• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'നിയമസഭാ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടം'; ഗ്രൂപ്പ് അതിപ്രസരം വേണ്ടെന്നും കെ.സി വേണുഗോപാൽ

'നിയമസഭാ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടം'; ഗ്രൂപ്പ് അതിപ്രസരം വേണ്ടെന്നും കെ.സി വേണുഗോപാൽ

തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ക്ക് താഴെ തലത്തില്‍ പരിഹാരമായോ എന്ന പരിശോധനയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്.

KC Venugopal

KC Venugopal

  • Share this:
    കൊച്ചി: നിയമസഭ തെരത്തെടുപ്പ് ജീവന്‍ മരണ പോരാട്ടമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഗ്രൂപ്പ് അതിപ്രസരം ഇപ്പോള്‍ വേണ്ടെന്നും പാര്‍ട്ടി ഉണ്ടെങ്കിലേ ഗ്രൂപ്പ് ഉള്ളൂവെന്നും വേണുഗോപാല്‍ പറഞ്ഞു. എറണാകുളത്ത് ഡിസിസി പ്രസിഡന്റുമാരുടെയും ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തിലാണ് കെ.സി വേണുഗോപാലിന്റെ നിര്‍ദേശം.

    തദ്ദേശ തെരഞ്ഞെടുപ്പിലെ വീഴ്ചകള്‍ക്ക് താഴെ തലത്തില്‍ പരിഹാരമായോ എന്ന പരിശോധനയാണ് പ്രധാനമായും യോഗത്തില്‍ നടന്നത്.  വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നിന്നുള്ളവര്‍ വിശദീകരിച്ചു. നിയമസഭ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ എത്രത്തോളം സജ്ജമാണെന്ന പ്രാഥമിക വിലയിരുത്തലും യോഗം നടത്തി.

    Also Read കോൺഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനം പുതുമുഖങ്ങള്‍; വിജയസാധ്യത മാനദണ്ഡമെന്ന് താരിഖ് അൻവർ

    യോഗത്തില്‍ പ്രസംഗിക്കവെയാണ് വേണുഗോപാല്‍ ഈ തെരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണെന്നു
    സൂചിപ്പിച്ചത്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുന്‍പും ഗ്രൂപ്പല്ല വിജയസാധ്യതയാണ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മാനദണ്ഡമെന്ന് വേണുഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

    ബൂത്ത് തലപ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തുന്ന ഭാരവാഹികളെ യും ചുമതലയുള്ള ജില്ലാതല നേതാക്കളെയും മാറ്റുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

    ബൂത്ത് കമ്മിറ്റി ഈമാസം 20നകം പുനസംഘടിപ്പിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കേന്ദ്ര നേതാക്കള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഉടന്‍ ഭവന സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുത്താന്‍ പദയാത്രകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

    Aloso Read 'ആചാര ലംഘകർക്ക് രണ്ടു വർഷം തടവ്'; നിയമസഭ തെരഞ്ഞെടുപ്പിൽ ശബരിമല ബ്രഹ്മാസ്ത്രമാക്കി യുഡിഎഫ്

    നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥികളായി 50 ശതമാനം പുതുമുഖങ്ങളെ പരിഗണിക്കുമെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍തൂക്കം ലഭിക്കും. മുതിര്‍ന്ന നേതാക്കള്‍ക്കും അര്‍ഹമായ പരിഗണന നൽകും. വിജയസാധ്യത ആയിരിക്കും പ്രധാന മാനദണ്ഡം. മികച്ച പ്രതിച്ഛായ ഉള്ളവരെയും പാര്‍ട്ടിക്കും ജനത്തിനും സേവനം നല്‍കിയവരെയും മാത്രമാകും പരിഗണിക്കുക. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ഉടനെ ചേരും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ ഈ ആഴ്ചതന്നെ ആരംഭിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

    കേരളത്തിലെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം എല്ലാ രംഗത്തും പരാജയമായിരുന്നു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി അഴിമതി കേസുകള്‍ സര്‍ക്കാര്‍ നേരിടുകയാണ്. ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമെന്നും താരിഖ് അൻവർ പറഞ്ഞു.

    സമൂഹത്തിലെ  എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതായിരിക്കും തെരഞ്ഞെടുപ്പ് പ്രകടനപത്രിക.  ഇതിനായി ശശി തരൂര്‍ എംപിയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളുടെ അഭിപ്രായങ്ങൾ തേടും. കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുമായി നേരിട്ടു സംവദിക്കും. ഇവരുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാകും പ്രകടന പത്രികയ്ക്ക് രൂപം നൽകുക.

    സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും താരിഖ് അൻവർ ആരോപിച്ചു. ബിജെപിയെ പോലെ സിപിഎമ്മും കോണ്‍ഗ്രസിന്റെ തകര്‍ച്ചയാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രത്തിന് ഒരു സംഭാവനയും നല്‍കാത്ത പാര്‍ട്ടിയാണു ബിജെപി. പാര്‍ട്ടിയെന്നതിന് അപ്പുറം കോണ്‍ഗ്രസ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച പ്രസ്ഥാനമാണ്. എല്ലാവര്‍ക്കുമായാണു കോണ്‍ഗ്രസ് നിലകൊള്ളുന്നത്. എല്ലാ വിഭാഗങ്ങളെയും ഞങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
    Published by:Aneesh Anirudhan
    First published: