്ടാന്ന് ഞാൻ പറയും. ഡോർ തുറക്കാൻ ആരോഗ്യമില്ലാത്തപ്പോൾ അതുനോക്കാം. ഇപ്പോൾ ആരോഗ്യമുണ്ട്”- ഗണേഷ് കുമാർ പറഞ്ഞു.
Also Read- Maha Shivratri 2023| തൃപ്പരപ്പ് അരുവിയിൽ ശിവാലയ ഭക്തർ; ഭക്തിനിർഭരമായി ശിവാലയ ഓട്ടം
”പൊലീസിനെ കാണേണ്ടത് അങ്ങനെയല്ല. എംഎസ്സിയും മറ്റും പഠിച്ചവരൊക്കെയാണ് ഇപ്പോൾ സിവിൽ പൊലീസ് ഓഫീസർമാരായി ജോലി നോക്കുന്നത്. ഇവരെ കൊണ്ട് ഐപിഎസുകാരന്റെ തുണി കഴുകിവിരിപ്പിച്ചാൽ ഞാൻ അതിൽ പ്രതിഷേധിക്കും. അടിമത്വത്തിന്റെ കാലം കഴിഞ്ഞു. പൊലീസ് സ്റ്റേഷനുകളിൽ 184 പൊലീസുകാരുടെ കുറവേയുള്ളൂവെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എനിക്ക് അത് തമാശമായിട്ടാണ് തോന്നിയത്.
എംഎൽഎമാർക്കൊപ്പം നാലും അഞ്ചും പേർ വെറുതെ ഉണ്ട്. ഇവരെ മടക്കി സ്റ്റേഷനിലേക്ക് വിട്ടാൻ ഒരു മണിക്കൂറിനുള്ളിൽ ഈ കുറവ് നികത്താനാകും. സത്യം പറയുമ്പോള്‍ എനിക്കെതിരെ തിരിഞ്ഞിട്ട് കാര്യമുണ്ടോ. ബ്രെത്ത് അനലൈസർ എത്ര സ്റ്റേഷനുകളിൽ വർക്ക് ചെയ്യുന്നുണ്ട് എന്ന് പരിശോധിക്കണം. യാഥാർത്ഥ്യം പറയാൻ കെ ബി ഗണേഷ് കുമാറെ വരൂ. അതു പറയുമ്പോൾ ഭരണമുന്നണി വിട്ട് പ്രതിപക്ഷത്താണെന്ന് പറഞ്ഞിട്ട് കാര്യമില്ല. – അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.