• HOME
  • »
  • NEWS
  • »
  • kerala
  • »
  • KC JOSEPH COMES IN SUPPORT OF RAMESH CHENNITHALA MM TV

'കഴിഞ്ഞ സർക്കാരിനെ മുൾമുനയിൽ നിർത്തിയ രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ആർക്കും വേണ്ട': കെ.സി. ജോസഫ്

ഉമ്മൻ ചാണ്ടിയെ പൂർണ്ണമായും പിന്തുണച്ച് രമേശ് ചെന്നിത്തല കോട്ടയത്തെ വേദിയിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെ കെ.സി. ജോസഫ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത്

കെ.സി. ജോസഫ്

കെ.സി. ജോസഫ്

  • Share this:
ഉമ്മൻ ചാണ്ടിയെ പൂർണ്ണമായും പിന്തുണച്ച് രമേശ് ചെന്നിത്തല കോട്ടയത്തെ വേദിയിൽ സംസാരിച്ചതിന് തൊട്ടുപിന്നാലെ കെ.സി. ജോസഫ് രമേശ് ചെന്നിത്തലയെ പിന്തുണച്ച് രംഗത്ത്. നാട്ടകം സുരേഷ് ഡിസിസി അധ്യക്ഷൻ ആയി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു നേരത്തെ ശത്രുക്കളായിരുന്ന ഇരുപക്ഷവും ഒരുമിച്ചത്. എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ചു എന്ന് വളരെ പ്രകടമാകുന്ന വേദിയായിരുന്നു കോട്ടയത്ത് ഉണ്ടായത്.

കഴിഞ്ഞ അഞ്ചു കൊല്ലക്കാലം മികച്ച പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയത്. എല്ലാവരും മറന്നു പോയിക്കാണും. അസാമാന്യ പ്രവർത്തനമായിരുന്നു അന്ന് രമേശ് ചെന്നിത്തല നടത്തിയത്. പാർലമെന്ററി പാർട്ടി നേതാവായി രമേശ് ചെന്നിത്തലയും പ്രതിപക്ഷ ഉപനേതാവായി താനുമായിരുന്നു പ്രവർത്തിച്ചത്. അത് ഒരിക്കലും എനിക്ക് മറക്കാൻ ആകില്ല.  കോവിഡ് കാലത്ത്  രണ്ട് വർഷക്കാലം സർക്കാറിനെ മുൾമുനയിൽ നിർത്തിയുള്ള ആരോപണങ്ങൾ ആണ് രമേശ് ചെന്നിത്തല മുന്നിൽ കൊണ്ടുവന്നത്.

ആരോപണങ്ങൾ ഒന്നൊന്നായി നിർത്തി ഉത്തരം പറയാൻ സാധിക്കാത്ത നിലയിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ രമേശ് ചെന്നിത്തല മെയ് 2 കഴിഞ്ഞപ്പോൾ എല്ലാ പരാജയത്തിനും ഉത്തരവാദിയായി മാറുന്ന ദയനീയ കാഴ്ചയാണ് കണ്ടത് എന്ന് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടുന്നു.



കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് ചിത്രം കൂടിയാണ് ഇവിടെ ഉണ്ടായത്. കോട്ടയം ഡി.സി.സി. അധ്യക്ഷനായി നാട്ടകം സുരേഷ് ചുമതലയേറ്റ വേദിയിലാണ് നിർണായകമായ രാഷ്ട്രീയ പ്രസംഗങ്ങൾ ഉണ്ടായത്. രമേശ് ചെന്നിത്തല വെടി പൊട്ടിച്ചതിന്  തൊട്ടുപിന്നാലെ   കെ.സി. ജോസഫ് വേദിയിലെത്തി കെ.പി.സി.സി. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പ്രസംഗിച്ചതും ശ്രദ്ധേയമായി. ഉമ്മൻചാണ്ടിയെ പൂർണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു രമേശ് ചെന്നിത്തല വേദിയിൽ സംസാരിച്ചത്. തൊട്ടുപിന്നാലെ എത്തിയ കെ.സി. ജോസഫും പൂർണ്ണമായും ഉമ്മൻചാണ്ടിയുടെ പക്ഷത്തുനിന്ന് ആഞ്ഞടിച്ചു.

ഡി.സി.സി. അധ്യക്ഷൻമാരെ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ഉമ്മൻചാണ്ടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ ആക്രമണം ഉണ്ടായതായി കെ.സി. ജോസഫ് ചൂണ്ടിക്കാട്ടി. കോൺഗ്രസിലെ പുതിയൊരു ശൈലിയായി ഇത് മാറിയിട്ടുണ്ട്. എന്നാൽ അത്യന്തം ആക്ഷേപിക്കുന്ന തരത്തിലാണ് ഉമ്മൻ ചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് കെ.സി. ജോസഫ് പറയുന്നു. ഇതിനെതിരെ പ്രതികരിക്കാൻ ആരും രംഗത്ത് വന്നില്ല.

ശത്രുക്കളുടെ ഭാഗത്ത് നിന്നല്ല ഉമ്മൻ ചാണ്ടിക്കെതിരെ ആക്രമണം ഉണ്ടായത് എന്ന് ചൂണ്ടിക്കാട്ടി സ്വന്തം പാളയത്തിൽ ഉള്ളവരെ ഉന്നം വെച്ചാണ് കെ.സി. ജോസഫ് സംസാരിച്ചത്. ചിലരുടെ ഏജന്റ്മാർ പണം കൊടുത്ത് ആക്രമണത്തിന് നീക്കം നടത്തുകയായിരുന്നു എന്ന് കെ.സി. ജോസഫ് ആരോപിക്കുന്നു. വളരെ മോശമായ ആക്രമണമാണ് സമൂഹമാധ്യമങ്ങൾ വഴി ഉണ്ടായത്.

ഇതിനെ എതിർക്കാൻ പാർട്ടിയും മുന്നോട്ടു വന്നിട്ടില്ല എന്ന് ജോസഫ് ചൂണ്ടിക്കാട്ടുന്നു. ഇത് നടത്തിയവർക്കെതിരെ വിശദീകരണം ചോദിക്കാൻ പോലും പാർട്ടി തയ്യാറായിട്ടില്ല എന്നും കെ.സി. ജോസഫ് പറയുന്നു. അച്ചടക്കനടപടി വൺവേ ട്രാഫിക് ആകാൻ പാടില്ല എന്നാണ് കെ.സി. ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ശിവദാസൻ നായർക്കെതിരെ വേഗത്തിൽ നടപടി എടുത്ത പാർട്ടിയാണ് ഇത് എന്നും ജോസഫ് നേതൃത്വത്തെ ഓർമിപ്പിക്കുന്നു.
Published by:user_57
First published:
)}